| Friday, 11th December 2020, 12:53 pm

'ഇനി യുദ്ധത്തിന് വേണ്ട കുതിരകളെയും ആനകളെയും വിലക്ക് വാങ്ങണം'; 1921നായി 'മെഗാ' സെറ്റും സ്വന്തമായി 6k ക്യാമറയും വാങ്ങിയ അലി അക്ബറിനെ ട്രോളി സോഷ്യല്‍മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘1921’എന്ന പേരില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയെന്നു പറഞ്ഞുകൊണ്ടുള്ള സംവിധായകന്‍ അലി അക്ബറിന്റെ പോസ്റ്റിനെതിരെ പരിഹാസവുമായി സോഷ്യല്‍മീഡിയ.

ഒരു സിനിമ സംവിധാനം ചെയ്യാനായി സ്വന്തമായി 6 കെ ക്യാമറ വാങ്ങിയ അലി അക്ബറിന്റെ ചേതോവികാരമാണ് ട്രോളന്‍മാര്‍ ചോദ്യം ചെയ്യുന്നത്. ഒരു സിനിമ ചെയ്യാന്‍ എന്തിനാണ് സ്വന്തമായി ക്യാമറ വാങ്ങുന്നതെന്നും വാടകയ്ക്ക് എടുത്താല്‍ പോരേയെന്നും ചിലര്‍ ചോദിക്കുന്നു. ‘ഇനി യുദ്ധത്തിന് വണ്ട കുതിരകളേയും ആനകളേയും കൂടി വിലയ്ക്ക് വാങ്ങണം’ എന്നാണ് മറ്റു ചിലരുടെ കമന്റുകള്‍.

ചിത്രത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്‌ലോര്‍ ഉയരുകയാണെന്ന് പറഞ്ഞുകൊണ്ട് അലി അക്ബര്‍ ഷെയര്‍ ചെയ്ത ചിത്രത്തിനെതിരെയും വലിയ ട്രോളുകളാണ് ഉയരുന്നത്. ഇതിന് പുറമെ സിനിമയ്ക്കായി 80 ഓളം ഖുക്രി കത്തികളും തയ്യാറാക്കിയിട്ടുണ്ടെന്നും കത്തി താന്‍ തന്നെയാണ് ഡിസൈന്‍ ചെയ്തതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

ബ്രഹ്മാണ്ഡ സെറ്റില്‍ ഒരുക്കുന്ന സിനിമ എത്തിയാല്‍ രാജമൗലി ഔട്ടാകുമോ, ക്യാമറ കല്യാണ ഷൂട്ടിംഗിനായി വാങ്ങിയതാണോ, രണ്ട് ജില്ല സെറ്റ് ആക്കേണ്ട, കുറച്ച് സ്ഥലം കുറയ്ക്കാം, പണം പിരിച്ച് പാവങ്ങളെ പറ്റിക്കുകയാണോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്.

ജനങ്ങളില്‍ നിന്നും പണംപിരിച്ചെടുത്താണ് അലി അക്ബര്‍ 1921 എന്ന സിനിമയൊരുക്കുന്നത്. ഇതിനായി നിര്‍മ്മിച്ച മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായി നേരത്തെ അലി അക്ബര്‍ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമറ സ്വന്തമാക്കിയ കാര്യം അലി അക്ബര്‍ അറിയിച്ചത്.

ഇതോടെ ഒരു സാധനവും വാടകയ്ക്ക് എടുക്കരുതെന്നും എല്ലാം സ്വന്തം ആയി മേടിക്കണമെന്നും അപ്പൊള്‍ പടം പൊട്ടിയാലും ഇതൊക്കെ വാടകയ്ക്ക് കൊടുത്തു ജീവിക്കാലോ എന്ന കമന്റുകളുമായി ചിലര്‍ എത്തി.

ഷൂ നക്കുന്നത് നല്ല എച്ച്.ഡിയില്‍ കാണണം എന്ന് ഒരുപാട് ആയി ആഗ്രഹിക്കുന്നു. കാലപാനിയില്‍ അന്നത്തെ ക്യാമറയില്‍ ക്ലിയര്‍ കുറവ് ആണ്. ഇതില്‍ എങ്കിലും നമുക്ക് പൊളിക്കണം ജി എന്ന് കമന്റിട്ടവരും ഉണ്ട്.

ചുളുവില്‍ സിനിമയ്ക്ക് വേണ്ട സാധന സാമഗ്രികള്‍ എല്ലാം വാങ്ങി കൂട്ടുകയാണല്ലേയെന്നും രണ്ട് ജോഡി ഷൂസും കൂടി വാങ്ങണമെന്നുമാണ് ചിലര്‍ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ ഒരു സിനിമ എടുക്കുന്നവര്‍ ക്യാമറ ഒക്കെ വാങ്ങി ആണോ ചെയ്യുന്നതെന്നും സത്യത്തില്‍ ഞങ്ങളെ മുതലാക്കുക ആണോ ഇക്കാ എന്ന് ചോദിച്ച് എത്തിയവരും ഉണ്ട്.

6k പ്രദര്‍ശിപ്പിക്കാനുള്ള തിയ്യേറ്റര്‍ കേരളത്തില്‍ ഇല്ല അണ്ണ, ഇതൊക്കെ റെന്റിന് എടുത്ത് ചെയ്തൂടെ എന്ന ചോദ്യത്തിന് കേരളത്തിലല്ലേ ഇല്ലാത്തത് കേരളത്തിന് പുറത്ത് കാണുമല്ലോ എന്ന മറുപടിയും അലി അക്ബര്‍ നല്‍കുന്നുണ്ട്.

ഇതിന് പിന്നാലെ കേരളത്തില്‍ ഉള്ളവരുടെ കാശും വാങ്ങി കേരളത്തിന് പുറത്തുകാണിക്കുന്നത് ശരിയാണോ അണ്ണാ എന്നും അപ്പോള്‍ കേരള സംഘികള്‍ക്ക് പടം കാണാന്‍ ഇനി നാഗ്പൂരില്‍ പോകേണ്ടി വരുമല്ലോ എന്ന കമന്റുകളുമാണ് വരുന്നത്.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

സിനിമയ്ക്ക് മുടക്കുമുതല്‍ കണ്ടെത്താനായി അലി അക്ബര്‍ ആശ്രയിച്ചത് ക്രൗഡ് ഫണ്ടിംഗ് ആയിരുന്നു. പല ഘട്ടങ്ങളിലായി ലഭിച്ച തുക സംബന്ധിച്ച വിവരങ്ങള്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഒടുവിലായി ഒരു കോടി രൂപ കടന്നിരിക്കുന്നുവെന്നാണ് അലി അക്ബര്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social Media Troll Ali Akbar 1921 Film

We use cookies to give you the best possible experience. Learn more