ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തുവന്ന ഹിറ്റ് ചിത്രം കടുവ കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങിയത്. 50 കോടിയോളം രൂപ കളക്ഷനായി തിയേറ്ററുകളില്‍ നിന്നും ചിത്രം നേടിയിരുന്നു. ചിത്രം തിയേറ്ററില്‍ കണ്ടപ്പോള്‍ പ്രേക്ഷകരില്‍ പലരും ചൂണ്ടിക്കാണിച്ച ഒന്നായിരുന്നു സീനുകളില്‍ അനാവശ്യമായി കടന്നു വരുന്ന ലൈറ്റ് ഗ്ലയറുകള്‍.
ചിത്രം ഒ.ടി.ടി സ്ട്രീമിങ് തുടങ്ങിയ ശേഷവും ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്തിനാണ് ഈ ലൈറ്റ് ഗ്ലയര്‍ ഉപയോഗിച്ചത് എന്നാണ് ചിത്രം ഒ.ടി.ടിയില്‍ കണ്ടവര്‍ ചോദിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും മോശമായി തോന്നിയത് ഇതാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തണ്ടേയെന്നും, ബൈബിള്‍ വചനങ്ങള്‍ പറയുന്ന സീനുകളില്‍ ഒക്കെ തന്നെ ഒരു ദൈവികത ഫീല്‍ കൊണ്ടുവരാനാണ് അത് ചെയ്തത് എന്നുമായിരുന്നു ലൈറ്റ് ഗ്ലയറുകള്‍ അരോചകമായി എന്ന വിമര്‍ശനത്തോട് ഷാജി കൈലാസ് പ്രതികരിച്ചത്. ഇത് കൂടുതല്‍ ഉപയോഗിച്ചിരുന്നില്ല, അമല്‍ നീരദ് ചിത്രങ്ങളിലാണ് ആദ്യം കണ്ടത് എന്നും ഷാജി കൈലാസ് മുമ്പ് പറഞ്ഞിരുന്നു.
‘ഒരു ബ്ലൂ സ്റ്റിക്ക് ഉപയോഗിച്ചാണ് ആ ഗ്ലയര്‍ ഉണ്ടാക്കിയത്. നമ്മള്‍ എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തിയില്ല എങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകില്ല. ഒരു ഷോട്ട് കാണിച്ചിട്ട് കാര്യമില്ല. ഇന്‍ഡോര്‍ സീനുകളില്‍ ഗ്ലയര്‍ മസ്റ്റ് ആയിട്ട് വേണം. ഒരു ഗ്രയിസ് ആയിക്കോട്ടെ എന്ന് കരുതിയാണ് അത് ചെയ്തത്. നടന്നു വരുമ്പോള്‍ ഒക്കെ അത് ഇട്ടിട്ടുണ്ട്. അമല്‍ നീരദ് സിനിമളിലാണ് ഇത് ആദ്യം കാണുന്നത്. നമ്മുടെ സിനിമകള്‍ വിമര്‍ശിക്കപ്പെടണം എന്നാല്‍ മാത്രമേ നമുക്ക് അത് നന്നായി വരു.’ എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.
എന്തായാലും ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങിയ ശേഷം ട്രോള്‍ മഴയാണ് ചിത്രത്തിന് ലഭിക്കുന്നത്. മിക്ക സിനിമാ ഗ്രൂപ്പുകളും സിനിമയെ കുറിച്ചുള്ള ചാര്‍ച്ചകള്‍ പുരോഗാമിക്കുകയാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.