വാഹനം മോഡിഫൈ ചെയ്തതിന്റെ പേരില്‍ വിവാദത്തിലായ യൂട്യൂബ് വ്‌ളോഗര്‍മാരാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. മോഡിഫൈ ചെയ്ത വാഹനം എം.വി.ഡി പിടിച്ചെടുത്തതിന് പിന്നാലെ കേരളം കത്തിക്കണമെന്നു തുടങ്ങിയ കലാപാഹ്വാനങ്ങളുയര്‍ത്തിയും ഇവര്‍ രംഗത്ത് വന്നിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇ ബുള്‍ജെറ്റ് രംഗത്തെത്തിയിരുന്നത്. സിനിമയുടെ പ്രൊമോഷന് വേണ്ടി വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.
‘എം.വി.ഡി ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം.
പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല’ എന്നായിരുന്നു ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍, ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ട്രോളന്മാര്‍ വീണ്ടും ഇ ബുള്‍ജെറ്റിനെ ‘ഏറ്റെടുത്തിരിക്കുകയാണ്’. ഇതു കൂടാതെ അവരുടെ ഫേസ്ബുക്ക് പോസ്റ്റിലും കമന്റുകള്‍ നിറയുകയാണ്.
നിരവധി പേര്‍ ഇ ബുള്‍ജെറ്റിനെ പരിഹസിച്ചു കൊണ്ടാണ് കമന്റുകളിടുന്നത്. ‘ഇന്ന് രാത്രി മഴ പെയ്യണേ, അല്ലെങ്കില്‍ കേരളം നിന്ന് കത്തും’, ‘സ്‌കൂള്‍ തുറന്ന സ്ഥിതിക്ക് കേരളം കത്തിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ വരും’ തുടങ്ങിയ കമന്റുകളാണ് ഭൂരിഭാഗം ആളുകളും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കുറച്ച് ആളുകള്‍ ഇ ബുള്‍ ജെറ്റിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഒരേ നാട്ടില്‍ രണ്ട് നിയമം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
എന്നാല്‍, വിവാദങ്ങള്‍ക്ക് മറുപടിയുമായി കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.
നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്.
പാലക്കാട് ആര്‍.ടി.ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാര്‍ പറഞ്ഞു.