| Thursday, 20th December 2018, 11:44 am

കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍; ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇതാണ് ഇന്നത്തെ മലബാറിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ സ്വരം

ചിരിച്ച് കൊണ്ട് ആ പെങ്കുട്ടികള് പറഞ്ഞത് കേട്ടില്ലേ ? ഇവരെ നന്നാക്കാന്‍ “കുറച്ച് വെളിച്ചമൊന്നും പോരാ, എമര്‍ജന്‍സി തന്നെ വേണമെന്ന് !” അതാണ് ഇന്നത്തെ മലബാറിലെ മുസ്‌ലിം പെണ്‍കുട്ടിയുടെ സ്വരം. അതിന് മറുപടിയായി ആണൊരുത്തന്‍ പറഞ്ഞത് “നക്കാന്‍ വന്നാല്‍ നക്കി പോയാല്‍ മതി….” എന്നാണ്. പിന്നെ കുറേ പതിവ് സദാചാര ഗീര്‍വാണങ്ങളും. കേരളത്തിലെ മധ്യവര്‍ഗത്തിലെ, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിലെ, ലിംഗ സമവാക്യം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ വീഡിയോകള്‍.

ആഗോളവല്‍ക്കരണം, ഗള്‍ഫ് പണം, സോഷ്യല്‍ മീഡിയ തുടങ്ങിയ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തി വളര്‍ന്നവരാണ് ഈ തലമുറയിലെ മുസ്‌ലിം പെണ്‍ കുട്ടികള്‍. തങ്ങളുടെ വിശ്വാസവും സ്വാതന്ത്രവുമൊന്നും ആരുടെ മുന്നിലും അടിയറ വെക്കാന്‍ അവര്‍ തയ്യാറല്ല, ഒരു കാര്യത്തിലും. ഇന്ന് കേരളത്തിലെ മികച്ച കാമ്പസുകളില്‍ അവര്‍ മറ്റാരേക്കാളും സജീവമാണ്. വ

വിവാഹത്തിലും വിവാഹ മോചനത്തിലും തൊട്ട് അവരുടെ എല്ലാ കാര്യങ്ങളിലും അവരുടെ ഏജന്‍സി ഉപയോഗിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നു. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അവര്‍ സമരം ചെയ്യും, സമുദായത്തിനകത്തും പുറത്തും.

മലയാളി ആണിന്റെ സഹജമായ ഭീകര അപകര്‍ഷതാ ബോധവും സ്ത്രീവിരുദ്ധതയും മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്. വാട്ട്‌സ് ആപിലും ഫേസ് ബുക്കിലുമെല്ലാം നിരന്തരം പൊട്ടിയൊലിക്കുന്ന സ്ത്രീവിരുദ്ധ കുരുക്കളുടെ പശ്ചാത്തലം ഇതാണ്. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ക്ക് സമുദായത്തിലെ ആണുങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഈ പെണ്ണുങ്ങള്‍ കൂടുതലായുള്ള കാമ്പസില്‍ വലിയ തോതില്‍ വേരോടാനും ഇത് കാരണമായിട്ടുണ്ട്. സമാന രീതിയില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ വേരോടിയതിന്റെ ഫലമാണ് ശബരിമല വിഷയത്തിലൂടെ കണ്ടത്.

ഈ പെങ്കുട്ടികള്‍ ഇനിയുമിങ്ങനെ ടോര്‍ച്ചും എമര്‍ജന്‍സിയും കാണിച്ച് ഇവരെ പേടിപ്പിക്കും, പ്രകോപിപ്പിക്കും, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മനസ്സിനെ പരിഹസിക്കും. തെറിയഭിഷേകം നടത്തി സായൂജ്യമടയുകയല്ലാതെ ഒരു മറുപടിയും നല്‍കാന്‍ ഈ ആണുങ്ങള്‍ക്കാവില്ല. അവര്‍ “നരകത്തിലെ പെണ്ണുങ്ങളെ” പറ്റിയോ “കുല സ്ത്രീകളല്ലാത്തവരെ” പറ്റിയോ പറയുമ്പോള്‍ ഇവര്‍ ഇവിടെ ജീവിച്ച് കാണിക്കും, അന്തസായി തന്നെ.

നാസിറുദ്ദീന്‍ ചേന്നമംഗലൂര്‍

മാപ്പുപറയേണ്ടത് ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്

കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ? അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ മക്കളെ പറഞ്ഞു വിടണ്ടേ?

ഊര്‍ജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നര്‍മ്മഭാഷണം പറഞ്ഞ് ആണ്‍കുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ചുണക്കുട്ടികളായി പെണ്മക്കളെ വളര്‍ത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക?

ആണ്‍മക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാര്‍ഷ്ട്യവും നിങ്ങളെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുന്‍പ്, പറന്നുയരുവാന്‍ ചിറകുകളാര്‍ജ്ജിച്ചു കഴിഞ്ഞ പെണ്‍കൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ.

നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.

എസ്.ശാരദക്കുട്ടി

സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളുടെ നാടാണ് നാട്

ഒരു ദേശത്തിനും പ്രത്യേകിച്ച് എന്തെങ്കിലും നന്മയുണ്ടെന്നോ എന്തെങ്കിലും തിന്മയുണ്ടെന്നോ തോന്നിയിട്ടില്ല. നല്ല നാട്, ചീത്ത നാട് എന്നിങ്ങനെയില്ല.

എങ്കിലും ഇന്ന് മലപ്പുറത്തെ കുറിച്ചോര്‍ത്ത് ഒരു സ്നേഹം തോന്നി. നല്ല ഉശിരുള്ള പെണ്‍കുട്ടികള്‍ ഉള്ള നാടാണ് നാട്. നാമം ജപിച്ചതിന്റെ പേരിലല്ല, ഈ നാട്ടിലെ പെണ്‍കുട്ട്യോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ശ്ശോ, ഞങ്ങടെ ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞ് ഒരു നൂറ്റാണ്ട് പുറകോട്ടോടി മറയുന്നതിലും അല്ല. “നിങ്ങളെ ഊളത്തരം കൈയ്യില്‍ വച്ചാ മതിയെടാ ചെക്കന്മാരെ, പെണ്ണിനെ ബഹുമാനിക്കാത്ത നാടൊരു നാടല്ല” എന്ന് ഉറച്ച് വിളിച്ച് പറഞ്ഞതിന്റെ പേരിലാണ്.

ഊളകളായ ആണുങ്ങളുടെ പേരിലൊരു ദേശത്തേയും വിലയിരുത്തരുത്. എങ്കില്‍ കൊള്ളാവുന്ന ഒരു ലോകവും ഉലകത്തില്‍ ബാക്കിയുണ്ടാകില്ല. സ്വാതന്ത്ര്യബോധമുള്ള സത്രീകളുള്ള നാടാണ് നാട്. ആ നാടിനെയാണ് ബഹുമാനിക്കേണ്ടത്. സലാം മലപ്പുറം!

ശ്രീജിത്ത് ദിവാകരന്‍

We use cookies to give you the best possible experience. Learn more