'ചിരിക്കുട്ടനും കൂട്ടര്‍ക്കും എന്റെ വക ചുരുളിയുടെ ഡി.വി.ഡി'; ഫ്‌ളവേഴ്‌സ് ടോപ് സിങ്ങറിലെ വിധികര്‍ത്താക്കളുടെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
Entertainment news
'ചിരിക്കുട്ടനും കൂട്ടര്‍ക്കും എന്റെ വക ചുരുളിയുടെ ഡി.വി.ഡി'; ഫ്‌ളവേഴ്‌സ് ടോപ് സിങ്ങറിലെ വിധികര്‍ത്താക്കളുടെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th July 2022, 10:14 am

ഫ്‌ളവേഴ്‌സ് ടി.വിയിലെ ടോപ് സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജസിന്റെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഒരു പ്രത്യേക റൗണ്ടില്‍ പാട്ടുപാടാനെത്തിയ മൂന്ന് കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയെ മാത്രം ഒഴിവാക്കി മറ്റുകുട്ടികളെ പരിഗണിച്ച ജഡ്ജസിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

പരിപാടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും ആളുകള്‍  പ്രതിഷേധവുമായി എത്തുന്നുണ്ട്. മൂന്ന് കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയെ മാത്രം മാറ്റി നിര്‍ത്തുന്ന വിധികര്‍ത്താക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വീഡിയോയുടെ കമന്റ് സെക്ഷനിലും ഉയര്‍ന്നുവരുന്നത്.

‘ഒരു കുട്ടിയെ മാത്രം മാറ്റി നിര്‍ത്തുന്ന വിധികര്‍ത്താക്കളെ പത്തല് വെട്ടി അടിക്കണം,’ ‘ചിരിക്കുട്ടനും മറ്റുള്ളവര്‍ക്കും ചുരുളി നിര്‍ദേശിക്കുന്നു’ ‘സംഗീതത്തിലും ഇങ്ങനെ വേര്‍തിരിവ് കാണിക്കണോ’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തക ആശാ റാണി, ഇന്‍ഫോ ക്ലിനിക്ക് സഹസ്ഥാപകനായ ജിനേഷ് പി.എസ് എന്നിവരടക്കമുള്ളവര്‍ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

‘ഫ്‌ളവേഴ്‌സ് ചാനലില്‍ ഗായകന്‍ ശ്രീകുമാറും, സംഗീത സംവിധായകന്‍ ജയചന്ദ്രനും, ഗായകന്‍ മധുബാലകൃഷ്ണനും ജഡ്ജസായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോണ്‍സണ്‍ മാഷിന്റെ സ്മരണ റൗണ്ടാണ്. ‘ഡോക്ടര്‍ സാറെ ലേഡി ഡോക്ടര്‍ സാറെ’ എന്ന ഗാനമാണ് കുട്ടികള്‍ പാടുന്നത്.

മൂന്ന് കുട്ടികള്‍ പാടാന്‍ വരുന്നു. ആ ഷോയുടെ പ്രധാന ആകര്‍ഷണമായ മിയകുട്ടി മേഘ്‌നക്കുട്ടി എന്നൊക്കെ ജഡ്ജസ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും. മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ജസിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാള്‍ പ്രേക്ഷരുളള ഭാഗം.

ആദ്യം പറഞ്ഞ വീഡിയോയില്‍ മോന്‍സന്‍ കൊടുത്ത ആന്റിക്ക് മോതിരം ഇട്ട കക്ഷിയും, ജയചന്ദ്രനും, ദീപക് ദേവുമൊക്കെ മിയകുട്ടിയേയും മേഘ്‌നകുട്ടിയേയും വാത്സല്യ കൊഞ്ചല് നടത്തി പൊക്കി മരത്തില്‍ കയറ്റുന്നു. തത്തമ്മ പൂച്ച സ്‌റ്റൈലില്‍ നല്ല പരിശീലനം കിട്ടിയത് കൊണ്ടാകും പിള്ളേരും പൊളിക്കുന്നു. മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല. വേദിയിലെ മൂന്നാമത്തെ കുട്ടി പ്രത്യേക്ഷത്തില്‍ തന്നെ വിവേചനം അനുഭവിക്കുന്നത് നമുക്ക് മനസ്സിലാകും. അവളുടെ സോഷ്യല്‍ ലൊക്കേഷനെ പറ്റിയുള്ള ഗസ്സ് തൊണ്ണൂറ് ശതമാനവും ശരിയാകും.

ഇരുണ്ട തൊലിനിറമുള്ള, കാഴ്ചയില്‍ മേഘ്‌നക്കുട്ടിയേയും മിയക്കുട്ടിയേയും പോലെ അല്ലാത്ത പേരിന്റെ കൂടെ കുട്ടി ചേര്‍ത്ത് ലവന്മാര്‍ക്ക് കൊഞ്ചിക്കാന്‍ മനസ്സ് വരാത്ത ഒരു കുട്ടി. മൂന്ന് പേരുടെ ഗ്രൂപ്പില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ കുട്ടി ഭയങ്കര വേദനയായി തോന്നി. വീഡിയോയുടെ കമന്റ് നോക്കുമ്പോള്‍ ഒരുപാട് മനുഷ്യര്‍ ഇതേ വികാരം പങ്കിടുന്നു. ചിരിക്കുട്ടനെയൊക്കെ നല്ല തെറി വിളിക്കുന്ന മനുഷ്യരില്‍ ചെറിയ പ്രതീക്ഷ തോന്നി.

സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല എന്നൊക്കെ പറഞ്ഞ നാ*#*  മോൻ ഏതോ പ്രിവിലേജ്ഡ് അപ്പർക്ളാസ് ഊളയാകാനെ തരം ഉളളു. LKG ക്ലാസ് മുതൽ യൂണിവേഴ്സിറ്റി തലം വരെ വിവേചനം മാത്രം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന മനുഷ്യരാരും ആകില്ല,’ ആശാ റാണി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

 

Content Highlight: Social media reacts against the discriminatory attitude of the judges on Flowers Top Singer