'എന്റെ പേര് മഹേന്ദ്രസിംഗ് ധോണി, ഞാന്‍ 2019 ലെ ലോകകപ്പ് കളിക്കും'; ധോണിയുടെ പ്രകടനത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ
INDIA VS AUSTRALIA
'എന്റെ പേര് മഹേന്ദ്രസിംഗ് ധോണി, ഞാന്‍ 2019 ലെ ലോകകപ്പ് കളിക്കും'; ധോണിയുടെ പ്രകടനത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th January 2019, 5:03 pm

മെല്‍ബണ്‍: ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും സ്വന്തമാക്കി മഹേന്ദ്രസിംഗ് ധോണി. മൂന്ന് ഏകദിനങ്ങളിലും  അര്‍ധസെഞ്ച്വറി നേടിയ ധോണിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണായകമായത്.

ഫോം നഷ്ടപ്പെട്ട് വലഞ്ഞ മുന്‍ നായകന്റെ തിരിച്ചുവരവ് സോഷ്യല്‍മീഡിയയിലും ആരാധകര്‍ ആഘോഷമാക്കി. ഈ പ്രകടനത്തോടെ ധോണി വിരമിക്കണം എന്ന ആര്‍പ്പുവിളികള്‍കള്‍ക്ക് വിരാമമായി എന്നാണ് ആരാധകരുടെ പക്ഷം.

“ധോണി നിങ്ങള്‍ മികച്ച ഫിനിഷറാണെന്ന് വീണ്ടും തെളിയിക്കുന്നു” എന്നാണ് ഒരാളുടെ ട്വീറ്റ്.

എന്റെ പേര് മഹേന്ദ്രസിംഗ് ധോണി, ഞാന്‍ 2019 ലെ ലോകകപ്പ് കളിക്കും എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

ടീമിന് വിലമതിക്കാനാവാത്ത താരമാണ് ഇപ്പോഴും ധോണിയെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറുടെ പ്രതികരണം.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 51 ,55*,87* എന്നിങ്ങനെയാണ് ധോണിയുടെ സ്‌കോര്‍. ഒരുപിടി റെക്കോഡുകളും ധോണി ഈ പരമ്പരയില്‍ സ്വന്തമാക്കി.

ഓസ്‌ട്രേലിയയില്‍ 1000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധോണി ഇന്ന് സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തില്‍ 34 റണ്‍സ് നേടിയതോടെയാണ് ധോണി ചരിത്രനേട്ടത്തിലെത്തിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ എന്നിവരാണ് ധോണിക്കു മുന്‍പ് ഓസീസ് മണ്ണില്‍ 1000 റണ്‍സ് ക്ലബിലെത്തിയത്.

സ്‌കോര്‍ പിന്തുടര്‍ന്നുള്ള ജയത്തില്‍ മികച്ച ബാറ്റിംഗ് ശരാശരിയും (103.7) ധോണിയ്ക്ക് തന്നെ. ഇന്ത്യക്കായി ഏകദിനത്തില്‍ 10000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ധോണി ഈ പരമ്പരയില്‍ സ്വന്തമാക്കി.

ശ്രീലങ്കന്‍ പര്യടനത്തില്‍ തന്നെ ഏകദിനത്തില്‍ 10000 എന്ന നേട്ടത്തിലെത്തിയിരുന്നെങ്കിലും 174 റണ്‍സ് ഏഷ്യന്‍ ഇലവന് വേണ്ടിയായിരുന്നു നേടിയത്.

WATCH THIS VIDEO: