| Wednesday, 22nd May 2019, 8:33 pm

ഇതില്‍പ്പരം തെളിവെന്ത് വേണം; സംഘപരിവാര്‍ അനുകൂല പോര്‍ട്ടലില്‍ നിന്ന് ലേഖനം ഷെയര്‍ ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംഘപരിവാര്‍ അനൂകൂല ന്യൂസ് പോര്‍ട്ടലായ ഓപ് ഇന്ത്യാ ഡോട്ട് കോമിലെ ലേഖനം ഷെയര്‍ ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ഓപ് ഇന്ത്യയുടെ ലേഖനം ഷെയര്‍ ചെയ്ത ട്വീറ്റിന് താഴെ തന്നെയാണ് കമ്മീഷനെതിരെ കമന്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ മസൂദ് അസര്‍ നയിക്കുന്നത് പോലെയാണിതെന്നാണ് ഒരാളുടെ ട്വീറ്റ്. ഇനിയും നിങ്ങളെ എന്തിന് വിശ്വസിക്കരുത് എന്നതിന് തെളിവാണിതെന്നാണ് മറ്റൊരു കമന്റ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പതിയെ ബി.ജെ.പിയാകുന്നതിന്റെ തെളിവാണിതെന്നാണ് മറ്റൊരാളുടെ കമന്റ്.

തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഓപ്ഇന്ത്യ ഡോട്ട് കോം പോര്‍ട്ടലിലെ ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനമാണ് ട്വിറ്റര്‍ പേജില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചിരിക്കുന്നത്.

ഐ.ഐ.ടി ബിരുദധാരിയും ഐ.എ.എസ് 2015 ബാച്ചിലെ ഉദ്യോഗസ്ഥനുമായ ഭാവേഷ് മിശ്ര ഓപ്ഇന്ത്യയില്‍ എഴുതിയ ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെയര്‍ ചെയ്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റേയും ബി.ജെ.പി നേതൃത്വത്തിന്റേയും കളിപ്പാവയാകുന്നെന്ന പ്രതിപക്ഷ വിമര്‍ശനത്തിടെയാണ് പുതിയ സംഭവം.

നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.

കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്. പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്.

വിവിപാറ്റ് എണ്ണുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍, വിവിപാറ്റിലെ മുഴുവന്‍ സ്ലിപുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് 21 രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more