| Friday, 27th May 2022, 1:58 pm

കെ.കെ. രമയുമായി സൗഹൃദം പങ്കുവെച്ച് സി.പി.ഐ.എം കേന്ദ്ര വനിതാ നേതാക്കള്‍; മാറോട് ചേര്‍ത്ത് സുഭാഷിണി അലി; വൈറലായി ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം ദേശീയ നേതാക്കളും വടകര എം.എല്‍.എ കെ.കെ. രമയും സൗഹൃദം പങ്കുവെക്കുന്നതിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ ദേശീയ വനിതാ സാമാജിക സമ്മേളത്തിനിടെയായിരുന്നു സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സുഭാഷിണി അലി, ബൃന്ദ കാരാട്ട് എന്നിവരുമായി രമ സൗഹൃദം പുതുക്കിയത്. ചിത്രങ്ങള്‍ ഇന്നത്തെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തത്.

സുഭാഷിണി അലിയെ കെട്ടിപ്പിടിച്ച് കെ.കെ. രമ വിതുമ്പുന്ന ചിത്രമാണ് കേരളാ കൗമുദി പങ്കുവെച്ചത്. ‘സംസാരത്തിനിടെ പൊട്ടിക്കരഞ്ഞ രമയെ സുഭാഷിണി അലി ആശ്വസിപ്പിക്കുന്നു’ എന്നാണ് കേരളാ കൗമുദി ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

സുഭാഷിണി അലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിതുമ്പിക്കൊണ്ടാണ് രമ സീറ്റിലേക്ക് മടങ്ങിയത്. രാജ്യത്തെ സ്ത്രീകള്‍ ആത്മാഭിമാനത്തിന് വേണ്ടി പോരാടേണ്ട സമയമാണിതെന്ന് പിന്നീട് നടന്ന ചടങ്ങില്‍ സുഭാഷിണി അലി പറഞ്ഞു.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചിത്രമാണ് മാതൃഭൂമി പത്രത്തില്‍വന്നത്. ‘സ്‌നേഹ സ്പര്‍ശം’ എന്ന ക്യാച്ച് വേര്‍ഡിലാണ് മാതൃഭൂമി ഈ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിലായിരുന്നു വനിതാ നേതാക്കളുടെ കൂടികാഴ്ച.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന ചടങ്ങിന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് തിരിതെളിയിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 120 പേര്‍ പങ്കെടുക്കുന്നുണ്ട്.

സ്പീക്കര്‍ എം.ബി. രാജേഷ്, രാഷ്ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രി ജെ. ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ചിത്രങ്ങൾക്ക് കടപ്പാട് : മാതൃഭൂമി, കേരള  കൗമുദി


CONTENT HIGHLIGHTS: Social media Trends pictures of kk Rema sharing friendship CPIM national leaders

Latest Stories

We use cookies to give you the best possible experience. Learn more