ഗുവാഹത്തി: ക്രിസ്മസ് ദിനത്തില്‍ ഏതെങ്കിലും ഹിന്ദുക്കള്‍ പള്ളിയില്‍ പോയാല്‍ അവരെ തല്ലിയോടിക്കുമെന്ന് ഭീഷണി മുഴക്കിയ ബജ്‌റംഗ് ദളിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ‘ഹിന്ദു ഖതരേ മേം ഹേ'(ഹിന്ദു അപകടത്തിലാണ്) എന്ന സംഘപരിവാറിന്റെ പ്രധാന മുദ്രാവാക്യം തന്നെയാണ് ബജ്‌റംഗ് ദളിനെതിരെ നിരവധി പേര്‍ പ്രയോഗിക്കുന്നത്. ഇപ്പോഴാണ് ഹിന്ദു ശരിക്കും അപകടത്തിലായതെന്ന് ഇവര്‍ പറയുന്നു.
അസമിലെ കച്ചര്‍ ജില്ലാ ബജ്റംഗ് ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ‘ക്രിസ്തുമസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോയാല്‍ അവരെ തല്ലിയൊതുക്കും. ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുയാണ്. എന്നിട്ട് നമ്മള്‍ പോയി അവരോടൊപ്പം ആഘോഷിക്കുന്നു. ഇത് ഞങ്ങള്‍ അനുവദിക്കില്ല.’ ശനിയാഴ്ച പ്രദേശത്ത് നടന്ന ഒരു പരിപാടിയില്‍ വെച്ച് മിഥുന്‍ പറഞ്ഞു.
ഈ പ്രസ്താവനക്കെതിരെയാണ് ഇപ്പോള്‍ വ്യാപക വിമര്‍ശനമുയരുന്നത്. ഹിന്ദുക്കളെ ശരിക്കുംഅപകടത്തിലാക്കുന്നത് ഇത്തരക്കാരണെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ഹിന്ദു മതസ്ഥരായ പലരും തങ്ങള്‍ ആഘോഷിച്ച ക്രിസ്തുമസിന്റെ ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്.
‘ഹലോ ബജ്‌റംഗ് ദള്‍, ഇങ്ങനെയാണ് ഞങ്ങള്‍ മുഖര്‍ജിമാര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. ചിലപ്പോഴെല്ലാം ക്രിസ്മസ് രാത്രികളില്‍ പള്ളിയിലും പോകാറുമുണ്ട്. പിന്നെ ഒന്നു കൂടി കേട്ടോളൂ, ഞങ്ങള്‍ ദര്‍ഗകളും സന്ദര്‍ശിക്കാറുണ്ട്. നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ഒന്നു കാണട്ടേ.’ ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ മുഖര്‍ജിയെന്നയാള്‍ ട്വീറ്റ് ചെയ്യുന്നു.
മാധ്യമങ്ങള്‍ തങ്ങളെ കുറിച്ച് എന്തു പറഞ്ഞാലും ഗുണ്ടാ ഗാങ് എന്നു വിളിച്ചാലും ഒരു പ്രശ്നവുമില്ലെന്നും മിഥുന്‍ നാഥ് പറഞ്ഞിരുന്നു. ”ഡിസംബര്‍ 26ലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ എങ്ങനെയാകുമെന്ന് എനിക്കറിയാം. ‘ഓറിയന്റല്‍ സ്‌കൂളിനു നേരെ ബജ്റംഗ് ദള്‍ ഗുണ്ടകളുടെ ആക്രമണം’ എന്നായിരിക്കും എല്ലാ പത്രങ്ങളും പറയുക. പക്ഷെ അതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. ഷില്ലോംഗില്‍ ക്ഷേത്രങ്ങളുടെ വാതിലുകള്‍ അവര്‍ അടച്ചു പൂട്ടുമ്പോള്‍ ഇവിടെ അവരുടെ ക്രിസ്തുമസ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ല.” മിഥുന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ നമ്മളെ ഗുണ്ടാ ഗാങ് എന്നു വിളിക്കുന്നു. അതില്‍ ശരിക്കും അഭിമാനം കൊള്ളുകയാണ് വേണ്ടത്. നമ്മുടെ ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ നമ്മള്‍ ഗുണ്ടകളാകും. അതില്‍ അഭിമാനം മാത്രമേയുള്ളുവെന്നും മിഥുന്‍ പറഞ്ഞു.