അവിശ്വാസികള്‍ക്ക് സര്‍വനാശം വരട്ടെ, സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ
Entertainment news
അവിശ്വാസികള്‍ക്ക് സര്‍വനാശം വരട്ടെ, സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th February 2023, 5:05 pm

വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വനാശം വരട്ടെ, നമ്മുടെ കുട്ടികളെ നല്ല വഴിക്ക് നയിക്കാനും അച്ചടക്കം പഠിപ്പിക്കാനുമൊക്കെ ഏറ്റവും വലിയ ആയുധം മതമാണെന്നാണ് നടന്‍ സുരേഷ് ഗോപിയുടെ അഭിപ്രായം. മതമാണ് സര്‍വവും, മതമില്ലാത്ത മനുഷ്യരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കരുതന്നുമൊക്കെ പൊതുവേദിയില്‍ നിന്നും ഒരാള്‍ക്ക് എങ്ങനെയാണ് പ്രസംഗിക്കാനാവുക. അതും സോഷ്യലി അത്രയേറെ ഇന്‍ഫ്‌ളുവന്‍സുള്ള ഒരു വ്യക്തിക്ക്.

ഈ വാക്കുകളൊക്കെ പറഞ്ഞത് സുരേഷ് ഗോപിയാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് അത്ര വലിയ അത്ഭുതമോ അമ്പരപ്പോ ഒന്നും തോന്നാന്‍ വഴിയില്ല. ഇതിന് മുമ്പും ഇതിലും അപകടകരമായ പ്രസ്താവനകള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എങ്കില്‍ തന്നെയും സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ മറ്റുമായി ഉയര്‍ന്നുവരുന്നത്.

ശിവരാത്രിയോട് അനുബന്ധിച്ച് ആലുവയില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

എന്റെ മതത്തെ ഞാന്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്നേഹിക്കാന്‍ സാധിക്കണം. ഖുര്‍ആനേയും ബൈബിളിനേയും മാനിക്കാന്‍ കഴിയണം. സ്നേഹവും അങ്ങനെ തന്നെയാണെന്നും തന്റെ ഈശ്വരന്മാരെ സ്നേഹിക്കുന്നത് പോലെ ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും താന്‍ സ്നേഹിക്കുമെന്നും എന്നാല്‍ അവിശ്വാസികളോട് ഒട്ടും തന്നെ സ്നേഹമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇതിനോടൊപ്പം കുറേക്കൂടി തീവ്രമായ വാക്കുകളും അദ്ദേഹം പറയുന്നുണ്ട്. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ലെന്നും അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നുമൊക്കെയാണ് സുരേഷ് ഗോപി പറയുന്നത്.

നമ്മള്‍ ജീവിക്കുന്ന രാജ്യത്തിന്റെ പേര് ഇന്ത്യയാണെന്ന കാര്യം അദ്ദേഹം മറന്നുപോയതാണെന്ന് തോന്നുന്നു.വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമൊക്കെ സ്വാതന്ത്ര്യമുള്ള രാജ്യത്താണല്ലോ നമ്മള്‍ ജീവിക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളിലൊന്ന്. സുരേഷ് ഗോപിയുടെ വിശ്വാസം അത്രമാത്രം അപകടകരമാണെന്നാണ് ഹൈക്കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിനുമുമ്പും ഇത്തരത്തില്‍ പല പ്രസ്താവനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. അടുത്ത ജന്മമെങ്കിലും ബ്രാഹ്മണനായി ജനിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന തരത്തിലുള്ള വാക്കുകളും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇവിടേക്ക് വരുമ്പോള്‍ പ്രസ്താവനകളിലെ വലതുപക്ഷ സ്വഭാവം കൂടുതല്‍ തീവ്രമാകുന്നത് കാണാന്‍ സാധിക്കും. ഭക്തി ആരെയും ദ്രോഹിക്കാനുള്ളതല്ലെന്നും പക്ഷെ ഭക്തിയേയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗങ്ങളെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടായെന്നും സുരേഷ് ഗോപി ഘോര ഘോരം പ്രസംഗിച്ചു.

എത്രമാത്രം വിദ്വേഷമാണ് ഒരു വിഭാഗം ജനങ്ങളിലേക്ക് സുരേഷ് ഗോപിയെന്ന ബി.ജെ.പി നേതാവ് പകര്‍ന്ന് നല്‍കുന്നത്. മതത്തെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. സംസ്‌കാരവും മതവുമൊക്കെ ഉയര്‍ത്തിപിടിച്ച് ഇതിന് മുമ്പും മോശം പ്രസ്താവനകളുമായി സുരേഷ് ഗോപി എത്തിയപ്പോള്‍, അയാളിലെ നല്ലവനായ മനുഷ്യനെ തുറന്ന് കാണിക്കാന്‍ പല ഹിന്ദുത്വ പ്രൊഫൈലുകളും ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹം നല്ലൊരു മനുഷ്യനാണ്, എന്ത് ചെയ്യാനാണ് ബി.ജെ.പിയില്‍ ചേര്‍ന്ന് പോയി, രാഷ്ട്രീയം മാറ്റിവെച്ചാല്‍ അയാള്‍ നല്ലൊരു മനുഷ്യനാണ് എന്നൊക്കെ താരത്തെ കുറിച്ച് പലരും പറയാറുണ്ട്. ഈ വാക്കുകളെയും ട്രോളികൊണ്ട് പലരുമിപ്പോള്‍ രംഗത്ത് വരുന്നുണ്ട്. എന്ത് ചെയ്യാനാ നല്ലവനായി പോയില്ലേ.

ഓരാളുടെ വിശ്വാസവും വിശ്വാസമില്ലായ്മയുമൊക്കെ തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ഒരാള്‍ വിശ്വാസിയായത് കൊണ്ട് നാട്ടിലുള്ളവര്‍ മുഴുൂവന്‍ ദൈവത്തെ വിളിക്കണമെന്നൊക്കെ പറയുന്നത് വെറും ഫാസിസ്റ്റ് നിലപാട് തന്നെയാണ്. തന്റെ പ്രസ്താവന ഉന്നം വെക്കുന്നത് ഇടത് ആശയങ്ങളെയാണെന്ന് പരോക്ഷമായാണെങ്കിലും സുരേഷ് ഗോപി പഞ്ഞുവെക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ സ്‌നേഹം നഷ്ടപ്പെട്ട് പോകുമോ എന്ന് പേടിച്ച് അമ്പലത്തില്‍ പോയി തൊഴുതേക്കാം എന്നൊക്കെ ഇതിനെ പരിഹസിച്ച് ചിലര്‍ പറയുന്നത്.

 

content highlight: social media response of suresh gopi new comment about religion