Sports News
ഇതേ ശ്രീശാന്ത് തന്നെയല്ലേ പിന്നീട് കേരളത്തിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായത്? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 08, 03:20 am
Saturday, 8th February 2025, 8:50 am

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എസ്. ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ പ്രസ്താവനകളാണ് പോയ ദിവസങ്ങളില്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. കെ.സി.എ – സഞ്ജു സാംസണ്‍ വിഷയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെ പിന്തുണച്ചതിന് പിന്നാലെ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

സഞ്ജുവിനെ പിന്തുണച്ചതിനല്ല മറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നോട്ടീസ് നല്‍കിയതെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതികരണം. ഐ.പി.എല്ലിലെ വാതുവെപ്പ് സംഭവങ്ങള്‍ ഓര്‍മിപ്പിച്ചാണ് കെ.സി.എ രംഗത്തെത്തിയത്.

 

‘കേരള ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത അധ്യായമായിരുന്ന വാതുവെപ്പില്‍ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വാതുവെപ്പില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് ബി.സി.സി.ഐ. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

പിന്നീട് ആജീവനാന്ത വിലക്ക് ബി.സി.സി.ഐ. ഓംബുഡ്സ്മാന്‍ ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു. കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്തെങ്കിലും വാതുവെപ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിലുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല’, എന്നാണ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. വിലക്ക് മാറിയെത്തിയ ഇതേ ശ്രീശാന്ത് തന്നെ കേരളത്തിനായി ആഭ്യന്തര തലത്തില്‍ കളിച്ചിട്ടുണ്ടെന്നും ആരാധകര്‍ ഇതൊന്നും മറന്നിട്ടില്ല എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിലക്ക് മാറി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വര്‍ഷം ശ്രീശാന്ത് ആഭ്യന്തര തലത്തില്‍ കളിച്ചിരിന്നുവെന്നും ആ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനായി മാറിയെന്നും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു.

സഞ്ജു കേസില്‍ എക്‌സ്‌പോസ്ഡ് ആയതിന് ശേഷം കെ.സി.എ പറയുന്ന ന്യായീകരണങ്ങള്‍ ദഹിക്കുന്നതല്ല എന്നും
ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അവസരം നല്‍കിയത് കേരള ടീമിന് ശ്രീശാന്തിനെ ആവശ്യമുള്ളതിനാലായിരുന്നുവെന്നും ചര്‍ച്ചകളുയരുന്നു.

അതേസമയം, കെ.സി.എയുടെ കാരണംകാണിക്കല്‍ നോട്ടീസിനെതിരെ ശ്രീശാന്തും രംഗത്തുവന്നിരിക്കുകയാണ്. താന്‍ കേരള ക്രിക്കറ്റിനെ സ്‌നേഹിക്കുന്നുവെന്നും കേരളത്തില്‍ നിന്നുള്ള താരങ്ങളെ പിന്തുണക്കുന്നത് തുടരുമെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്.

‘ഇന്ത്യന്‍ ടീമില്‍ കളിക്കാം എന്ന് സ്വപ്നം കാണുന്നവരെ നമുക്ക് ആവശ്യമുണ്ട്. അതിന് തുരങ്കം വെക്കുന്നവരെ പിന്തുണക്കാനാവില്ല. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്താകുറിപ്പ് ഇറക്കിയവര്‍ വൈകാതെ ഉത്തരം നല്‍കേണ്ടിവരും. ഇതിന് ഏറെ കാത്തിരിക്കേണ്ടിവരില്ല. കെ.സി.എയുടെ നോട്ടീസിന് എന്റെ അഭിഭാഷകര്‍ മറുപടി നല്‍കും’ എന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്.

നേരത്തെ ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ശ്രീശാന്ത് സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് കെ.സി.എ. നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനായിരുന്നു നിര്‍ദേശം. കെ.സി.എല്ലില്‍ കൊല്ലം ആരീസ് സെയ്ലേഴ്സ് ടീമിന്റെ സഹഉടമയും ബ്രാന്‍ഡ് അംബാസഡറും മെന്ററുമെന്ന നിലയിലാണ് ശ്രീശാന്തിനോട് വിശദീകരണം തേടിയത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെ കെ.സി.എക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാത്തതിന് കാരണമെന്നായിരുന്നു വിമര്‍ശനം. പിന്നാലെയാണ് ശ്രീശാന്ത് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.

 

Content Highlight: Social media reacts to KCA vs Sreesanth issue