| Monday, 12th March 2018, 9:09 am

ചോദ്യം: ഇവര്‍ ശരിക്കും കര്‍ഷകരാണോ അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ഗുണ്ടകളോ, ഉത്തരം: രണ്ടായാലും നിങ്ങള്‍ പേടിക്കേണ്ടിയിരിക്കുന്നു; ലോംഗ് മാര്‍ച്ചിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കര്‍ഷക പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ 200 കിലോമീറ്ററോളം മാര്‍ച്ച് ചെയ്ത് മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിച്ചേരുന്ന കിസാന്‍ സഭയുടെ മാര്‍ച്ചിനു ലഭിക്കുന്ന ജനപിന്തുണ രാജ്യത്തിന്റെ ശ്രദ്ധ മഹാ നഗരത്തിലേക്ക് തിരിക്കുന്നതായിരുന്നു.

സമകാലീന വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയും വിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യാറുള്ള സോഷ്യല്‍മീഡിയയിലും ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ലോംഗ് മാര്‍ച്ച് തന്നെയാണ്. സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍സഭ ആഹ്വാനം ചെയ്ത ലോംഗ് മാര്‍ച്ച് മഹാരാഷ്ട്ര ജനത ഏറ്റെടുത്തപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും സമരത്തിനൊപ്പം ചേര്‍ന്നു.

സമരത്തിന്റെ തുടക്കത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ വരെ ഏറ്റെടുക്കാതിരുന്ന സമരം ഇന്ന് ദേശീയ മാധ്യമങ്ങിലെല്ലാം പ്രധാന വാര്‍ത്തയായി മാറിയതില്‍ സോഷ്യല്‍മീഡിയയുടെ പങ്ക് ചെറുതല്ലാത്തതാണ്. ഇന്നലെ രാത്രി വൈകിയും യാത്ര തുടര്‍ന്ന മാര്‍ച്ച് ആസാദ് മൈതാനിയില്‍ എത്തിച്ചേര്‍ന്നപ്പോഴേക്കും സോഷ്യല്‍മീഡിയയില്‍ മഹാരാഷ്ട്രയും കര്‍ഷകരും മാത്രമായി മാറിയിരിക്കുകയാണ്.

നിരവധി പോസ്റ്റുകളാണ് ലോംഗ് മാര്‍ച്ചിനെക്കുറിച്ച ഫേസ്ബുക്കിലും മറ്റു നവമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ കിസാന്‍ സഭയുടെ മാര്‍ച്ചിനെക്കുറിച്ചുള്ള ഒരു ചോദ്യവും മറ്റൊരാള്‍ നല്‍കിയ ഉത്തരവും സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണ്.

“ഇവര്‍ ശരിക്കും കര്‍ഷകരാണോ അത് കമ്മ്യൂണിസ്റ്റ് ഗുണ്ടകളോ” എന്നാണ് അനന്ദ് ഭരദ്വാജ് എന്നൊരാള്‍ ഫേസ്ബുക്കില്‍ ചോദിച്ചത്. ഇതിനു ഗോപു പ്രകാശ് എന്നൊരാള്‍ നല്‍കിയ മറുപടി “രണ്ടായാലും നിങ്ങള്‍ പേടിക്കേണ്ടിയിരിക്കുന്നു” എന്നായിരുന്നു. ഇവരെന്തിനാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയേന്തി നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരാണോ അതോ കര്‍ഷകരോ എന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍ ഇവര്‍ക്കെല്ലാമുള്ള മറുപടിയും സോഷ്യല്‍ മീഡിയ നല്‍കുന്നുണ്ട്. ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരു ലക്ഷത്തിലധികം കര്‍ഷകരുടെ പങ്കാളിത്തത്തോടെയാണ് ഇന്നലെ മുംബൈയിലെത്തിയത്. ഗ്രാമ വീഥികള്‍ക്ക് പുറമെ നഗര പ്രദേശങ്ങളില്‍ നിന്നും മധ്യ വര്‍ഘത്തിന്റെയും ഉറച്ച പിന്തുണയാണ് കര്‍ഷക മാര്‍ച്ചിനു ലഭിക്കുന്നത്.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്.

ചില പോസ്റ്റുകള്‍ കാണാം:

We use cookies to give you the best possible experience. Learn more