| Friday, 8th April 2022, 9:25 pm

നിങ്ങളിവിടെ പുതിയതാണല്ലേ, ഞാന്‍ നേരത്തെ ഉണ്ട്; ചെന്നൈയേയും മുംബൈയേയും സണ്‍റൈസേഴ്‌സിനേയും ഒന്നിച്ച് എയറിലാക്കി ട്രോളന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആവേശം അലയടിച്ചുകൊണ്ടിരിക്കെ മുന്‍ ചാമ്പ്യന്‍മാരെ ഒന്നിച്ച് എയറില്‍ കയറ്റി ട്രോളന്‍മാര്‍. അഞ്ച് തവണ കപ്പ് നേടിയ മുംബൈ ഇന്ത്യന്‍സും നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഒറ്റത്തവണ ഐ.പി.എല്ലിന്റെ നെറുകയിലെത്തിയ ഓറഞ്ച് ആര്‍മിയുമാണ് ട്രോളന്‍മാരുടെ പ്രധാന ഇരകള്‍.

കളിച്ച മത്സരം മുഴുവനും തോറ്റതിന് പിന്നാലെയാണ് മൂന്ന് ടീമുകളേയും ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങുമെന്നത് പതിവാണ്, രണ്ട് കളി തോറ്റ മുംബൈയെ കൂടുതല്‍ പേടിക്കണം, തോറ്റുനില്‍ക്കുന്ന തലയേയും പിള്ളേരെയും കൂടുതല്‍ പേടിക്കണം തുടങ്ങിയ ഫാന്‍ ബോയ്‌സിന്റെ ക്യാച്ച് ഫ്രെയ്‌സുകളാണ് ട്രോളന്‍മാരുടെ പ്രധാന ആയുധം.

ചെന്നൈയെക്കാളും മുംബൈയെക്കാളും ഒരു മയത്തിലാണ് സണ്‍റൈസേഴ്‌സിന് ട്രോളുകള്‍ ലഭിക്കുന്നത്. മുന്‍ സീസണുകളിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായതിനാലാവാം സണ്‍റൈസേഴ്‌സിനെ മയത്തില്‍ ട്രോളുന്നത്.

ജയിച്ചാലും തോറ്റാലും കുഴപ്പമില്ല, വില്ലിച്ചായന്റെ ചിരി കണ്ടാല്‍ മതി എന്നു പറയുന്ന ആരാധകരേയും ട്രോളന്‍മാര്‍ വെറുതെ വിടുന്നില്ല.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് മുംബൈയും ചെന്നൈയും ഇത്രയും ദയനീയമായി ഐ.പി.എല്‍ തുടങ്ങുന്നത്. 2012ന് ശേഷം ആദ്യ മത്സരം ജയിക്കാത്ത മുബൈ തുടര്‍ന്നുള്ള മത്സരങ്ങലെങ്കിലും ജയിക്കാറുണ്ടായിരുന്നു. പക്ഷേ, ഈ സീസണില്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.

ചെന്നൈയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല, തുടര്‍ച്ചയായ മൂന്ന് കളികളും തോറ്റുകൊണ്ട് തുടങ്ങുന്നതും ഇതാദ്യമാണ്.

മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ എട്ടാമതാണ് ചെന്നൈ. മുംബൈയെക്കാള്‍ നെറ്റ് റണ്‍റേറ്റ് കൂടുതലുള്ളതിനാലാണ് ചെന്നൈ മുംബൈയ്ക്ക് മുകളില്‍ എത്തിയിരിക്കുന്നത്.

-1.257 ആണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെറ്റ് റണ്‍റേറ്റ്. പോയിന്റ് പട്ടികയില്‍ ഒമ്പതാമതുള്ള മുംബൈ ഇന്ത്യന്‍സിന് -1.362 ആണ് റണ്‍റേറ്റ്.

ഇരു ടീമുകളേക്കാളും ഒരു മത്സരം കുറവാണ് സണ്‍റൈസേഴ്‌സ് കളിച്ചിടിടുള്ളത്. കളിച്ച രണ്ട് മത്സരവും തോറ്റ് -1.825 എന്ന റണ്‍ നിരക്കിലാണ് ടീം പത്താം സ്ഥാനത്ത് തുടരുന്നത്.

സണ്‍റൈസേഴ്‌സാണ് അടുത്ത മത്സരത്തില്‍ ചെന്നൈയുടെ എതിരാളികള്‍. ഇതോടെ ഏതെങ്കിലും ഒരു ടീം പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനോടാണ് മുംബൈയുടെ അടുത്ത മത്സരം. ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ മുംബൈയ്ക്ക് ജയം അനിവാര്യമാണ്.

Content Highlight: Social Media Trolls Chennai Super Kings, Mumbai Indians, and Sunrisers Hyderabad

We use cookies to give you the best possible experience. Learn more