| Sunday, 29th October 2023, 11:00 pm

ഇത് റീമേക്കല്ല, ഇന്‍സ്പിരേഷനാണ്; തെളിവ് സഹിതം നിരത്തി മീസാന്‍ ജാഫ്രിക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്കെന്ന നിലയില്‍ തെന്നിന്ത്യയിലും വലിയ ശ്രദ്ധ നേടിയ ചിത്രമാണ് യാരിയാന്‍ 2. മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നതും ചിത്രത്തിലേക്ക് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കേരളത്തിന് പുറത്തേക്കുമുള്ള വലിയ ശതമാനം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. എന്നാല്‍ യാരിയാന്‍ 2 ബാംഗ്ലൂര്‍ ഡേയ്‌സിന്റെ റീമേക്കല്ലെന്ന് ചിത്രത്തിലെ ഒരു പ്രധാനതാരമായ മീസാന്‍ ജാഫ്രി പറഞ്ഞത് വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. യാരിയാന്‍ ടു റീമേക്കല്ലെന്നും ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ് ചെയ്തതെന്നുമാണ് ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീസാന്‍ പറഞ്ഞത്.

‘ബാംഗ്ലൂര്‍ ഡേയ്‌സിലെ കസിന്‍സിന്റെ കഥയില്‍ നിന്നും ചെറുതായി പ്രചോദനം ഉള്‍ക്കൊണ്ടാണ് യാരിയാന്‍ 2 നിര്‍മിച്ചിരിക്കുന്നത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും, ഇത് തികച്ചും വ്യത്യസ്തമാണ്. രംഗങ്ങളെല്ലാം തികച്ചും വ്യത്യസ്തമാണ്. എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബാംഗ്ലൂര്‍ ഡേയ്‌സ് വന്നതെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഇന്ന് സ്ഥിതി വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈ സിനിമയും വ്യത്യസ്തമാണ്,’ എന്നാണ് മീസാന്‍ ജാഫ്രി പറഞ്ഞത്.

എന്നാല്‍ ചിത്രം പുറത്ത് വന്നതോടെ ഇത് ബാംഗ്ലൂര്‍ ഡേയ്‌സിന്റെ റീമേക്കല്ലേ എന്നാണ് സോഷ്യല്‍ മീഡിയയും വിവിധ യൂട്യൂബേഴ്‌സും ചോദിക്കുന്നത്.

പാവം പിടിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, കലിപ്പനായ ബൈക്ക് റേസര്‍, താല്‍പര്യമില്ലാതെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടി എന്നീ കസിന്‍സിന്റെ കഥ പറയുന്ന ചിത്രം പിന്നെ റീമേക്കല്ലാതെ കോപ്പിയടി ആണോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. പാര്‍വതി അവതരിപ്പിച്ച വീല്‍ ചെയറിലിരിക്കുന്ന കഥാപാത്രം ഉള്‍പ്പെടെ പല സാമ്യങ്ങളും യാരിയാന്‍ 2വും ബാംഗ്ലൂര്‍ ഡേയ്‌സും തമ്മില്‍ വന്നതും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആകെ ചെറിയ മാറ്റങ്ങളാണ് യാരിയാന്‍ 2 വരുത്തിയതെന്നും അത് ചിത്രത്തെ കൂടുതല്‍ മോശമാക്കുകയാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ഇത്രയും മോശം റീമേക്ക് പ്രതീക്ഷിച്ചില്ലെന്നും കമന്റുകളുണ്ട്.

രാധിക റാവു, വിനയ് സപ്രു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത യാരിയാന്‍ 2 ടി സീരിസും ചേര്‍ന്നാണ് നിര്‍മിച്ചത്.

Content Highlight: Social media reply for meezan jafry for his argument that yaariyan 2 is not the remake of banglore days

We use cookies to give you the best possible experience. Learn more