മലയാള സിനിമയിലെ നടന്മാര്‍ അടുത്തിടയായി ഗെറ്റപ്പില്‍ യാതൊരുവിധ മാറ്റങ്ങളും വരുത്താറിലെന്ന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സിനി ഫൈല്‍ എന്ന മൂവി ഗ്രൂപ്പില്‍ ജില്‍ ജോയ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ എന്നിങ്ങനെയുള്ള താരങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ വാദം മുമ്പോട്ട് വെക്കുന്നത്.
പല നടന്മാരും എല്ലാ സിനിമയിലും ഒരേ ഗെറ്റപ്പ് തന്നെയാണ് പിന്തുടരുന്നതെന്നും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ലാലേട്ടനുമൊക്കെ അങ്ങനെ തന്നെയാണെന്നും, സുരാജ് വെഞ്ഞാറമൂടിന്റെ കാര്യം പിന്നെ പറയേണ്ടതില്ലെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘ഇപ്പോഴുള്ള പല നടന്മാരും ഒരേ ഗെറ്റപ്പ് എല്ലാ സിനിമകളിലും തുടരുന്നത് സ്ഥിരം കാഴ്ചയാണ്. കടുവ ആയാലും കാപ്പ ആയാലും രാജുവിന് വന്ന മാറ്റം ആ കറുത്ത കുറിയാണ്. ബിഗ് ബോസായാലും മോണ്‍സ്റ്റര്‍ ഉള്‍പ്പടെയുള്ള സിനിമകളായാലും ലാലേട്ടന് പ്രേത്യേകിച്ച് ഒരു ഗെറ്റപ്പ് ചേഞ്ചുമില്ല.
ഉണ്ണി മുകുന്ദന്‍ അവസാനം ചെയ്ത മൂന്നു ചിത്രങ്ങളിലും ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളിലും ഗെറ്റപ്പ് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലായെന്ന് തോന്നുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ കാര്യം പറയുന്നില്ല. ചെറിയ രീതിയില്‍ അരോചകമാണ് ഈ കാഴ്ച,’ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളത്തില്‍ എന്നും പല ഗെറ്റപ്പില്‍ വരുന്ന ഒരേയൊരു നടന്‍ മമ്മൂട്ടി മാത്രമാണ്, മോഹന്‍ലാലിന് എലോണ്‍ സിനിമയില്‍ ചെയ്ഞ്ചുണ്ട്, മോണ്‍സ്റ്ററില്‍ സിഖ് കാരനായി അഭിനയിച്ചതുകൊണ്ടാണ് മാറ്റം വരുത്താത്തത്, ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിച്ച് ഫ്‌ളോ കളയല്ലേ തുടങ്ങിയുള്ള കമന്റുകളും വരുന്നുണ്ട്.
തുടര്‍ച്ചയായി മോഹന്‍ലാല്‍ സിനിമകള്‍ക്കെതിരെ ഇത്തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് മലയാള സിനിമയിലെ എല്ലാ താരങ്ങള്‍ക്കുമെതിരെ ഇത്തരത്തിലുള്ളൊരു വിമര്‍ശനവുമായി സിനിമാ പ്രേമികള്‍ രംഗത്തുവരുന്നത്.
content highlight: social media trolls against malayalam stars