| Sunday, 17th March 2024, 2:36 pm

തങ്കമണിയോട് അഞ്ചക്കള്ളകോക്കാനെ കണ്ടുപഠിക്കാന്‍ പറയുന്ന സോഷ്യല്‍ മീഡിയ; കാളഹസ്തിയുടെ കഥ പറയുന്ന ചിത്രം

വി. ജസ്‌ന

ഈയിടെ ഇറങ്ങുന്ന മലയാള സിനിമകളില്‍ ചിലതൊക്കെ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കഥകളാണ് പറയുന്നത്. അതുമല്ലെങ്കില്‍ ചിത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് എണ്‍പതുകളെയും തൊണ്ണൂറുകളെയും സ്‌ക്രീനില്‍ കൊണ്ടുവരുന്നത് കാണാം.

അത്തരത്തില്‍ വന്ന സിനിമകളാണ് അന്വേഷിപ്പിന്‍ കണ്ടെത്തും, തങ്കമണി, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് ഇവയൊക്കെ. മിഥുന്‍ മാനുവല്‍ തോമസിന്റെ അബ്രഹാം ഓസ്ലറിലും ഒരു ഘട്ടത്തില്‍ പഴയകാലം കാണിക്കുന്നുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ നിരവധി സിനിമകള്‍ വന്നിട്ടുണ്ട്.

എണ്‍പതുകളുടെ അവസാനത്തില്‍ നടക്കുന്ന കഥ പറയുന്ന മറ്റൊരു ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്. പേര് കൊണ്ട് തന്നെ ഏറെ വ്യത്യസ്തമായ ഈ സിനിമ കഥ കൊണ്ടും അവതരണം കൊണ്ടുമെല്ലാം വ്യത്യസ്തമാണ്.

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി.ജെ, മെറിന്‍ ജോസ് പൊറ്റക്കല്‍ തുടങ്ങിയ ഒരു മികച്ച താരനിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ കൂടെയാണ് ഉല്ലാസ്. 1980കളുടെ അവസാനത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍ പറയുന്നത്.

സിനിമ ആ കാലഘട്ടം കാണിക്കുന്ന രീതിയും പ്രശംസ അര്‍ഹിക്കുന്നത് തന്നെയാണ്. ഒരു പഴയ പാട്ടില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് സ്‌ക്രീനില്‍ കാണുന്ന ഓരോ കാര്യങ്ങളും അത്രയേറെ സൂഷ്മതയോടെയാണ് സിനിമയുടെ ആര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്.

കഥ നടക്കുന്ന സ്ഥലത്തിന്റെ പേര് മുതല്‍ കഥാപാത്രങ്ങളുടെ പേരില്‍ വരെ ഈ പഴമ നിലനിര്‍ത്താന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്. കാളഹസ്തിയില്‍ എത്തുന്ന വസുദേവന്‍ എന്ന കഥാപാത്രമാണ് ലുക്മാന്റേത്.

വസുദേവന്‍ കാളഹസ്തിയില്‍ എത്തിയ ശേഷം കാണുന്ന പെട്ടിക്കടയും അവിടെയുള്ള പഴയ മനോരമ പത്രവും റേഡിയോയും പ്രേംനസീറിന്റെ പോസ്റ്ററുകളുമെല്ലാം കഥ നടക്കുന്ന കാലഘട്ടം ഏതാണെന്ന് വ്യക്തമായി കാണിക്കുന്നു. പിന്നീട് അങ്ങോട്ട് പഴയ കലണ്ടറും പാര്‍ട്ടി ഓഫീസിലെ കസേരയും മുതല്‍ മാസികയിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ ഉള്‍പ്പെടെ ആ കാലഘട്ടത്തിന് ചേര്‍ന്നതാണ്.

കാളഹസ്തിയെന്ന സ്ഥലത്തിന്റെ പേര് പോലെ തന്നെ വ്യത്യസ്തമാണ് അവിടെയുള്ള ആളുകളുടെ പേരും. കള്ളനായ ചിപ്പനും തോട്ടം മുതലാളിയായ ചാപ്രയും എസ്.ഐ ഭൈരിയും ഗില്ലാപ്പികളും നടവരമ്പനും കൊള്ളിയാനും കരിവണ്ട് മണിയനും മാവേലിയുമൊക്കെ വളരെ വ്യത്യസ്തമായ പേരുകളാണ്.

എണ്‍പതുകളുടെ കാലഘട്ടം കാണിക്കാന്‍ യെല്ലോ ടോണ്‍ ഉപയോഗിച്ച ചിത്രം ആ കാലഘട്ടത്തെ മനോഹരമായി തന്നെ കാണിക്കുന്നു. ഒപ്പം മൈക്കിള്‍ ജാക്‌സണ്‍ സ്റ്റൈലിലെ ഗില്ലാപ്പികളുടെ ഡാന്‍സുമെല്ലാം ആ സിനിമക്ക് പഴയ കാലഘട്ടത്തിന്റെ ഒരു മികച്ച ഫ്‌ളേവര്‍ തന്നെ നല്‍കുന്നുണ്ട്.

ഇപ്പോള്‍ സിനിമയുടെ റിലീസിന് ശേഷം അതിനോട് ചേര്‍ത്ത് ചര്‍ച്ചയാകുന്നത് ദിലീപിന്റെ തങ്കമണി എന്ന ചിത്രമാണ്. തങ്കമണി സിനിമ തിയേറ്ററില്‍ എത്തിയത് മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചക്കള്ളകോക്കാന്‍ കണ്ടതോടെ തങ്കമണി ആ സിനിമയെ കണ്ടു പഠിക്കണമെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.

മലയാളത്തില്‍ ഒറിജിനലിനെ വെല്ലുന്ന ആര്‍ട്ട് ഡയറക്ഷന്‍ കൊണ്ട് കൈയടി നേടിയ സിനിമകളായിരുന്നു വരിക്കാശ്ശേരി മനയെ കാണിച്ച ഭ്രമയുഗവും യഥാര്‍ത്ഥ ഗുണാ കേവിനെ അതേപടി കൊച്ചിയിലെ ഒരു ഗോഡൗണില്‍ പുനഃസൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സും.

ഇതിനിടയിലാണ് ദിലീപിന്റെ തങ്കമണിയെന്ന സിനിമയെത്തിയത്. 1986ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു തങ്കമണി. അഞ്ചക്കള്ളകോക്കാനും തങ്കമണിക്കും ഒരു ചെറിയ ബന്ധമുണ്ട്.

അഞ്ചക്കള്ളകോക്കാന്‍ കഥ പറയുന്നത് തങ്കമണി സംഭവം നടന്ന കാലഘട്ടത്തിലാണ്. അത് സിനിമയില്‍ ഒരിടത്ത് പറയുന്നുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഉല്ലാസ് ചെമ്പന്റെ അഞ്ചക്കള്ളകോക്കാനും രതീഷ് രഘുനന്ദന്റെ തങ്കമണിയെന്ന സിനിമയും പറയുന്നത് ഒരേ കാലഘട്ടം തന്നെയാണ്.

അവിടെയാണ് അഞ്ചക്കള്ളകോക്കാന്‍ കണ്ട സോഷ്യല്‍ മീഡിയ തങ്കമണി സിനിമയെ കുറിച്ച് പറയുന്നത്. തങ്കമണി തിയേറ്ററിലെത്തിയ ശേഷം സിനിമയിലെ ടെക്നിക്കല്‍ മേഖലക്ക് വന്‍ വിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നത്. അതില്‍ പ്രധാനപ്പെട്ടത് മേക്കപ്പ് ഡിപ്പാര്‍ട്ട്മെന്റായിരുന്നു.

എണ്‍പതുകളുടെ അവസാനം നടക്കുന്ന കഥയില്‍ നായകനും മറ്റുള്ളവര്‍ക്കും നല്‍കിയ വിഗ്ഗിനെ പഴയകാല സിനിമകളിലും രാജാപാര്‍ട്ട് നാടകങ്ങളിലും കാണുന്ന തരത്തിലുള്ള വിഗ്ഗായിരുന്നെന്ന് പലരും വിമര്‍ശിച്ചിരുന്നു. അതുപോലെ ആ കാലഘട്ടം കാണിക്കാനായി കൊണ്ടുവന്ന ലൊക്കേഷനുകളും സെറ്റും ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

അതിനിടയിലാണ് അഞ്ചക്കള്ളകോക്കാന്റെ വരവ്. സിനിമ കാണുന്ന രണ്ട് മണിക്കൂറുകള്‍ ആ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. അവിടെയാണ് തങ്കമണിയോട് അഞ്ചക്കള്ളകോക്കാനെ കണ്ട് പഠിക്കാന്‍ സോഷ്യല്‍ മീഡിയ പറയുന്നത്.


Content Highlight: Social Media Tells Thankamani To Learn From Anchakkallakokkan

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more