കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ ആരാധകരുടെ കണ്ണുതള്ളിച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടായിരുന്നു ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. എവേ ഗ്രൗണ്ടില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടവുമായാണ് താരം പുറത്താകാതെ ഇന്ത്യക്കായി റണ്ണടിച്ചുകൂട്ടിയത്.
16 പന്തില്‍ നിന്നും പുറത്താകാതെ 37 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 231.25 എന്ന സ്ട്രൈക്ക് റേറ്റിലാണ് വാഷിങ്ടണ്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.
ഇന്ത്യക്ക് എപ്പോഴാണോ തന്നെ ആവശ്യമായി വന്നത് ആ സമയത്ത് തന്നെയാണ് താരം ആഞ്ഞടിച്ച്ത്. മത്സരത്തില്‍ സുന്ദര്‍ ഉണ്ടാക്കിയ ഇംപാക്ട് പല സൂപ്പര്‍താരങ്ങള്‍ക്കും ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
താരത്തിന്റെ ഇന്നിങ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇതിനൊപ്പം തന്നെ താരം പരീക്ഷിച്ച ഷോട്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നുണ്ട്.
മത്സരത്തിന്റെ 49ാം ഓവറിലായിരുന്നു താരത്തിന്റെ ഷോട്ട് പിറന്നത്. കിവീസ് ബൗളര്‍ മാറ്റ് ഹെന്റിയെയാണ് താരം സ്‌കൂപ്പ് ഷോട്ടിന് പായിച്ചത്. സ്‌കൂപ്പ് ഷോട്ട് അടിക്കുക മാത്രമല്ല, താരമത് ബൗണ്ടറി കടത്തുകയും ചെയ്തിരുന്നു.
can you blame us for making the obvious ‘𝐀𝐭𝐢 𝐒𝐮𝐧𝐝𝐚𝐫’ pun for this Washi batting video? 😅
Watch the 1st #NZvIND ODI, LIVE & EXCLUSIVE on Prime Video: https://t.co/3btfvTeRUG@Sundarwashi5 #NZvINDonPrime #CricketOnPrime pic.twitter.com/pBVvRBAmZP
— prime video IN (@PrimeVideoIN) November 25, 2022
താരത്തിന്റെ ഷോട്ട് കണ്ട് സോഷ്യല്‍ മീഡിയ ഒന്നാകെ അന്തം വിട്ടിരിക്കുകയാണ്. വാഷിങ്ടണ്‍ സുന്ദറിനെ പോലെ ഒരു ബാറ്റര്‍ ഇത്തരത്തിലൊരു അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ട് കളിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ശ്രീലങ്കന്‍ ഇതിഹാസ താരം തിലകരത്‌നെ ദില്‍ഷന്റെ ട്രേഡ്മാര്‍ക്കാണ് സ്‌കൂപ്പ് ഷോട്ട്. വി.വി.എസ്. ലക്ഷ്മണ്‍ ഇല്ലാത്ത സമയത്ത് ദില്‍ഷന്‍ ടീമിന്റെ കോച്ചായി വന്നിരുന്നോ എന്നടക്കം ട്രോളുകള്‍ ഉയരുന്നുണ്ട്.
വാഷിങ്ടണ്ണിന്റെ തകര്‍പ്പന്‍ കാമിയോ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. എന്നാല്‍ താരത്തിന്റെ വമ്പന്‍ പ്രകടനവും ഇന്ത്യയെ ജയിപ്പിക്കാന്‍ പോന്നതായിരുന്നില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി അഞ്ചാമന്‍ ടോം ലാഥവും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലാന്‍ഡ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
104 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെയും അഞ്ച് സിക്സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 145 റണ്‍സാണ് ടോം ലാഥം സ്വന്തമാക്കിയത്. 98 പന്തില്‍ നിന്നും 94 റണ്‍സുമായി കെയ്ന്‍ വില്യംസണും പുറത്താകാതെ നിന്നു.
അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.
ടി-20 പരമ്പരയിലേതെന്ന പോലെ മഴ വില്ലനായാല്‍ ഒരുപക്ഷേ പരമ്പര കിവീസിന് മുമ്പില്‍ അടിയറ വെക്കേണ്ടിയും വന്നേക്കാം.
നവംബര്‍ 27നാണ് പരമ്പരയിലെ അടുത്ത മത്സരം. സെഡന്‍ പാര്‍ക്കാണ് വേദി.
Content Highlight: Social media stunned after seeing Washington Sundar attempts the scoop shot