| Tuesday, 31st January 2017, 10:52 am

'ആടിനെ അനുസ്മരിക്കുന്ന കടുവ','കീരിക്കാടനെ പ്രണമിക്കുന്ന സേതു': ഗാന്ധിജിയെ അനുസ്മരിച്ച കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവന്തപുരം: ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച ബി.ജെ.പിയെയും കുമ്മനത്തെയും ട്രോളി സോഷ്യല്‍ മീഡിയ. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോദ്‌സെ വെടിവെച്ചു കൊന്ന ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ ആര്‍.എസ്.എസ് നേതാവിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിനെ പരിഹസിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച സംഘപരിവാറിനെ പരിഹസിച്ചുള്ള മാധ്യമത്തിലെ കാര്‍ട്ടൂണിസ്റ്റായ വി.ആര്‍ രാഗേഷിന്റെ കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ആടിന്റെ ചിത്രത്തിനു താഴെ അനുസ്മരണം എന്നെഴുതിയ ബോര്‍ഡ്, ദു:ഖത്തോടെ പ്രസംഗിക്കുന്ന കടുവ, വേദിയില്‍ കണ്ണടച്ച് തലതാഴ്ത്തി, കണ്ണീര്‍ പൊഴിക്കുന്ന കുറുക്കനും ചെന്നായയും ഇരിക്കുന്നതുമാണ് കാര്‍ട്ടൂണില്‍.

ഗാന്ധി ചിത്രത്തില്‍ പ്രണാമം മഹാത്മാ എന്ന കുറിപ്പും തൊട്ടുമുമ്പില്‍ മൈക്കിനുമുന്നില്‍ പ്രസംഗിക്കുന്ന കുമ്മനം വേദിയിലിരിക്കുന്ന ഒ.രാജഗോപാലനുമൊക്കെ അടങ്ങിയതാണ് ബി.ജെ.പിയുടെ ഗാന്ധി അനുസ്മരണ പരിപാടിയുടെ ചിത്രം. കാര്‍ട്ടൂണും കുമ്മനത്തിന്റെ ഈ ചിത്രവും “ക്ലോസ് ഇനഫ്” എന്ന കുറിപ്പോടെ ഷെയര്‍ ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

“നിശബ്ദം, തീവ്രവുമായ കാര്‍ട്ടൂണ്‍ എന്നാണ് സോഷ്യല്‍ മീഡിയ വി.ആര്‍ രാഗേഷിന്റെ കാര്‍ട്ടൂണിനെ വിശേഷിപ്പിച്ചത്. കാലിക പ്രസക്തമായ വിഷയം വളരെ ശക്തമായി അവതരിപ്പിച്ചു എന്നും വിലയിരുത്തലുകളുണ്ട്.

കീരിക്കാടന്‍ അനുസ്മരണം സംഘടിപ്പിക്കുന്ന സേതുമാധവനോടും, ഈപ്പച്ചനെ അനുസ്മരിക്കുന്ന കടയാടി ബേബിയോടുമൊക്കെ കുമ്മനത്തെ ഉപമിക്കുന്ന ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

ഗാന്ധിജിയെ വധിച്ച ഗോദ്‌സെ ആര്‍.എസ്.എസുകാരനായിരുന്നെന്ന് ഗോദ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോദ്‌സെ വെളിപ്പെടുത്തിയിരുന്നു. ഗാന്ധി വധത്തിനുശേഷം ആര്‍.എസ്.എസ് വലിയ പ്രതിസന്ധിയിലായതുകൊണ്ടാണ് നാഥുറാം ആര്‍.എസ്.എസ് വിട്ടെന്ന് മൊഴി നല്‍കിയത് എന്നായിരുന്നു ഗോപാല്‍ ഗോദ്‌സെ ഫ്രണ്ട്‌ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


Related: നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസ് വിട്ടിരുന്നില്ല; ഗോഡ്‌സെയുടെ സഹോദരന്റെ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം 


ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ് മധുരപലഹാര വിതരണം നടയത്തിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒ.എന്‍.വിയുടെ ലേഖനം അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. 1991 ഫെബ്രുവരി 10ന് കലാകൗമുദിയില്‍ ഒ.എന്‍.വി എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്.

സെക്രട്ടറിയേറ്റിനു മുമ്പിലാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന ധര്‍ണ്ണയുടെ ഭാഗമായായിരുന്നു പരിപാടി.

Latest Stories

We use cookies to give you the best possible experience. Learn more