| Thursday, 21st July 2022, 7:57 pm

'സോണിയാജിക്ക് കഞ്ചാവ് കച്ചോടാണോ...?' വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.

സോണിയ ഗാന്ധിക്ക് പിന്തുണ അറിയിച്ചിട്ട പോസ്റ്റാണ് വി.ടി. ബല്‍റാമിനെതിരെ വന്‍ തോതിലുള്ള ട്രോളിന് വഴിയൊരുക്കിയത്.

മുമ്പ് സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇ.ഡി ചോദ്യം ചെയ്യലുമായി ബന്ധപ്പട്ട് വി.ടി. ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റിലെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ ഇപ്പോള്‍ വ്യാപകമായി പ്രയോഗിക്കുന്നത്.

‘എല്ലാവരുടെ വാതിലിലും ഇ.ഡി വരും’ എന്ന കമന്റിന് മറുപടിയായി ‘ പിന്നേ ഇന്നാട്ടിലെ എല്ലാവര്‍ക്കും കഞ്ചാവ് കച്ചോടാണല്ലോ പണി’ എന്നായിരുന്നു വി.ടി. ബല്‍റാമിന്റെ മറുപടി.

ഈ കമന്റിന് ക്യാപ്ഷനായി ‘സോണിയാജിക്ക് കഞ്ചാവ് കച്ചോടാണോ..? ‘ എന്നും ‘കേരള ഇ.ഡി സിന്ദാബാദ്.. ദില്ലി ഇ.ഡി മൂര്‍ദാബാദ്.. ?’ തുടങ്ങിയ ചോദ്യങ്ങളാണ് വി.ടിക്കെതിരായി പ്രയോഗിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഇ.ഡി. ഓഫീസിലെത്തിയിരുന്നു. മകള്‍ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്ന് ദല്‍ഹിയിലെ ഇ.ഡി. ഓഫീസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിരുന്നു. എ.ഐ.സി.സി ആസ്ഥാനത്തിന് ചുറ്റും അണികള്‍ തടിച്ചുകൂടിയിരുന്നു.

ഇ.ഡി ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിക്കുമെന്ന് ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ട്രെയിന്‍ തടയല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

നേരത്തെ ഇതേ കേസില്‍ രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. കൊവിഡും മറ്റ് ശാരീരിക അസ്വസ്ഥതകളുമുള്ളതിനാല്‍ ഹാജരാവുന്നതിന് സോണിയ ഗാന്ധി ഇ.ഡിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 21ന് ഹാജരാകണമെന്ന പുതിയ സമന്‍സ് ഇ.ഡി അയച്ചത്.

Content Highlight : Social media trolled Vt Balram’s Facebook post

We use cookies to give you the best possible experience. Learn more