ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റും പരാജയപ്പെട്ട് ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോഴേക്കും ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു.
2012ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യയിലെത്തി ടെസ്റ്റ് മത്സരം വിജയിക്കുകയും ശേഷം പരമ്പര സ്വന്തമാക്കുകയും ചെയ്തത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമായി മാറി.
Significant dates ✍🏼
The team’s first EVER Test series victory in India. Scorecard | https://t.co/KgzR4y6Spp #INDvNZ pic.twitter.com/dvtZ710b0X
— BLACKCAPS (@BLACKCAPS) October 26, 2024
ആരാധകര്‍ ഒന്നും അത്ര പെട്ടെന്ന് മറക്കില്ല എന്ന് പരിശീലകന്‍ ഗൗതം ഗംഭീറിന് വ്യക്തമായി മനസിലാകുന്ന സംഭവവികാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. മുമ്പ് ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായിരിക്കെ ഗംഭീര്‍ നടത്തിയ പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
1983 ലോകകപ്പ് ടീമിന്റെ ഭാഗമായ ശാസ്ത്രിയെ ഒന്നും നേടാത്തയാള്‍ എന്ന് വിളിച്ചുകൊണ്ടാണ് ഗംഭീര്‍ സംസാരിച്ചത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ പ്രസ്താവന.
This didn’t age well 🫥
Gambhir on Shastri pic.twitter.com/uD6oJHFR2Q
— Cricketopia (@CricketopiaCom) October 26, 2024
‘ഒന്നും നേടാന്‍ സാധിക്കാത്ത ഒരാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമെന്ന് എനിക്കുറപ്പാണ്, ഓസ്‌ട്രേലിയയില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നേടിയതല്ലാതെ രവി ശാസ്ത്രി തന്റെ കരിയറില്‍ നേടിയതെന്താണെന്ന് എനിക്കറിയില്ല. ഒരു ഓവര്‍സീസ് വിജയത്തിലും അദ്ദേഹം ഭാഗമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.
നിങ്ങള്‍ സ്വയം ഒന്നും നേടിയിട്ടില്ലെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെങ്കിലും അവസാനിപ്പിക്കണം. ആളുകള്‍ ഒരിക്കലും അത് ഗൗരവമായി എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം വേണ്ടത്ര ക്രിക്കറ്റ് കണ്ടിട്ടുണ്ട് എന്ന് പോലും എനിക്ക് തോന്നുന്നില്ല. അങ്ങനെ കണ്ടിരുന്നെങ്കില്‍ ഒരിക്കലും ഇത്തരത്തിലുള്ള പ്രസ്താവന നടത്തുമായിരുന്നില്ല.
അത് വളരെ ബാലിശമായ ഒരു പ്രസ്താവനയായിരുന്നു. പരമ്പര 4-1ന് വിജയിച്ചാല്‍ പോലും വിദേശ പര്യടനം നടത്തുന്ന ഏറ്റവും മികച്ച ടീം ഇതാണെന്ന് അദ്ദേഹം ഒരിക്കലും പറയില്ലായിരുന്നു. ഞങ്ങള്‍ക്ക് ഇനിയും ഏറെ മുമ്പോട്ട് പോകാനുണ്ട്, ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നെല്ലാമാണ് വിനയമുള്ളവര്‍ പറയുക.
ഇത് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണെന്ന് പറയാന്‍ സാധിക്കില്ല. ആളുകള്‍ ഇത് ഗൗരവമായി എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, മറ്റുള്ളവര്‍ എന്ത് പറയുന്നോ, അതെനിക്ക് അറിയില്ല. ഇത് തീര്‍ത്തും അപക്വമായ പ്രസ്താവനയായതിനാല്‍ ഞാന്‍ ഇത് ഒരിക്കലും ഗൗരവമായി എടുക്കാന്‍ പോകുന്നില്ല,’ ഗംഭീര്‍ പറഞ്ഞു.
അതേസമയം, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ട്രാറ്റജികള്‍ പൂര്‍ണമായും പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഗംഭീര്‍ യുഗത്തില്‍ ഇതുവരെയില്ലാത്ത പല മോശം നേട്ടങ്ങളും വന്‍ പരാജയങ്ങളും ഇന്ത്യയെ തേടിയെത്തി.
ഗംഭീറിന് കീഴില്‍ ഇന്ത്യ (ഇതുവരെ)
– 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 30 വിക്കറ്റുകളും നഷ്ടമായി.
– 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
– 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിച്ചു.
– 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ടു.
– 1983ന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടു.
– 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു.
– ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റില്‍ 50ല്‍ താഴെ റണ്‍സ് നേടി.
ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ ടി-20 പരമ്പരയും ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയും ഗംഭീറിന് കീഴില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെങ്കിലും മറ്റ് പരിശീലകരും ഈ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Social media recalls Gautam Gambhir’s old statement about Ravi Shastri