വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ രംഗത്തെത്തിയതോടെ ചാകരയായയത് ട്രോളന്മാര്‍ക്ക്. മോഹന്‍ലാല്‍ നിലപാട് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി – സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും ട്രോള്‍ ഏറ്റുവാങ്ങുകയാണ്.
മോഹന്‍ലാലിന്റെ തന്നെ സിനിമയിലെ രംഗങ്ങള്‍ എടുത്ത് കൊണ്ട് രസകരമായ ഡയലോഗുകള്‍ ചേര്‍ത്തു കൊണ്ടാണ് ഓരോ ട്രോളും.
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നിലപാട് പറഞ്ഞ് രംഗത്തെത്തിയത്. “രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല”. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി.
കഴിഞ്ഞ സെപ്തംബറില്‍ ജന്മാഷ്ടമി നാളില്‍ തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണങ്ങള്‍ ഉണ്ടായത്.
കേന്ദ്രത്തിന്റെ പത്മഭുഷണ്‍ അവാര്‍ഡ് കൂടി മോഹന്‍ലാലിന് ലഭിച്ചതോടെ ആ പ്രചരണത്തിന് ബലം വെച്ചിരുന്നു. പിന്നാലെ വന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ എല്ലാം തിരുവനന്തപുരത്ത് മോഹല്‍ലാല്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടവയായിരുന്നു. അതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തീര്‍ത്തു പറഞ്ഞ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. ഇതാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്.