ന്യൂദല്‍ഹി: ഗാന്ധി പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമ ഫ്ലോപ്പായതുകൊണ്ട് ലോകം യഥാര്‍ത്ഥ മോദിയെ തിരിച്ചറിഞ്ഞില്ലെന്നാണ് വിമര്‍ശനം.
1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനമുയര്‍ന്നത്.
പിഎം നരേന്ദ്ര മോദി ചര്‍ച്ച ചെയ്യപ്പെടാതെ പോയതിനാലും സിനിമയിലെ ഉള്ളടക്കങ്ങള്‍ ആളുകളിലേക്ക് വ്യാപകമായി എത്താതിരുന്നതിനാലും റിയല്‍ മോദിയെ ലോകം അറിയാതെ പോയി. ഒരുപക്ഷെ സിനിമ വിജയിച്ചിരുന്നെങ്കില്‍, വളച്ചൊടിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നേനെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇസ്രഈലിന് സമാനമായ രാഷ്ട്രീയ അജണ്ടയാണ് പരാജയപ്പെട്ട പിഎം നരേന്ദ്ര മോദിയിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈര്‍ എക്സില്‍ കുറിച്ചു.
This is Israel level Propaganda.
Flop Movie name : “PM Narendra Modi” by Vivek Oberoi.pic.twitter.com/8qUF63GNiK
‘ഇന്ത്യക്കാര്‍ പോലും മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല. മോദിയുടെ ജീവചരിത്രം പറഞ്ഞ സിനിമ ബോക്‌സ് ഓഫീസില്‍ ഒരു ദുരന്തവും. ആളുകള്‍ക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരു സിനിമ എടുത്തിരുന്നെങ്കില്‍ പ്രധാനമന്ത്രി പദവിയില്‍ മോദി തുടരണമോയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിച്ചേനെ,’ എന്നായിരുന്നു ഗോട്ടെ ഗോപാലകൃഷണ യാദവ് എന്ന പ്രൊഫൈലില്‍ നിന്നുവന്ന പ്രതികരണം.
‘മഹാത്മാഗാന്ധി ആരാണെന്ന് സിനിമ കാണാതെ തന്നെ ലോകത്തിന് അറിയാം. മഹാത്മാഗാന്ധിയെക്കുറിച്ച് വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിക്ക് എന്തറിയാം. മഹാത്മാഗാന്ധി ലോകത്തിന് പ്രചോദനമാണ്,’ എന്നിങ്ങനെയാണ് മറ്റൊരു പ്രതികരണം.
ഇതിനുപുറമെ പിഎം നരേന്ദ്ര മോദി റിലീസ് ചെയ്തതുകൊണ്ടും ഹെലികോപ്റ്ററില്‍ ലോകം ചുറ്റിയതുകൊണ്ടും മോദിയെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലോകമറിഞ്ഞുവെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ പപ്പു നരേന്ദ്ര മോദിയെണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
അനിരുദ്ധ് ചൗളയും വിവേക് ഒബ്റോയിയും ചേര്‍ന്ന് തിരക്കഥയെഴുതി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത് 2019ല്‍ ഹിന്ദി ഭാഷയില്‍ റിലീസ് ചെയ്ത സിനിമയാണ് പിഎം നരേന്ദ്ര മോദി. ലെജന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുരേഷ് ഒബ്റോയ്, സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
2019 മെയ് 24ന് ഇന്ത്യയിലെ തിയേറ്ററുകളില്‍ റീലിസ് ചെയ്ത ഈ സിനിമയില്‍ മോദിയായി അഭിനയിച്ചത് വിവേക് ഒബ്റോയിയാണ്. എന്നാല്‍ സിനിമ പ്രേക്ഷകരില്‍ നിന്ന് കനത്ത വിമര്‍ശനം ഏറ്റുവാങ്ങി. ഒബ്റോയിയുടെ അഭിനയത്തിനെതിരെയും നിരൂപകര്‍ രംഗത്തെത്തിയിരുന്നു.
വാര്‍ത്താ ചാനലായ എ.ബി.പിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരമാര്‍ശം. മഹാത്മാഗാന്ധി ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നെങ്കിലും ലോകം അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മോദി അഭിമുഖത്തില്‍ അവകാശപ്പെട്ടത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഗാന്ധിക്ക് ആഗോളതലത്തില്‍ അംഗീകാരം നല്‍കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമല്ലേയെന്നും മോദി ചോദിച്ചിരുന്നു.
Content Highlight: social media trolled prime minister narenda modi