| Friday, 10th March 2017, 10:43 pm

'ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഇനി ഹൈന്ദവ സഹോദരങ്ങള്‍'; അങ്കമാലി ഡയറീസിന് വര്‍ഗീയ നിരൂപണമെഴുതിയ ജനം ടി.വിയെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോള്‍ ചിത്രത്തെ കുറിച്ച് വര്‍ഗീയമായ നിരൂപണം പ്രസിദ്ധീകരിച്ച സംഘപരിവാര്‍ മാധ്യമമായ ജനം ടി.വി സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത് വന്‍ വിമര്‍ശനം. ചിത്രം ക്രിസ്തുമത ആശയങ്ങള്‍ നിശബ്ദമായി പ്രചരിപ്പിക്കുകയാണെന്നായിരുന്നു ജനം ടി.വിയുടെ നിരൂപണം. അങ്കമാലിയിലെ ക്രിസ്ത്യന്‍ പള്ളികളെ കാണിക്കുന്ന ചിത്രത്തില്‍ അമ്പലങ്ങളെ കാണിച്ചില്ലെന്ന വിചിത്രവാദവുമുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ വര്‍ഗീയത നിറഞ്ഞ നിരൂപണം പ്രസിദ്ധീകരിച്ച ജനം ടി.വിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം തിരിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗൗരവമായ രീതിയില്‍ ജനം ടി.വിയെ വിമര്‍ശിക്കുന്ന പല പോസ്റ്റുകള്‍ ഉണ്ടെങ്കിലും പതിവ് പോലെ വിമര്‍ശന ട്രോളുകള്‍ തന്നെയാണ് ശ്രദ്ധേയമാകുന്നത്.

മലയാളത്തിലിറങ്ങിയ പല ചിത്രങ്ങളുടേയും പേര് ജനം ടി.വിയുടെ കണ്ണില്‍ എങ്ങനെയാണ് എന്ന തരത്തിലുള്ള ട്രോളുകളാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിന്റെ പേര് “ഹൈന്ദവ സഹോദരങ്ങള്‍” എന്നാണ് ട്രോളന്‍മാര്‍ മാറ്റിയെഴുതിയത്. ഇത് കൂടാതെ നസ്രാണിയെ നമ്പൂതിരിയും, ചാര്‍ലിയെ ചന്ദ്രനുമെല്ലാമാക്കി മാറ്റിയാണ് ട്രോളന്‍മാര്‍ ജനം ടി.വിയ്ക്ക് “ഐക്യദാര്‍ഡ്യം” പ്രഖ്യാപിച്ചത്.

ചില സിനിമാ കഥാപാത്രങ്ങളുടെ പേരുകളും ജനം ടി.വിയ്ക്ക് വേണ്ടി മാറ്റിയിട്ടുണ്ട് ട്രോളന്‍മാര്‍. ആട് തോമയെ പശു സോമനും, ആനക്കാട്ടില്‍ ഈപ്പച്ചനെ പശുത്തൊഴുത്തില്‍ പൊന്നപ്പനും, ടോണി “കുരിശി”ങ്കലിനെ ഉണ്ണി “അമ്പ”ഴങ്ങലുമെല്ലാമാക്കിയപ്പോള്‍ വിമര്‍ശനങ്ങള്‍ ചിരിയ്ക്കും വഴി തെളിച്ചു.


Also Read: മോദി തരംഗവും ബി.ജെ.പി കൊടുങ്കാറ്റുമൊന്നുമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണകക്ഷിയ്‌ക്കെതിരായ ജനരോഷം 


മോഹന്‍ലാല്‍ ചത്രമായ ദൃശ്യത്തില്‍ പള്ളിയിലെ ധ്യാനം കാണിക്കുന്നുണ്ടെങ്കിലും അമ്പലത്തിലെ ഭജന കാണിക്കാത്തത് വിമര്‍ശനാര്‍ഹമാണെന്നാണ് ജനം ടി.വിയ്ക്ക് വേണ്ടി ട്രോളന്‍മാര്‍ എഴുതിയ നിരൂപണം. കൂടാതെ, ഹിന്ദുവായ വരുണിനെ ക്രിസ്റ്റ്യാനിയായ ജോര്‍ജ്ജ് കുട്ടി കൊല്ലുന്നതാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നും യഥാര്‍ത്ഥ നായകന്‍ വരുണ്‍ ആണെന്നും ട്രോളില്‍ പറയുന്നു.

ഇത്ര സൂക്ഷ്മമായി താന്‍ പോലും അങ്കമാലി ഡയറീസിനെ കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പരിഹാസരൂപത്തില്‍ ജനം ടി.വിയുടെ നിരൂപണത്തോട് പ്രതികരിച്ചത്.
ട്രോളുകള്‍ കാണാം:

We use cookies to give you the best possible experience. Learn more