യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ സോഷ്യല്‍മീഡിയ വന്‍വിമര്‍ശനങ്ങളാണ് മുന്നേട്ട് വെച്ചിരിക്കുന്നത് സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായി തന്നെ നിലപാട് സ്വീകരിച്ചതോടെ എതിര്‍പ്പിന്റെ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. വധശിക്ഷ മാത്രമല്ല വന്‍തോതില്‍ മുസ്‌ലീം സമുദായത്തിലുള്ളവരെ കേന്ദ്രീകരിച്ചുകണ്ടുള്ള ഭരണകൂടത്തിന്റെ ഈ പ്രതികാര ശിക്ഷാ നടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിെേല പ്രമുഖര്‍ ഇതിനോടകം വിവിധ പോസ്റ്റുകളും കമെന്റുകളുമായി പ്രതികരിച്ചുകഴിഞ്ഞിട്ടുണ്ട്. അത്തരം ചില പോസ്റ്റുകളിലൂടെ.
മേമന്റെ വിഷയത്തില്‍ ഞാനെടുത്ത നിലപാട് ഹിന്ദുക്കള്‍ക്കിടയില്‍ എന്നെ ഒറ്റപ്പെടുത്തി
മാര്‍ക്കണ്ഡേയ കഠ്ജു
ഇന്ത്യന്‍ സമൂഹം കൂടുതലും വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്റെ ഊഹം ശരിയാണെങ്കില്‍ 80-90 ശതമാനം ഹിന്ദുക്കളും വര്‍ഗീയവാദികളാണ് (അതാത് മുസ്ലീം വിരുദ്ധരാണ്.) അതുപോലെ 80-90 ശതമാനം മുസ്ലീങ്ങളും വര്‍ഗീയവാദികളാണ്.
ഗ്രാമീണ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വര്‍ഗീയ വൈറസുകള്‍ പടര്‍ന്നുപിടിച്ചിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
യാക്കൂബ് മേമന്റെ വിഷയത്തില്‍ ഹിന്ദുക്കളായിട്ടുള്ളവര്‍ കൂടുതലും മേമന് വധശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുമ്പോള്‍ മുസ്‌ലീങ്ങളായിട്ടുള്ളവരില്‍ ഭൂരിഭാഗവും മേമന് വധ ശിക്ഷ നല്‍കരുതെന്നാണ് ആഗ്രഹിക്കുന്നത്.
മേമന് എതിരെയുണ്ടായിരുന്ന തെളിവുകളെല്ലാം ദുര്‍ബലമായിരുന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന് വധശിക്ഷ നല്‍കിയത് തെറ്റായിരുന്നു. ഇതായിരുന്നു എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ തീര്‍ച്ചയായും നമ്മുടെ ജനസംഖ്യടയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദുക്കള്‍ക്കിടയിലും ഞാന്‍ അപ്രിയനായിത്തീര്‍ന്നിട്ടുണ്ട്. എന്നുവെച്ചാല്‍ 80 ശതമാനത്തോളം വരുന്ന എന്റെ രാജ്യത്തുള്ളവര്‍ക്കിടയില്‍ ഞാന്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. പക്ഷെ അതൊന്നും വലിയ സംഗതിയല്ല. ഞാന്‍ ജനപ്രീതിയുടെ പുറകേ പോകുന്ന ആളുമല്ല. ചിലപ്പോഴൊക്കെ ഞാന്‍ എടുക്കുന്നതുപോലുള്ള ജനപ്രിയമല്ലാത്ത ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ ഒരാള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടേക്കാം. എന്നാല്‍ സുപ്രധാന കാര്യമെന്ന് പറയുന്നത് എടുക്കുന്ന നിലപാട് ശരിയായിരിക്കണം എന്നതാണ്.
കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍ !
ആിഖ് അബു
ഭ്രാന്ത് പിടിക്കാനേ പാടില്ലാത്തത് ഭരണകൂടത്തിനാണ്
പ്രമോദ് രാമന്‍
കുറ്റത്തിന് ഇല്ലാത്ത കണ്ണ് വേണ്ടത് ശിക്ഷയ്ക്കാണ്. ഭീകരതയ്ക്ക് ഇല്ലാത്ത ആത്മാവ് വേണ്ടത് നിയമത്തിനാണ്. ജീവനെടുക്കവേ കൈ വിറയ്‌ക്കേണ്ടത് കോടതിക്കാണ്. ഭ്രാന്ത് പിടിക്കാനേ പാടില്ലാത്തത് ഭരണകൂടത്തിനാണ്.
ഈ സമൂഹത്തിന്റെ ഭാഗമായതില്‍ ഞാന്‍ ലജ്ജിക്കുന്നു.
സെബിന്‍ എബ്രഹാം മാത്യൂ
എന്തു കാരണംകൊണ്ടായാലും ഭരണകൂടം നടത്തുന്ന ഹിംസയാണ് ഏറ്റവും ക്രൂരവും മാരകവും. പൗരന്മാര്‍ക്കു തെറ്റുപറ്റാം. ആ തെറ്റിനെ തിരുത്താനുള്ള അവസരം കളഞ്ഞുകുളിക്കുകയും തങ്ങള്‍ ചെയ്തത് ശരിയായിരുന്നു എന്ന് ഒരുവേള അവര്‍ക്കു ചിന്തിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്ന ശിക്ഷാവിധികള്‍ ഒരു പൗരസമൂഹമെന്ന നിലയില്‍ നമ്മുടെ കുരുടത്തം വെളിവാക്കുന്നു.
ട്രൈബല്‍ ജസ്റ്റിസിന്റെ കാലത്തുനിന്ന് ഇന്ത്യയ്ക്കു മോചനമില്ലല്ലോ എന്നതില്‍ ദുഃഖിക്കുന്നു. ഈ സമൂഹത്തിന്റെ ഭാഗമായതില്‍ ഞാന്‍ ലജ്ജിക്കുന്നു.
ചോരകൊതിക്കുന്ന ഭരണകൂടത്തെ തെരഞ്ഞെടുത്തതില്‍, ആ ഭരണകൂടത്തിന്റെ ഇംഗിതങ്ങളെ ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുന്ന ഒരു നീതിന്യായവ്യവസ്ഥയുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നതില്‍, നിസ്സഹായനായി വഴങ്ങേണ്ടിവന്ന ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ ദുര്‍ബലമെങ്കിലും ഉള്‍ക്കരുത്താര്‍ന്ന പ്രതിഷേധം ഞാന്‍ പ്രകടിപ്പിക്കുന്നു. ഇന്ത്യ എന്ന ദേശരാഷ്ട്രം വിജയിക്കുന്നു. ഇന്ത്യ എന്ന പൗരസമൂഹം പരാജയപ്പെടുന്നു.
ജനവികാരത്തിന് ചൂട്ട് പിടിച്ചുകൊണ്ട് രാജ്യം ഒരാളെ വധിയ്ക്കുന്നു
വൈശാഖന്‍ തമ്പി
ചില മരണങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടമാണ്, അവ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരമാണത്രേ. ഇല്ലാത്ത രാജ്യസ്‌നേഹം (രാജ്യത്തിന്റെ ജനാധിപത്യമതേതരപൗരാവകാശ മൂല്യങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാത്തവര്‍ക്ക് എന്ത് രാജ്യസ്‌നേഹമുണ്ടെന്നാണ്) ഉണ്ടെന്ന് കാണിക്കാന്‍ ഇടക്കിടക്ക് ആരെങ്കിലുമൊക്കെ ചാവുകയോ കൊല്ലപ്പെടുകയോ വേണം. ആര്‍ത്ത് വിളിച്ച് കൊരവയിട്ട് “ഇന്‍ഡ്യ ജയിച്ചേ”
(ഫയല്‍വാന്‍ ജയിച്ചേ!) എന്ന് വിളിച്ചുപറഞ്ഞ് നമുക്ക് സുഖമായി ഉറങ്ങാമല്ലോ.
ഒരു അഫ്‌സല്‍ ഗുരുവോ ഒരു യാക്കൂബ് മേമനോ വധിക്കപ്പെടുന്നു എന്നതല്ല, ഒരു രാജ്യത്തെ പരമോന്നത ശിക്ഷ വധം ആണെന്ന സാഹചര്യമാണ് പ്രധാനവിഷയം. അതിനി ഗോവിന്ദച്ചാമി ആയാലും ഒസാമ ബിന്‍ ലാദന്‍ ആയാലും ഇവരുടെയൊക്കെ ചെയ്തികള്‍ മൂലം ദുരന്തം നേരിട്ട ആരെങ്കിലും വികാരത്തിന്റെ പേരിലോ പ്രതികാരത്തിന്റെ പേരിലോ ഇവരെ കൊല്ലുന്നതുപോലല്ല, ഒരു സ്റ്റേറ്റ് കൊലവിളി മുഴക്കുന്നത്.
നിയമമോ നീതിയോ വൈകാരികമല്ല. അത് വികാരങ്ങളില്‍ നിന്ന് സ്വതന്ത്രമാണ്, സ്വതന്ത്രമാകേണ്ടതാണ്. പകരത്തിന് പകരം എന്നത് വൈകാരിക ചിന്തയാണ്. ആരുടെയെങ്കിലും, അതിനി എത്ര വലിയ കൂട്ടം ആളുകളുടേതായാലും, വികാരം ആയിരിക്കരുത് നീതിനിര്‍വഹണത്തെ നയിക്കേണ്ടത്. നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തെറ്റുപറ്റില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തെറ്റുപറ്റാന്‍ പാടില്ല എന്ന് ശഠിക്കാന്‍ പോലും പറ്റില്ല, കാരണം നീതിയും നിയമവും പുസ്തകത്തിലെഴുതി വെച്ചാല്‍ പോലും അത് നിര്‍വഹിക്കേണ്ടത് മനുഷ്യരാണ്. മനുഷ്യര്‍ക്ക് തെറ്റ് പറ്റാം, പറ്റിയിട്ടുണ്ട്, ഇനിയും പറ്റും. അവിടെ, നല്‍കപ്പെട്ടാല്‍ ഒരു രീതിയിലും കോംപന്‍സേറ്റ് ചെയ്യാനാവാത്ത വധശിക്ഷയുടെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്. വധം ഒരു “ശിക്ഷ” ആണോ?
പലപ്പോഴും ഈ വിഷയത്തിന്റെ പ്രാധാന്യം ഇത് ഉയരുന്ന അവസരങ്ങളുടെ സങ്കീര്‍ണത കാരണം മനസിലാക്കപ്പെടാതെ പോകാറുണ്ട്. മിക്കവാറും ഒരു ബലാത്സംഗപ്രതിയോ ഭീകരവാദിയോ തൂക്കിലേറ്റപ്പെടുമ്പോഴാണ് വധശിക്ഷയ്‌ക്കെതിരേ സ്വരം ഉയരുന്നത്. ഉടന്‍ തന്നെ വൈകാരിക ജനക്കൂട്ടം അതിനെ പ്രതികളെ ന്യായീകരിക്കുന്ന സ്വരമായി വ്യാഖ്യാനിക്കും. അതോടെ വധശിക്ഷാവിരുദ്ധരെല്ലാം രാജ്യദ്രോഹികളും ബലാത്സംഗികളുമൊക്കെ ആയി മാറുകയും ചെയ്യും.
ജനം ഒരു coldblooded murderല്‍ (ആലോചിച്ച്, തീരുമാനിച്ച്, ആസൂത്രണം ചെയ്ത് നടത്തുന്ന കൊലയാണല്ലോ കോള്‍ഡ്ബ്ലഡഡ് മര്‍ഡര്‍. ആ അര്‍ത്ഥത്തില്‍ വധശിക്ഷയ്ക്കാണ് ആ പേര് ഏറ്റവും യോജിക്കുക) പങ്കാളിയാവാന്‍ കഴിഞ്ഞ സന്തോഷത്തില്‍ സുഖമായി ഉറങ്ങിക്കോളും. താന്‍ പ്രോത്സാഹിപ്പിക്കുന്ന ഇതേ കൊലക്കയര്‍ സ്വന്തം കഴുത്തിന് മുകളിലും തൂങ്ങുന്ന കാര്യം നമ്മളറിയില്ല. വാദിക്കാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്‍മാരെ വാടകയ്‌ക്കെടുക്കാന്‍ കഴിയില്ല എങ്കില്‍, ഏതെങ്കിലും വലിയ പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാത്ത അംഗമല്ല എങ്കില്‍, ആരുടേയും ശത്രുതയ്ക്ക് പാത്രമാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഗുഹാവാസിയല്ലെങ്കില്‍ ഒക്കെ നമ്മളോരോരുത്തരും നീതിന്യായ വ്യവസ്ഥ കുറ്റമറ്റതായി നിലനില്‍ക്കുന്നു എന്നുറപ്പ് വരുത്താന്‍ ബാധ്യസ്ഥരാണ്.
നമ്മളെ സംരക്ഷിക്കുന്നത് സ്വന്തം വീടിന്റെ നാല് ചുവരുകളോ മതില്‍ക്കെട്ടോ ആണെന്ന് ധരിയ്ക്കരുത്. ഇവിടത്തെ നീതിവ്യവസ്ഥയാണത് ചെയ്യുന്നത്. വാതില്‍ തല്ലിപ്പൊളിക്കുന്നതോ നിങ്ങളെ കത്തിയ്ക്ക് കുത്തുന്നതോ നിയമവിരുദ്ധമല്ലായിരുന്നെങ്കില്‍ നിങ്ങളിപ്പോ ജീവിച്ചിരിക്കുമായിരുന്നോ എന്നാലോചിച്ച് നോക്കൂ. പത്രത്തിലും ടീവിയിലുമായി നിങ്ങള്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ വച്ച് “അയാളത് അര്‍ഹിക്കുന്നു, അയാളെ കൊല്ലണം” എന്ന് നിങ്ങള്‍ വിധി പറയുന്നു, നിങ്ങള്‍ക്കിഷ്ടപ്പെടാത്തൊരു കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതേ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് നിങ്ങള്‍ വാചാലരാകുന്നു, ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ ജനവികാരത്തിന് ചൂട്ട് പിടിച്ചുകൊണ്ട് രാജ്യം ഒരാളെ വധിയ്ക്കുന്നു ഈ സാഹചര്യം നിങ്ങളെ പേടിപ്പിക്കുന്നില്ല എങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുമെന്ന് ഒരുറപ്പും ഇല്ല!
കെ.എം ഷഹീദ്
ഭരണകൂടത്തിന് ഇടക്കിടെ രക്തം വേണം… ആദ്യം ഭരണകൂടം പോതുബോധം നിര്‍മ്മിക്കുന്നു… എന്നിട്ട് പൊതുബോധത്തിന്റെ പേരുപറഞ്ഞ് കൃത്യം നടത്തുന്നു… ജൂഡീഷ്യറിപോലും പൊതുബോധത്തിനും ഭരണകൂടത്തിനുമൊപ്പം സഞ്ചരിക്കുമ്പോള്‍ അരുതെന്ന് പറയാന്‍ ന്യൂനപക്ഷമെങ്കിലും ആളുകളുണ്ടാകുന്നുവെന്നത് സന്തോഷം നല്കുാന്നു.
ഒരാള്‍ക്ക് നീതി ലഭിച്ചില്ലെന്ന് അയാള്ക്ക് മാത്രം ബോധ്യപ്പെടുകയെന്നത് ഏറ്റവും ഭീതിതമാണ്. ഒരാളുടെ മതം നോക്കിയല്ലാതെ സത്യവും നീതിയും പരിഗണിച്ച് ചെറുകൂട്ടമെങ്കിലും കൂടെ നില്ക്കാതന്‍ തയ്യാറാവുമ്പോള്‍ അത് ധൈര്യം തരും. അപ്പോള്‍ മരിക്കാനും ധൈര്യമുണ്ടാവും. അങ്ങിനെ ധൈര്യം നല്കാ്ന്‍ സ്വതന്ത്ര ചിന്ത നശിച്ചിട്ടില്ലാത്ത മനുഷ്യര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നത് സന്തോഷം നല്‍കുന്നു.
സോറി. മരണത്തെക്കുറിച്ചല്ലാതെ, ജീവിതത്തെക്കുറിച്ച് ഇന്ന് എന്ത് പറയാനാണ്…
ഇനിയും മരിക്കണം മരമേ, പല വട്ടം….
ഹൈറുന്നിസ പി
ഞാന്‍ ഞാവല്‍ മരത്തിന്റെ ചുവട്ടിലേക്ക് നടക്കുകയാണ്……
പ്രണയമൂറ്റിക്കുടിച്ച് നീണ്ടു പോയ പല്ലുകള്‍ ചുണ്ടുകള്‍ക്കുള്ളിലൊളിപ്പിക്കാന്‍ നോക്കുന്നുണ്ട്…..
മലര്‍ക്കെ തുറന്നൊരു വാതില്‍ ഓര്‍മ്മപ്പെടുന്നു..,,
കാറ്റത്തടഞ്ഞു പോയ
മറ്റൊരു വാതിലും,
ഞാന്‍ പണ്ടേ മരിച്ചുപോയ വാക്കാണ്,
ഞാവല്‍
ഇരുട്ടില്‍ എന്നെ നോക്കി വെറുതെ, വെറുതേ…
നിക്കുന്നു…
ഇനിയും മരിക്കണം മരമേ,
പല വട്ടം….
(യാക്കൂബ് മേമന്‍ യാക്കൂബ് മേമനായതു കൊണ്ട് മാത്രാണ് ഇങ്ങനൊരു ശിക്ഷ! അത് മനസ്സിലാവുന്നവരും ഇവിടെയുണ്ട് ഭരണകൂടമേ…..)
ഇവിടത്തെ ദേശീയ അപബോധത്തിലും യാക്കൂബ് മേമന്റെ രക്തതിനും എനിക്കു പങ്കില്ല!!
അജയ് കുമാര്‍
കലാമിന്റെ മരണവും മേമന്റെ വധവും
രശ്മി രാധാ രാമചന്ദ്രന്‍
പ്രസിഡന്റ് ആയിരുന്നപ്പോള്‍ തനിക്കു മുന്നില്‍ വന്ന 21 ദയാ ഹര്‍ജികളില്‍ 20 പേരുടെയും വധശിക്ഷ റദ്ദാക്കിയ വധശിക്ഷ നിര്‍ത്തലാക്കണം എന്ന് വിശ്വസിക്കുന്ന അബ്ദുല്‍ കലാമിനെ അടക്കം ചെയ്ത അതെ ദിവസം തന്നെ മാപ്പ് സാക്ഷിയായി സകല തെളിവികളും നല്‍കിയ 22 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മനുഷ്യനെ കൊന്നശേഷം അത് ആഘോഷിക്കുന്നവര്‍ പറയുന്നത് അവരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് കലാം ആണെന്ന് .
നീതി നടപ്പാക്കുന്നതും പ്രതികാരവും തമ്മിലുള്ള വത്യാസം അറിയാത്ത ഒരുത്തനും 250 പേരുടെയും കുടുംബത്തിന്റെയും കണക്കും പറഞ്ഞു ഇതിന്റെ അടിയില്‍ വരണ്ട.
ഒരു പ്രതീക്ഷയും ബാക്കിയില്ല. ഒരു ആശാനക്ഷത്രവും എവിടെയും ഉദിക്കുന്നുമില്ല.
ദീപക് ശങ്കര നാരായണന്‍
ആയുധങ്ങള്‍ തൂക്കിലേറ്റപ്പെടുന്ന കാലം .
ലാലി പി.എം
ഒട്ടിപ്പിടിച്ചും കരിഞ്ഞും ആകൃതി നഷ്ടപ്പെട്ടൂം നിരവധി ദോശകളാണു എന്റ്റെ അടുക്കളയില്‍ വേകുന്നത്… പരിഹാരമെന്നോണം ഞാനെന്റെ ചട്ടുകത്തെ ഇന്നു രാവിലെ തൂക്കിക്കൊന്നു…
ആയുധങ്ങള്‍ തൂക്കിലേറ്റപ്പെടുന്ന കാലം … ബൂര്‍ഷ്വാജനാാധിപത്യം..
ചില രഹസ്യ അജണ്ടകൾ നടപ്പിലായി
മേരി ലില്ലി
ധൃതി പിടിച്ചുള്ള ഈ തൂക്കിലേറ്റലോടെ കേന്ദ്രം ഭരിക്കുന്നവരുടെ
ചില രഹസ്യ അജണ്ടകൾ നടപ്പിലായി