| Thursday, 16th June 2022, 4:16 pm

'വിനയ് മേനോന്‍, അനിതാ മേനോന്‍, സുധി നായര്‍, ഇത് ഉന്നത കുലജാതരുടെ സി.ബി.ഐ ഓഫീസ്'; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദ ബ്രെയിന്‍ മേയ് ഒന്നിനായിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ 12 നാണ് നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിങ് തുടങ്ങിയത്. ഒ.ടി.ടി റിലീസോടെ സി.ബി.ഐ വീണ്ടും ചര്‍ച്ചകളിലുയരുകയാണ്.

എന്‍ഗേജിങ്ങല്ലാത്ത തിരക്കഥയും സംവിധാനവും അഭിനയത്തിലെ പാളിച്ചകളുമാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയത്. പതിവ് പോലെ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതില്‍ എടുത്ത് പറയേണ്ട ട്രോളാണ് ചിത്രത്തിലെ സി.ബി.ഐ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍.

അന്‍സിബ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അനിതാ വര്‍മ്മയെന്നും, രമേശ് പിഷാരടിയുടെ കഥാപാത്രത്തിന്റെ പേര് വിനയ് മേനോന്‍ എന്നുമാണ്. പിന്നെ സുധി നായരും ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായി വരുന്നുണ്ട്. ഈ ജാതി വാലുകള്‍ അടങ്ങിയ കഥാപാത്രങ്ങളുടെ പേരിന്റെ ബോര്‍ഡ് കാണിക്കുന്ന രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിക്കുന്നത്. ഇക്കാലത്തും ജാതി വാലുകള്‍ കാണിക്കുന്നത് എന്തിനാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. സ്വര്‍ഗചിത്രയാണ് നിര്‍മാണം. മുകേഷ്, സായ്കുമാര്‍, ജഗതി, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയ താരനിരയാണ് സി.ബി.ഐ ചിത്രത്തില്‍ എത്തിയത്.

Content Highlight : Social media troll against cbi movie character names

We use cookies to give you the best possible experience. Learn more