തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിനെതിരെ സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം.
സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്നും മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ നിശ്ചയിച്ചെന്നും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചെന്നും അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയത്.
മന്ത്രിസഭയുടെ മുഖം തന്നെയായിരുന്നു ശൈലജ ടീച്ചറെന്നും ടീച്ചറെ ഒഴിവാക്കിയത് ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നും അങ്ങനെയെങ്കില്‍ മുഖ്യനെയും ഒഴിവാക്കി പുതുമുഖം വേണമായിരുന്നെന്നുമാണ് ചിലരുടെ പ്രതികരണം.
‘റെക്കോര്‍ഡ് ഭൂരിഭക്ഷത്തില്‍ വിജയിച്ചു. മഹാമാരികളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച് മാതൃക ആയ ആരോഗ്യമന്ത്രി. എന്താടോ പെണ്ണിന് കുഴപ്പം എന്ന് നട്ടെല്ലോടെ എണീറ്റ് നിന്നു ചോദിച്ച നിയമസഭയിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച സ്വരം. ടീച്ചറെ മുഖ്യമന്ത്രി ആക്കി മാതൃക സൃഷ്ടിക്കാമായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്. ആ സ്ഥാനത്ത് മന്ത്രിസഭയില്‍ പോലും ഇടം ഇല്ലാതെ ടീച്ചറിനെ ഒഴിവാക്കിയിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല’, എന്നാണ് ചില പ്രതികരണങ്ങള്‍.
ടീച്ചറെ ഒഴിവാക്കാനുള്ള തീരുമാനം സി.പി.ഐ.എം എടുക്കരുത്. അത് തെറ്റാണ്. നീതികേടാണ്. മട്ടന്നൂരിനെ ജനം നല്‍കിയ ചരിത്ര ഭൂരിപക്ഷം യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മനസ്സാണ് കാണിക്കുന്നതെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
ടീച്ചര്‍ ഇല്ലാത്ത മന്ത്രിസഭ ബഹുഭൂരിപക്ഷം പാര്‍ട്ടി അണികളും അംഗീകരിക്കില്ല. മുഖ്യമന്ത്രി ഏകാധിപതി ആകുവാന്‍ ശ്രമിക്കുകയാണ്. അതിന് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നു. ജനവും പ്രവര്‍ത്തകരും ഇത് അംഗീകരുക്കുമെന്ന് കരുതേണ്ട. കാലം പൊറുക്കില്ല എന്നാണ് മറ്റു ചിലരുടെ കമന്റ്.
പാര്‍ട്ടി തീരുമാനത്തോട് കടുത്ത എതിര്‍പ്പുണ്ടെന്നും ടീച്ചര്‍ ആരോഗ്യവകുപ്പ് മന്ത്രിയായി തന്നെ സഭയില്‍ വേണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
അതേസമയം പാര്‍ട്ടിയും പാര്‍ട്ടിയുടെ തീരുമാനവുമാണ് വലുതെന്ന് പറഞ്ഞ് പ്രതികരിക്കുന്നവരും ഉണ്ട്. ശൈലജ ടീച്ചറെ അറിഞ്ഞത് പാര്‍ട്ടിയിലൂടെയാണ്. ആ പാര്‍ട്ടി പറയും ആരാന്ന് അടുത്തെന്ന്. അത് തന്നെയായിരുന്നു ശരിയെന്ന് കാലം വിധിക്കും. പാര്‍ട്ടിയാണ് വലുത്, എന്നായിരുന്നു ഒരാളുടെ കമന്റ്.
ശൈലജ ടീച്ചറെ മന്ത്രി ആക്കേണ്ടതാണ്. ആരോഗ്യമന്ത്രി എന്ന നിലയില്‍ ഉള്ള സഖാവിന്റെ പ്രവര്‍ത്തനം ദേശിയ തലത്തില്‍ ശ്രദ്ധ നേടിയതാണ്. അവരെ ഒഴിവാക്കിയതിനോട് ഒരു പാര്‍ട്ടിക്കാരന്‍ എന്ന നിലയില്‍ യോജിക്കാന്‍ പറ്റുന്നില്ല അത്രക്ക് നല്ല പ്രവര്‍ത്തനമാണ് ഈ മഹാമാരി സമയത്ത് ടീച്ചര്‍ കാഴ്ച വെച്ചിട്ടുള്ളത്. തുടങ്ങിയവയാണ് കമന്റുകള്‍.
മന്ത്രിമാരുടെ പട്ടികയില്‍ കെ.കെ ശൈലജയില്ലെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാര്‍ട്ടി വിപ്പായാണ് കെ. കെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്.
പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.
കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Social Media Support On kk shailaja