ഫേസ്ബുക്കില്‍ വീണ്ടും തരംഗമായി റിസൈന്‍ മോദി ഹാഷ് ടാഗ്
national news
ഫേസ്ബുക്കില്‍ വീണ്ടും തരംഗമായി റിസൈന്‍ മോദി ഹാഷ് ടാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 9:24 pm

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നീക്കം ചെയ്ത റിസൈന്‍ മോദി ഹാഷ് ടാഗ് തിരിച്ചുവന്നതോടെ കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുന്നു. റിസൈന്‍ മോദി പോസ്റ്റുകളെല്ലാം ഇന്നലെ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് വീണ്ടും ഹാഷ് ടാഗ് തിരിച്ചുവന്നത്.

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേജില്‍ പ്രധാനമന്ത്രി മോദിയുമായി നില്‍ക്കുന്ന ഫോട്ടോക്ക് താഴെയും ഹാഷ് ടാഗുകള്‍ സജീവമാണ്.

കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാംപയ്ന്‍ ആരംഭിച്ചത്. എന്നാല്‍ ഈ പ്രതിഷേധത്തെ മറയ്ക്കാനാണ് ഹാഷ്ടാഗ് നീക്കം ചെയ്തതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം, ഹാഷ് ടാഗ് നീക്കം ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
‘കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞതനുസരിച്ചല്ല, ഹാഷ്ടാഗ് നീക്കം ചെയ്യപ്പെട്ടത്, എന്തോ തെറ്റായ കാരണം കൊണ്ടാണ്. അത് പുനഃസ്ഥാപിച്ചിട്ടുണ്ട്,’ എന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് വിലക്കുന്നുവെന്ന് നേരത്തേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, റിസൈന്‍ മോദി ഹാഷ്ടാഗ് ഫേസ്ബുക്ക് നീക്കം ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേണലിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വാള്‍സ്ട്രീറ്റ് ജേണല്‍ തങ്ങള്‍ക്കെതിരെ നിരന്തരം ‘വ്യാജ വാര്‍ത്ത’ നല്‍കുന്നുവെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:  Resign Modi Hashtag agains trending in social media