| Saturday, 28th May 2022, 6:27 pm

അവന്റെ അച്ഛന്റെ മരണത്തേയും അവനനുഭവിച്ച ദാരിദ്ര്യത്തേയും കളിയാക്കിക്കൊണ്ടല്ല നിങ്ങളുടെ ചീപ്പ് പ്രതികാരം തീര്‍ക്കേണ്ടത്‌; സിറാജിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എക്കാലത്തേയും മികച്ച പേസര്‍ മുഹമ്മദ് സിറാജിനെ സംബന്ധിച്ച് ഐ.പി.എല്‍ 2022 കരിയറിലെ തന്നെ മോശം സീസണായിരുന്നു. തന്നെ വിശ്വസിച്ച് നിലനിര്‍ത്തിയ ടീമിനോടുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ താരത്തിനായില്ല.

കളിച്ച മിക്ക മത്സരത്തിലും താരം ബാറ്റര്‍മാരുടെ കയ്യില്‍ നിന്നും അടിവാങ്ങിക്കൊണ്ടിരുന്നു. ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങുന്ന ബൗളര്‍ എന്ന മോശം റെക്കോഡും ഈ സീസണില്‍ താരത്തിനെ തേടിയെത്തിയിരുന്നു.

പ്ലേ ഓഫ് മത്സരങ്ങളിലും സിറാജിന്റെ ഫോം ഔട്ട് വ്യക്തമായി തന്നെ കാണാമായിരുന്നു. പ്ലേ ഓഫിലെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ് 41 റണ്‍സായിരുന്നു താരം വിട്ടുനല്‍കിയത്.

ഫൈനല്‍ പ്രവേശത്തിനായി രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള രണ്ടാം ക്വാളിഫയറിലും സിറാജിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. കേവലം രണ്ട് ഓവര്‍ മാത്രം എറിഞ്ഞ് 15.50 എക്കോണമിയില്‍ 31 റണ്‍സായിരുന്നു സിറാജ് വഴങ്ങിയത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ തോല്‍ക്കുകയും റോയല്‍ ചാലഞ്ചേഴ്‌സിന് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കാതെയും വന്നതോടെ സിറാജിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ തൊടുത്തുവിട്ടത് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആരാധകര്‍ തന്നെയായിരുന്നു.

സിറാജ് ചെറുപ്പത്തില്‍ അനുഭവിച്ച ദാരിദ്ര്യത്തെയും കഷ്ടപ്പാടിനെയും, താരത്തിന്റെ അച്ഛന്റെ മരണത്തെപ്പോലും കളിയാക്കിക്കൊണ്ടായിരുന്നു ആരാധകര്‍ വിമര്‍ശനമുന്നയിച്ചത്. സിറാജിന്റെ അച്ഛന്‍ മരിച്ചത് എത്രയോ നന്നായി എന്നടക്കം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

എന്നാല്‍, സിറാജിനെതിരായ വിമര്‍ശനം അതിരുകടന്നതോടെ താരത്തിനെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ മുന്‍കാല സ്റ്റാറ്റുകളും കളിമികവും അക്കമിട്ട് നിരത്തിയാണ് ആര്‍.സി.ബി ആരാധകരുടെ ചീപ്പ് പ്രതികാരത്തിന് സോഷ്യല്‍ മീഡിയ മറുപടി നല്‍കിയത്.

കരിയറിന്റെ ആദ്യകാലത്ത് മോശം ഫോം സിറാജിനെ പിന്തുടര്‍ന്ന് വേട്ടയാടിയിരുന്നു. എല്ലാ ബാറ്റര്‍മാരും കണക്കറ്റ് പ്രഹരിച്ച സിറാജിനെ ചെണ്ട സിറാജ് എന്ന് കളിയാക്കി വിളിക്കാനും തുടങ്ങിയിരുന്നു.

എന്നാല്‍, നിരന്തരമായ പരിശ്രമത്തിലൂടെ സിറാജ് തന്നെത്തന്നെ ഉടച്ചുവാര്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബൗളിംഗ് നിരയുടെ നായകത്വം സിറാജിന് തന്നെയായിരുന്നു.

സിറാജിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു കഴിഞ്ഞ സീസണുകളില്‍ പ്ലേ ഓഫിലെത്താന്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ഒരര്‍ത്ഥത്തില്‍ സഹായിച്ചത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് ഫ്രാഞ്ചൈസി താരത്തെ നിലനിര്‍ത്തിയതും.

എന്നാല്‍, ഇതെല്ലാം മറന്നുകൊണ്ട് ഒരു കളിയിലെയോ സീസണിലെയോ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവനെ ക്രൂശിക്കുന്നത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇല്ലാത്തതുകൊണ്ട് തന്നെയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകര്‍ മാന്യത പഠിക്കേണ്ടിയിരിക്കുന്നു.

Content highlight:  Social Media Supports Muhammed Siraj as RCB fans make fun of his father’s death, religion and poverty

We use cookies to give you the best possible experience. Learn more