| Sunday, 27th February 2022, 3:58 pm

പോസ്റ്ററില്‍ 'മോസ്റ്റ് നോണ്‍വയലന്റ് ഇന്‍വെസ്റ്റിഗേറ്റര്‍'; വയലന്റ് സേതുരാമയ്യരെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ കാത്തരിക്കുന്ന ഒരു പിടി ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അതിലൊന്നാണ് സി.ബി.ഐ അഞ്ചാം ഭാഗം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു.

മുടി പുറകിലേക്ക് ചീകി കുറി തൊട്ട് പഴയ സേതുരാമയ്യരുടെ ലുക്കില്‍ തന്നെയാണ് മമ്മൂട്ടി എത്തുന്നത്. സി.ബി.ഐ 5 ദി ബ്രെയ്ന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ദി മോസ്റ്റ് നോണ്‍വയലന്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ഇന്‍ ദി വേള്‍ഡ് എന്നാണ് മോഷന്‍ പോസ്റ്ററില്‍ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. എന്നാലിപ്പോള്‍ ക്യാപ്ഷന്‍ തെറ്റാണെന്ന കണ്ടുപിടുത്തമാണ് സോഷ്യല്‍ മീഡിയ നടത്തുന്നത്.

പഴയ സി.ബി.ഐ ചിത്രങ്ങളിലെ സേതുരാമയ്യരുടെ വയലന്റ് മൊമന്റ്‌സാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്.

2004 ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സി.ബി.ഐയില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സായ് കുമാര്‍ അവതരിപ്പിക്കുന്ന ജി.വൈ.എസ്.പി സത്യദാസിന്റെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്.

കൂടാതെ 1989 ല്‍ പുറത്തിറങ്ങിയ ജാഗ്രതയില്‍ സേതുരാമയ്യരും ബാബു അന്റണി അവതരിപ്പിച്ച ബാബു എന്ന കഥാപാത്രവും തമ്മില്‍ ഒരു ഫൈറ്റ് സീന്‍ തന്നെയുണ്ട്.

1988 ല്‍ പുറത്തു വന്ന ആദ്യ സി.ബി.ഐ സീരിസായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്ന ജോണിയുടെ കഥാപാത്രത്തേയും സേതുരാമയ്യര്‍ തല്ലുന്നുണ്ട്.

പഴയ രംഗങ്ങല്‍ ഓര്‍മിപ്പിച്ച ഇതാണോ നോണ്‍വയലന്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ഇന്‍ ദി വേള്‍ഡ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

‘സി.ബി.ഐ. ദി ബ്രെയ്ന്‍’ എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം ഭാഗത്തിന്റെയും സംവിധാനം നിര്‍വഹിക്കുന്നത് കെ. മധു തന്നെയാണ്.

രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.


Content Highlight: social media troll on cbi 5

Latest Stories

We use cookies to give you the best possible experience. Learn more