| Thursday, 2nd November 2017, 5:53 pm

'കടലോളം ഉണ്ടായിട്ടും എന്തിനാണു നക്കി കുടിക്കുന്നത് കോരി കുടിച്ചൂടെ?' നികുതി വെട്ടിപ്പ് ആരോപണങ്ങളെ പരിഹസിച്ച അമലാ പോളിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ പരിഹസിച്ച് നടി അമല പോള്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമല ആരോപണത്തെ പരിഹസച്ചത്. എന്നാല്‍ അമലയുടെ പോസ്റ്റിന് സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടാണ് സ്വീകരണമൊരുക്കിയത്.

“”ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളില്‍ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്. അതിനായി ഒരു ബോട്ട് യാത്രയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചര്‍ച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ ? “” എന്നായിരുന്നു അമലയുടെ പോസ്റ്റ്.

ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.” 20 ലക്ഷം രൂപ നികുതി വെട്ടിച്ച് ആരും അറിയാതെ ജീവിക്കുമ്പോള്‍ ഇങ്ങനെ കണ്ടുപിടിച്ച് നാണംകെടുത്തുന്നത് എന്തൊരു കഷ്ടമാണ്.” എന്നായിരുന്നു ഒരു കമന്റ്.

അഭിനയിച്ചിട്ട് പൈസ കിട്ടാതൊന്നും ഇല്ലല്ലോ? സാധാരണക്കാരന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ജോലി ചെയ്താല്‍ കിട്ടാത്ത അത്രയും പണം അമലാ പോളേ നിങ്ങക്കെല്ലാം മൂന്ന് അല്ലേല്‍ നാലു മാസം കൊണ്ട് തീരുന്ന സിനിമാ ഷെഡ്യൂളില്‍ കിട്ടുന്നില്ലേ…
കടലോളം ഉണ്ടായിട്ടും എന്തിന്നാണു നക്കി കുടിക്കുന്നത് കോരി കുടിച്ചൂടെ?. എന്നിങ്ങനെയാണ് കമന്റുകള്‍ പോകുന്നത്.

നടി അമലാപോള്‍ ഇരുപത് ലക്ഷത്തോളം റോഡ് നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തല്‍. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.


Also Read: കമല്‍ഹാസന്റെ മാനസികനില തെറ്റിയിരിക്കുകയാണ്, ചികിത്സ വേണം; താരം മാപ്പു പറയണമെന്നും ബി.ജെ.പി നേതാവ്


കാറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പറഞ്ഞത്. അമല ഉപയോഗിക്കുന്ന എ ക്ലാസ് ബെന്‍സാണ് പോണ്ടിച്ചേരി രജിസ്ട്രഷനില്‍ കേരളത്തില്‍ ഓടുന്നത്. പോണ്ടിച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.

പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം.എന്നാല്‍ ഈ രണ്ട് കാര്യങ്ങളും ഇവിടെ നടന്നിട്ടില്ലെ. കാര്‍ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്യുകയാണെങ്കില്‍ ഇരുപത് ലക്ഷത്തോളം രൂപ റോഡ് നികുതിയിനത്തില്‍ അമല അടയ്ക്കണം. ഇതിനാലാണ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്തതെന്നാണ് ആരോപണം.

1300 ഓളം വാഹനങ്ങല്‍ ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്യുകയും കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.





We use cookies to give you the best possible experience. Learn more