| Thursday, 12th February 2015, 11:59 am

കല്യാണ്‍ സാരീസ് ഇരിക്കല്‍ സമരം: മാധ്യമ അവഗണനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റ് സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തൃശൂര്‍: തൃശൂര്‍ കല്യാണ്‍ സാരീസില്‍ വനിതാ തൊഴിലാളികള്‍ നടത്തുന്ന തൊഴില്‍ സമരത്തിന് നേരെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ പുലര്‍ത്തുന്ന അവഗണനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റ് സമരം.

കഴിഞ്ഞ നാല്‍പത് ദിവസമായി കല്യാണിന് മുമ്പില്‍ തൊഴിലാളികള്‍ തുടരുന്ന സമരം കേരളത്തിലെ ദൃശ്യമാധ്യമങ്ങളടക്കം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ്  ഫെബ്രുവരി 12 ന് വിവിധ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളുടെ കമന്റ് ബോക്‌സുകളില്‍ സമര വാര്‍ത്തകള്‍ നിറച്ച് സമരം ചെയ്യുന്നത്.

പത്ത് മണിക്കൂര്‍ നീളുന്ന തങ്ങളുടെ ജോലി സമയത്തിനിടെ ഇരിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു കല്യാണിലെ വനിതാ തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നത്. ആറോളം വനിതാ ജീവനക്കാരുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. ഇവരെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരിക്കല്‍ സമരം തുടങ്ങിയിരുന്നത്.

നേരത്തെ സമരത്തിന്റെ വിവരം അറിയിക്കാന്‍ സമര സമിതി പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും സമരത്തെ ശരിയായ വിധം പൊതുജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ വിമുഖത കാണിക്കുകയായിരുന്നു.

“മാധ്യമങ്ങളുടെ മൗനത്തിന്റെ കോട്ടകള്‍ ജനങ്ങള്‍ ഭേദിക്കുന്ന ദിനം” എന്ന പേരില്‍ ഇരിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ ഓണ്‍ലൈന്‍ സമരത്തിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.

We use cookies to give you the best possible experience. Learn more