| Sunday, 27th June 2021, 3:44 pm

വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണമെന്ന് ഉണ്ണി മുകുന്ദന്‍; ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം രൂക്ഷം. വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിനടിയില്‍ നിരവധി പേരാണ് ഉണ്ണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം.

ചെലോരു വല്യ പൊട്ടിടും. ചെലോരു ഇടത്തില്ല. ചെലോരു മസ്സില്‍ വരുത്തും, ചെലോരു വരുത്തൂല. ബേസിക്കലി ചോയ്‌സ് ആണ്. പിന്നെ സ്ത്രീകളെല്ലാരും അച്ചീവേഴ്സ് ആകണമെന്ന് ആര്‍ക്കാണിത്ര വാശിയെന്നും സ്വാതന്ത്ര്യ ദിന റാലിയില്‍ അഭ്യാസപ്രകടനം കാണിച്ചാല്‍ ആഹാ പെണ്ണ്, ശാക്തീകരണം. ഒറ്റയ്ക്ക് ഇഷ്ടമുള്ളവണ്ണം ജീവിച്ചാല്‍ ശാക്തീകരണം പോയി. പോക്ക് കേസായെന്നും ചിലര്‍ കമന്റ് ചെയ്തു.

വലിയ പൊട്ട്, അത് തൊടുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്നും അതും ശാക്തീകരണവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഉണ്ണിയ്ക്ക് ചിലര്‍ മറുപടി നല്‍കി.

വലിയ പൊട്ട് ഇടണം എന്ന് തോന്നുന്നവര്‍ അത് ഇടും. സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവര്‍ അതും നേടും. സ്ത്രീകളുടെ സ്വാതന്ത്ര്യം കയ്യില്‍ വച്ചു അളന്നു കൊടുക്കാന്‍ ഉണ്ണിയോട് ആരാ പറഞ്ഞത്. നാളെ ഉണ്ണിയോട്, മസ്സിലും പെരുപ്പിച്ചു നടക്കുന്നതിലല്ല വേറെ വല്യ സ്വപ്നങ്ങളില്‍ ആണ് കാര്യം എന്ന് ആരേലും പറഞ്ഞാലോ എന്നും ചിലര്‍ കമന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വര്‍ക്കല എസ്.ഐ. കൂടിയായ ആനി ശിവ തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധിപേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ‘ഒരു ജീവിതകാലത്തെ മുഴുവന്‍ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകള്‍ ഒരു സിനിമാക്കഥയില്‍ ആണെങ്കില്‍ എഴുന്നേറ്റു നിന്ന് നമ്മള്‍ കയ്യടിക്കും’- വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വന്തം വീട്ടുകാരാല്‍ തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 18ാമത്തെ വയസില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആനി ശിവ 14 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി ജോലി നോക്കുകയാണ്.

ആദ്യം കറിപൗഡറും സോപ്പും വീടുകളില്‍ കൊണ്ടു നടന്ന് കച്ചവടം നടത്തുകയും പിന്നീട് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ടും റെക്കോര്‍ഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവ വേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പം കൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനും പോയാണ് സോഷ്യോളജിയില്‍ ബിരുദം നേടുന്നത്.

2014ല്‍ ആണ് സുഹൃത്തിന്റെ പ്രേരണയില്‍ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേരുന്നത്. വനിതാ തസ്തികയിലേക്കും പരീക്ഷയെഴുതി. 2016ല്‍ വനിതാ പൊലീസ് ആയി ജോലി കിട്ടി. 2019ല്‍ എസ്.ഐ. പരീക്ഷയിലും വിജയിച്ചു. പരിശീലനത്തിന് ശേഷം 2021 ജൂണ്‍ 25ന് വര്‍ക്കലയില്‍ എസ്.ഐ. ആയി ആദ്യനിയമനം ലഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Social Media Trolls Aganist Unni Mukundan On His Misogynist Comment

We use cookies to give you the best possible experience. Learn more