| Saturday, 27th August 2022, 5:02 pm

ഷഹീന്‍ അഫ്രിദിക്ക് പിന്നാലെ അടുത്ത പേസറും പരിക്കേറ്റ് പുറത്ത്!!! ഇത് പാകിസ്ഥാന്റെ രാജതന്ത്രമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡില്‍ സര്‍വത്ര ആശയക്കുഴപ്പമാണ്. ഒന്നിന് പിന്നാലെ ഒന്നായി സൂപ്പര്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്താവുന്നതാണ് പാകിസ്ഥാന്‍ ക്യാമ്പിലെ സ്ഥിരം കാഴ്ച.

സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയായിരുന്നു സ്‌ക്വാഡില്‍ നിന്നും പുറത്തായത്. പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ഷഹീനിന് രണ്ടാം ടെസ്റ്റ് പൂര്‍ണമായും നഷ്ടമായിരുന്നു.

എന്നിരുന്നാലും ഷഹീനിനെയും ഉള്‍പ്പെടുത്തിയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത്. പൂര്‍ണമായും ഫിറ്റെല്ലാത്ത താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എതിരാളികളിലും ആരാധകര്‍ക്കിടിയിലും അമ്പരപ്പുണ്ടാക്കിയിരുന്നു.

എന്നാല്‍ അധികം കഴിയുന്നതിന് മുമ്പ് തന്നെ, താരം പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല എന്നും അതിനാല്‍ തന്നെ താരത്തെ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കുന്നതായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ഷഹീനിന്റെ പരിക്ക് ഇന്ത്യന്‍ ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ഷഹീനിന്റെ അഭാവത്തില്‍ പാകിസ്ഥാനെതിരെ വിജയം അനായാസമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ ടി-20 ലോകകപ്പില്‍ ഇന്ത്യയെ എറിഞ്ഞിട്ടത്തില്‍ പ്രധാന പങ്ക് ഷഹീനിന്റെത് തന്നെയായിരുന്നു. ഇതുകൊണ്ട് തന്നെ ഷഹീന്‍ പാക് നിരയില്‍ ഇല്ലാത്തത് ആരാധകര്‍ മതിമറന്നാഘോഷിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരെ വീണ്ടും ആഘോഷത്തിലാക്കി മറ്റൊരു സ്റ്റാര്‍ പേസറും ടീമില്‍ നിന്നും പുറത്തായിരുന്നു. മുഹമ്മദ് വസീമായിരുന്നു പാകിസ്ഥാന്‍ പടയില്‍ നിന്നും പരിക്കേറ്റ് കൊഴിഞ്ഞുപോയ അടുത്ത താരം.

ഇതുവര്‍ക്കും പകരക്കാരായി ഹസ്‌നെയ്‌നെയും നേരത്തെ സ്‌ക്വാഡ് സെലക്ഷനില്‍ നിന്നും പുറത്താക്കിയ ഹസന്‍ അലിയെയുമാണ് ഉള്‍പ്പെടുത്തിയത്.

സ്‌ക്വാഡില്‍ നിന്നും പുറത്തായ ശേഷവും ഷഹീന്‍ ടീമിനൊപ്പം യു.എ.ഇയിലെത്തിയതും ശ്രദ്ധേയമാണ്.

യഥാര്‍ത്ഥത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. വരാനിരിക്കുന്ന ലോകകപ്പിന്റെ ഭാഗമായി ഇരുവരുടെയും ബൗളിങ് തന്ത്രങ്ങള്‍ എക്‌സ്‌പോസ് ചെയ്യാതിരിക്കാനുള്ള പാകിസ്ഥാന്റെ തന്ത്രമാണോ ഇരുവരെയും മാറ്റി നിര്‍ത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നുത്.

ഷഹീന്‍ യു.എ.ഇയിലെത്തിയതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് മൂര്‍ച്ചയേറിയത്. രോഹിത് ശര്‍മയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്ലെയിങ് സ്‌റ്റൈല്‍ മനസിലാക്കാനായാണ് ഷഹീന്‍ യു.എ.ഇയിലെത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ഇതിലൊന്നും തന്നെ അടിസ്ഥാനമില്ലെന്നും പാകിസ്ഥാന്റെ ഏത് സ്റ്റാര്‍ സ്റ്റഡ്ഡഡ് ടീം വന്നാലും ഇന്ത്യ ജയിക്കുമെന്ന് തന്നെയാണ് മറ്റുചില ആരാധകര്‍ പറയുന്നത്.

ഏഷ്യാ കപ്പിന്റെ കളി നടക്കുന്നത് അങ്ങ് യു.എ.ഇയിലാണെങ്കിലും കളിച്ചൂട് ഇവിടെ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇരു ടീമിന്റെയും പോരാട്ടം കാണാന്‍ ക്രിക്കറ്റ് ലോകം കണ്ണുനട്ടിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, ഷഹനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍, ഹസ്നെയ്ന്‍, ഹസന്‍ അലി

Content Highlight:  Social media says  injury of Shaheen Afridi and Mohammad Wasim is a part of Pakistan’s strategy

We use cookies to give you the best possible experience. Learn more