ഒരു മര്യാദ വേണ്ടേ? ഇങ്ങനെ അടിവാങ്ങല്ലേ; കൊൽക്കത്തയുടെ സ്റ്റാർ ബൗളറെ ട്രോളി സോഷ്യൽ മീഡിയ
IPL
ഒരു മര്യാദ വേണ്ടേ? ഇങ്ങനെ അടിവാങ്ങല്ലേ; കൊൽക്കത്തയുടെ സ്റ്റാർ ബൗളറെ ട്രോളി സോഷ്യൽ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd April 2023, 9:13 am

പഞ്ചാബ് കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിജയം വരിക്കാൻ പഞ്ചാബിനായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് സ്വന്തമാക്കിയിരുന്നു. ശേഷം വിജയ ലക്ഷ്യമായ 192 റൺസ് പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 146 റൺസെടുത്ത് നിൽക്കെ മഴമൂലം ഡക്ക് വർത്ത് ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തിൽ പഞ്ചാബ് മത്സരം വിജയിക്കുകയായിരുന്നു.

എന്നാൽ മത്സരം അവസാനിച്ചതിന് ശേഷം കൊൽക്കത്തയുടെ സ്റ്റാർ പേസറായ ടിം സൗത്തിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്.

കൊൽക്കത്തക്കായി നാല് ഓവർ ബൗൾ ചെയ്ത സൗത്തി 54 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ട് വിക്കറ്റ് നേടിയെങ്കിലും ഓവറിൽ പതിമൂന്നര റൺസിലേറെ വിട്ടുകൊടുത്തതോടെയാണ് ടിം സൗത്തിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിട്ടുള്ളത്.

“ടി-20യിൽ സൗത്തി അശോക് ദിൻഡ അക്കാദമി ബൗളറാണ്,’ “ഇതൊക്കെയാണ് ശരിക്കും എക്സ്പെൻസീവ് ബൗളർ,’ “റൺ മെഷീൻ സൗത്തി സ്ഥലത്തെത്തിയിട്ടുണ്ട്,

‘ “ഹാഫ് സെഞ്ച്വറി നേടിയ ടിം സൗത്തിക്ക് അഭിനന്ദനങ്ങൾ,’ തുടങ്ങി നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമാണ് താരത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടത്.

അതേസമയം ഏപ്രിൽ രണ്ടിന് സൺ‌ റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലും ആർ.സി.ബിയും മുംബൈ ഇന്ത്യൻസും തമ്മിലുമാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ അടുത്ത മത്സരം.

Content Highlights:social media trolls KKR pacer Tim Southee for his spell