രണ്ട് പതിറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ ഭൂകമ്പത്തിനാണ് അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞ ദിവസം സാക്ഷിയായത്.
ബുധനാഴ്ച കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ ഭൂചലനത്തിലും കനത്ത മഴയിലുമായി 1000ലധികം പേര്‍ മരിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
1500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിനടിയില്‍ ഇപ്പോഴും നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും താലിബാന്‍ സര്‍ക്കാരിന്റെ വക്താക്കള്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രദേശമായ ഖോസ്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.
തകര്‍ന്നവയില്‍ വലിയൊരു വിഭാഗവും മണ്ണുകൊണ്ടുണ്ടാക്കിയ കെട്ടുറപ്പില്ലാത്ത വാസസ്ഥലങ്ങളാണ്. അഫ്ഗാന്‍ ജനതയുടെ ജീവിതത്തിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള അഭാവവും ജീവിത നിലവാരവും തന്നെയാണ് ഈ അപകടത്തിന്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട കാര്യം. ഇതിന്റെ പ്രധാന ഉത്തരവാദിത്തം സാമ്പത്തികപരമായി രാജ്യത്തെ ഒട്ടും പുരോഗതിയിലേക്ക് നയിക്കാതെ, ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാതെ കാലങ്ങളായി അവിടെ ഭരിച്ചുപോന്ന സര്‍ക്കാരുകള്‍ക്ക് കൂടിയുള്ളതാണ്.
അഫ്ഗാന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കെയാണ് ഭക്ഷണത്തിനും മറ്റ് സഹായങ്ങള്‍ക്കും വേണ്ടി ഇവിടത്തെ ജനങ്ങളും സര്‍ക്കാരും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ടി വരുന്നത് എന്നതും ഒരു വൈരുധ്യമാണ്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെത്തുടര്‍ന്ന് മിക്ക ഉള്‍പ്രദേശങ്ങളില്‍ നിന്നും ഹെലിക്കോപ്റ്ററിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. അതേസമയം, അപകടത്തിന്റെ മുഴുവന്‍ നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടുമില്ല.
താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യം നേരിടുന്ന ഭക്ഷ്യക്ഷാമത്തിന്റെയും സാമ്പത്തിക പ്രതിസന്ധികളുടെയും വാര്‍ത്ത നേരത്തെ തന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭക്ഷണം പോലും ലഭിക്കാതെ ആയിരങ്ങള്‍ പലായനം ചെയ്യുന്നതിന്റെ ചിത്രങ്ങളും പട്ടിണി മൂലം സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ വില്‍ക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരുന്നു.
ഇത്തരം ദുരന്തങ്ങളും താലിബാന്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന മനുഷ്യത്വരഹിതമായ നിയമങ്ങള്‍ മൂലമുള്ള ദുരിതങ്ങളും നിലനില്‍ക്കെത്തന്നെയാണ് ഇപ്പോള്‍ രാജ്യത്തെ നടുക്കി ഭൂചലനവുമുണ്ടായത്.
ഭൂചലനത്തിന് മുമ്പെ തന്നെ അഫ്ഗാന്റെ ആരോഗ്യരംഗം ഒരു സമ്പൂര്‍ണ പരാജയമായിരുന്നു. ഭൂകമ്പത്തില്‍ പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ പോലും നല്‍കാന്‍ പറ്റാത്ത അവസ്ഥയില്‍ ഇരട്ടി പ്രഹരമാണ് അവിടത്തെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്.
വാര്‍ത്താവിനിമയ മര്‍ഗങ്ങളും തടസപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ താലിബാന്‍ സര്‍ക്കാര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
പക്തിക പ്രവിശ്യയിലെ ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണ് ഐക്യരാഷ്ട്രസഭ. അഫ്ഗാനൊപ്പം നില്‍ക്കുന്നുവെന്നും വേണ്ട എല്ലാ സൗകര്യങ്ങളും എത്തിക്കാന്‍ തയാറാണെന്നും ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അഫ്ഗാനിലെ അപകടങ്ങളുടെ ചിത്രങ്ങളെക്കാളും ഭയപ്പെടുത്തുന്ന ഒരു കാര്യം ഇതിന്റെ വാര്‍ത്തകളുടെ കമന്റ് ബോക്‌സുകളില്‍ നടക്കുന്നുണ്ട്. ഭൂകമ്പത്തിന്റെ വാര്‍ത്തകളുടെ താഴെ ചിരിക്കുന്ന ഇമോജികളിടുന്ന ആളുകളുടെ എണ്ണത്തില്‍ ഇത്തവണയും കുറവൊന്നും ഉണ്ടായിട്ടില്ല.
അഫ്ഗാനിലെ ഇന്നത്തെ സ്ഥിതിയെയും മരണങ്ങളെയും ആഘോഷിക്കുന്ന തരത്തില്‍ പൊട്ടിച്ചിരിക്കുന്ന ഇമോജികളും ശാപവാക്കുകള്‍ പോലെയുള്ള കമന്റുകളുമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
താലിബാന്‍ സര്‍ക്കാരിനേറ്റ എന്തോ വലിയ തിരിച്ചടിയും പ്രഹരവുമായാണ് ഇക്കൂട്ടര്‍ ഭൂകമ്പത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ഈ അപകടവും അത് മൂലമുണ്ടായ മരണങ്ങളും സംഭവിക്കേണ്ടത് തന്നെയായിരുന്നു എന്ന രീതിയിലാണ് ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കുന്നത്.
താലിബാനും ഇസ്ലാമിക് സ്റ്റേറ്റും പോലുള്ളവ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് എന്നതില്‍ രണ്ടഭിപ്രായമില്ല. സ്ത്രീകള്‍ക്ക് പ്രാഥമികമായ വിദ്യാഭ്യാസ സ്വാതന്ത്ര്യമോ യാത്രാ സ്വാതന്ത്ര്യമോ നല്‍കാത്ത താലിബാന്‍ ഭരണകൂടമോ നിരന്തരം ആക്രമണങ്ങള്‍ നടത്തി മനുഷ്യജീവനുകള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത ഐ.എസ് പോലുള്ള സംഘടനകളോ അല്ല ഇവിടെ അപകടത്തില്‍ പെട്ടിരിക്കുന്നത്. ഇത്തരം സംഘടനയിലെ അംഗങ്ങളല്ല ഇവിടെ ഭൂചനലനത്തിലും മഴയിലും മണ്ണിനടിയില്‍ പെട്ട് മരിച്ചത്, മറിച്ച സാധാരണ ജനങ്ങളാണ്.
മിഡില്‍ ഈസ്റ്റിലെ സാധാരണ ജനങ്ങള്‍ എന്നാല്‍ അത് അല്‍ ഖ്വയിദയല്ല, ഇറാഖിലെയും സിറിയയിലെയും ജനങ്ങള്‍ എന്നാല്‍ അത് ഐ.എസ് അല്ല, അതുപോലെ തന്നെ അഫ്ഗാനിസ്ഥാന്‍ എന്നോ അവിടത്തെ ജനങ്ങള്‍ എന്നോ പറഞ്ഞാല്‍ അതിനര്‍ത്ഥം താലിബാന്‍ എന്നല്ല, കുറഞ്ഞത്, താലിബാന്‍ മാത്രമല്ല എന്നെങ്കിലും മനസിലാക്കേണ്ടതുണ്ട്.
അഫ്ഗാനിലെ ജനങ്ങളും അവിടത്തെ ജനാധിപത്യ വിരുദ്ധ താലിബാന്‍ സര്‍ക്കാരും രണ്ടും രണ്ടാണ്. പ്രാഥമികമായ ഈ വ്യത്യാസം പോലും തിരിച്ചറിയാതെയുള്ള കമന്റുകള്‍ നിരാശാജനകമാണ്.
അഫ്ഗാനിലെ ജനങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് രാജ്യം ഭരിക്കുന്ന താലിബാന്‍ സര്‍ക്കാരിനെ ഒരുപക്ഷേ സാമ്പത്തിക നഷ്ടങ്ങള്‍ക്കപ്പുറം ഈ ഭൂചലനം ബാധിക്കുന്നുണ്ടാവില്ല. ഇതില്‍ നിന്നും രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് ഒരുപക്ഷേ അവര്‍ക്ക് വെല്ലുവിളിയായിരിക്കാം, എന്നാല്‍ ഈ അപകടം ബാധിക്കപ്പെടാന്‍ പോകുന്നത്, സാധാരണക്കാരായ, ഭൂമിയും വീടും ബന്ധങ്ങളെയും നഷ്ടപ്പെട്ടവരെയാണ്. അവരെയാണ് നമ്മള്‍ അഡ്രസ് ചെയ്യേണ്ടത്, അവരുടെ ആവശ്യങ്ങളാണ് വിവിധ ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുമടക്കമുള്ളവ പരിഗണിക്കേണ്ടത്.
അഫ്ഗാനിലെ വാര്‍ത്തകള്‍ക്ക് താഴെ നിറയുന്ന ചിരിക്കുന്ന ഇമോജികള്‍ക്കും താലിബാന്‍ വസന്തങ്ങള്‍ക്കും അപ്പുറം അഫ്ഗാനിലെ ജനങ്ങളെ കുറിച്ച് ലോകം ചിന്തിക്കേണ്ടത് അനിവാര്യമാണ്
Content Highlight: Social media reaction to the earthquake news in Afghanistan and why it should be resisted