| Sunday, 19th May 2019, 11:21 am

ചിന്‍ അപ്, ഒരു പൊടിക് ഡൗണ്‍, ഐസ് ക്ലോസ്; ക്യാമറമാനെയും കൂട്ടിയുള്ള മോദിയുടെ ധ്യാനത്തെ ട്രോളി സോഷ്യല്‍ മീഡിയ ; ട്രോളുകള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേദാര്‍നാഥില്‍ ‘ധ്യാന’ത്തിന് പോയി ഫോട്ടോ പുറത്ത് വിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സോഷ്യല്‍ മീഡിയ. മോദിയുടെ ഹൈടെക്ക് ധ്യാനമാണ് ഇന്ന് ട്രോളന്മാരുടെ പ്രധാനവിഷയം.

സൂത്രന്റെയും ഷേരുവിന്റെയും ഗുഹയ്ക്കുള്ളില്‍ കയറികൂടിയ മോദി, മൂക്ക് മുട്ടിച്ച് മോദിയെ ഗുഹയില്‍ കയറ്റുക, തുടങ്ങി നിരവധി ട്രോളുകളും ട്രോള്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ധ്യാനത്തിന് പോയ മോദി ക്യാമറമാനെയും കൂടെ കൂട്ടിയതിനെയും ട്രോളന്മാര്‍ വെറുതെ വിട്ടിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കേയാണ് മോദി കേദാര്‍നാഥിലെത്തി അവിടെനിന്നുള്ള ഫോട്ടോകള്‍ പുറത്തുവിട്ടത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയില്‍പ്പോയി തപസ്സിരിക്കുന്നതിന്റെയും മഞ്ഞുപാതയില്‍ക്കൂടി നടക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ക്യാമറാപേഴ്‌സണൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നുണ്ട്.

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഞായാറാഴ്ച നടക്കാനിരിക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്.

വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ മോദി അവിടെ പൂജകള്‍ നടത്തി. കേദാര്‍നാഥിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശനം നടത്തുന്നത്.

കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചയോടെയാകും അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കുക. ഞായാറാഴ്ച രാത്രിയോടെ തന്നെ തിരികെ ദല്‍ഹിയിലെത്തുകയും ചെയ്യും. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഇരുക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ട്രോളുകള്‍ കാണാം.

We use cookies to give you the best possible experience. Learn more