'എന്തിനാ ഇങ്ങനെ തള്ളുന്നെ'; ന്നാ താന്‍ കേസ് കൊട് 25 കോടി പോസ്റ്ററിനെ ട്രോളി സോഷ്യല്‍ മീഡിയ
Entertainment news
'എന്തിനാ ഇങ്ങനെ തള്ളുന്നെ'; ന്നാ താന്‍ കേസ് കൊട് 25 കോടി പോസ്റ്ററിനെ ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 11:54 am

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ന്നാ താന്‍ കേസ് കൊട് തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കുഞ്ചാക്കോ ബോബന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന റെക്കോഡിലേക്ക് മുന്നേറുകയാണ് കേസ് കൊട്.

എന്നാല്‍ ചിത്രം 25കോടി കളക്ഷന്‍ അഞ്ച് ദിവസം കൊണ്ട് നേടിയെന്ന പോസ്റ്ററാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.

പക്ഷെ സിനിമക്ക് 25 കോടി കളക്ഷന്‍ ലഭിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. കേരളത്തില്‍ മാത്രം റിലീസ് ചെയ്ത ചിത്രം എങ്ങനെയാണ് അഞ്ച് ദിവസം കൊണ്ട് ഇത്രയും കളക്ഷന്‍ നേടുന്നതെന്നാണ് പലരും പോസ്റ്ററിന് കമന്റ് ആയി ചോദിക്കുന്നത്.

പ്രൊമോഷന്‍ ഫിഗര്‍ ആണെങ്കിലും ഒരു മയത്തിലൊക്കെ തള്ളിക്കൂടെ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ആ?ഗ?സ്റ്റ് 18നാണ് ചിത്രം ജി.സി.സിയില്‍ റിലീസ് ചെയ്യുക.

സിനിമ രണ്ട് ദിനം കൊണ്ട് നേടിയ കളക്ഷന്‍
അഞ്ച് കോടി ആണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു അങ്ങനെ എങ്കില്‍ അഞ്ച് ദിവസത്തെ കളക്ഷന്‍ 25 കോടിയിലേക്ക് എത്തിയതിന്റെ മാജിക്ക് എന്താണെന്ന് പറയണമെന്ന്ആ വശ്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ.

നല്ല അഭിപ്രായമുള്ള സിനിമക്ക് എന്തിനാണ് കോടി കണക്ക് പറഞ്ഞ് ആളുകളെ തിയേറ്ററില്‍ എത്തിക്കേണ്ട ആവശ്യമെന്നും ചോദിക്കുന്നവരുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് കേസ് കൊട് സംവിധാനം ചെയ്തിരിക്കുന്നത്.
ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയുടെ തിയേറ്റര്‍ പോസ്റ്ററുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.

ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

കാസര്‍ഗോഡാണ് ന്നാ താന്‍ കേസ് കൊടിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവര്‍ത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മല്‍ രാജീവന്‍.

ഹോസ്ദുര്‍ഗില്‍ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവന്‍ ചെന്നെത്തുന്നത് ചീമേനിയില്‍ ആണ്.

ആ നാട്ടില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാവുകയും അവള്‍ക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നതും മോഷണം നിര്‍ത്തി ജീവിക്കുമ്പോള്‍ അപ്രത്യക്ഷിതമായി ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്ന് അപകടത്തിന് കാരണക്കാരായവരെ നിയമം വഴി രാജീവന്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Content Highlight: Social Media trolling Nna Thaan Case Kodu team for 25 Crore poster