| Saturday, 2nd March 2024, 5:50 pm

ഇനിയെങ്ങാനും ഇവന്‍ എന്നെയും ചെമ്പ് തന്ന് പറ്റിച്ചോ?; ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം ചെമ്പാണെന്ന റിപ്പോര്‍ട്ടില്‍ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി എം.പി സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടം ചെമ്പാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ അഭിഷേകം. മകളുടെ വിവാഹത്തോട് അനുബന്ധിച്ച് നേതാവ് സമര്‍പ്പിച്ച കിരീടം സ്വര്‍ണമാണെന്ന് അവകാശവാദമുണ്ടായിരുന്നു.

എന്നാല്‍ കിരീടം സ്വര്‍ണമല്ലെന്നും ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്നും സഭാ അധികൃതര്‍ പറഞ്ഞതായി ജനയുഗം റിപ്പോര്‍ട്ട് ചെയ്തു. കിരീടം ആറ് ഗ്രാമിന് താഴെയാണെന്നാണ് പള്ളിയുടെ പാരിഷ് കൗണ്‍സില്‍ വിലയിരുത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് വ്യക്തമായ മൂല്യനിര്‍ണയം നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയ ട്രോളുകൊണ്ട് കിരീടം അണിയിക്കുകയാണ്. വ്യാപകമായ വിമര്‍ശനവും പരിഹാസവുമാണ് ബി.ജെ.പി നേതാവിനെതിരെ നിലവില്‍ ഉയരുന്നത്.

സ്വന്തമായി കുന്നംകുളം ഉള്ളതുകൊണ്ട് പുറത്തുനിന്ന് ആരും വന്ന് പറ്റിക്കില്ല എന്നൊരു അഹങ്കാരം തൃശ്ശൂര്‍കാര്‍ക്ക് ഉണ്ടായിരുന്നുവെന്നും ആ ചിന്തയിപ്പോള്‍ കൊല്ലംകാരനായ സുരേഷ് ഗോപി തച്ചുടച്ചുവെന്നും റാം കുമാര്‍ എസ്. ഫേസ്ബുക്കില്‍ കുറിച്ചു.

ടാക്‌സ് വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വണ്ടി രജിസ്റ്റര്‍ ചെയ്തപ്പോള്‍ സുരേഷ് ഗോപി വെട്ടിപ്പ് ഗോപിയായെന്നും പദയാത്ര നടത്തി ചുമച്ച് പാത തുപ്പിയപ്പോള്‍ നേതാവ് പത ഗോപിയായെന്നും സ്വര്‍ണ കിരീടം എന്നുപറഞ്ഞ് മാതാവിന് ചെമ്പ് കിരീടം നല്‍കിയപ്പോള്‍ സുരേഷ് ഗോപി ചെമ്പ് ഗോപി ആയെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

സുരേഷ് ഗോപി പൊന്മുട്ടയിടുന്ന തട്ടാന്‍ ആണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. താളമേളങ്ങളോടെ അകമ്പടിയോടെ സഹായം ചെയ്യുന്ന ബി.ജെ.പി നേതാവ് തൃശ്ശൂര്‍ക്കാര്‍ക്കിടയില്‍ പ്രാഞ്ചി ഗോപിയായി മാറിയിരിക്കുകയാണ് എന്നും സമൂഹ മാധ്യമങ്ങള്‍ വിമര്‍ശിച്ചു.

അതേസമയം ഈ വാര്‍ത്ത തൃശ്ശൂരിലെ സംഘികള്‍ തന്നെ അച്ചടിക്കുന്നതാണെന്നും പരിശോധനയില്‍ കിരീടം സ്വര്‍ണമാണെന്ന് തെളിയുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹതാപ വോട്ട് നേടാനുള്ള പദ്ധതിയാണ് ഇതെന്നും വിമര്‍ശകര്‍ പറയുന്നു.

പള്ളിയില്‍ കിരീടം സമര്‍പ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരേഷ് ഗോപി ഒരു തളിക സമ്മാനമായി നല്‍കിയിരുന്നു. സംഭവം സ്വര്‍ണമാണെന്ന് അപ്പോഴും വാദം ഉണ്ടായിരുന്നു. എന്നാല്‍ ഈ സമ്മാനദാനത്തെയും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റും കൊണ്ട് ജീവിക്കുന്ന തന്നെ ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണ തളിക നല്‍കി പറ്റിച്ചോയെന്ന് സുരേഷ് ഗോപിയോട് മോദി ചോദിക്കാന്‍ സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

തൃശ്ശൂര്‍ എടുക്കാന്‍ വന്ന എടുപ്പ് ഗോപിക്ക് ഇതെല്ലം താങ്ങാന്‍ കഴിയുമോയെന്നും ട്രോളി ക്ഷീണിതനായ വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.

Content Highlight: Social media trolled to the report that the crown offered by Suresh Gopi at Lourdes Church is copper

We use cookies to give you the best possible experience. Learn more