'ഇന്ത്യയില്‍ നിന്നും പറക്കുന്ന അടുത്ത പക്ഷി അമിത് ഷാ ആയിരിക്കും'; കറന്‍സി വിഷയത്തില്‍ ബി.ജെ.പി അധ്യക്ഷന് നേരെ വിരല്‍ ചൂണ്ടി സോഷ്യല്‍ മീഡിയ
national news
'ഇന്ത്യയില്‍ നിന്നും പറക്കുന്ന അടുത്ത പക്ഷി അമിത് ഷാ ആയിരിക്കും'; കറന്‍സി വിഷയത്തില്‍ ബി.ജെ.പി അധ്യക്ഷന് നേരെ വിരല്‍ ചൂണ്ടി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd June 2018, 2:58 pm

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം ഏറ്റവുമധികം കറന്‍സി നിക്ഷേപിക്കപ്പെട്ടത് അമിത് ഷാ ഡയറക്ടറായ ബാങ്കിലാണെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി അധ്യക്ഷനെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയ.

നീരവ് മോദി രാജ്യം വിട്ടതുപോലെ ഇന്ത്യയില്‍ നിന്നും പറക്കുന്ന അടുത്ത പക്ഷി അമിത് ഷായായിരിക്കും എന്നാണ് ചിലരുടെപ്രതികരണം.


Also Read മോദിയെ കാണാന്‍ പല തവണ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു; സംസ്ഥാനത്തോടുള്ള നിഷേധമെന്ന് പിണറായി


“”ഞാന്‍ ഭാവി പ്രവചിക്കുന്ന ആളൊന്നുമല്ല. എങ്കിലും പറയുന്നു, അധികം വൈകാതെ ഇന്ത്യയില്‍ നിന്നും പറക്കുന്ന അടുത്ത പക്ഷി അമിത് ഷായായിരിക്കും, നീരവ് മോദി രാജ്യം വിട്ടതുപോലെ”” എന്നായിരുന്നു ഫേസ്ബുക്കില്‍ ജോസ് ജോസഫ് എന്നയാള്‍ പ്രതികരിച്ചത്.

“”അഞ്ച് ദിവസത്തിനുള്ളില്‍ 750 കോടി രൂപ. അഞ്ച് ദിവസവും 12 മണിക്കൂര്‍ നേരം ബാങ്ക് തുറന്നുവെച്ചാലും ഏകദേശം 12.5 കോടി രൂപ ഒരു മണിക്കൂറില്‍ നിക്ഷേപിച്ചു. അതിനര്‍ത്ഥം ഓരോ കസ്റ്റമേഴ്‌സിനും 1 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുമതി നല്‍കി. അങ്ങനെ നോക്കിയാല്‍ ഓരോ മണിക്കൂറിലും 1250 കസ്റ്റമറെ ഡീല്‍ ചെയ്തു. അത്ഭുതം… അമിത് ഷായുടെ ബാങ്കില്‍ മാത്രം നടക്കുന്ന കാര്യം. – ജേക്കബ്ബ് ജോര്‍ജ് എന്നയാള്‍ ട്വിറ്ററില്‍ കുറിക്കുന്നു.

തീര്‍ച്ചയായും നോട്ട് നിരോധനം ബി.ജെ.പിയെ സംബന്ധിച്ചും മാസ്റ്റര്‍ സ്‌ട്രോക്ക് ആയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, രാജ്യത്തെ 1.3 ബില്യണ്‍ ആളുകളാണ് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നത്. എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

നോട്ട് നിരോധനം രാജ്യത്ത് നടന്ന സംഘടിതമായ കൊള്ളയാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത് സത്യമായി ഭവിച്ചിരിക്കുന്നു” എന്നായിരുന്നു സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചത്.

“” നോട്ട് നിരോധനം കൊണ്ട് ആര്‍ക്കാണ് ഗുണം ലഭിച്ചത്? ദിവസക്കൂലിക്കാരന് ഗുണമില്ല. ചെറിയ ടെക്‌സ്‌റ്റൈല്‍ യൂണിറ്റ് മാനുഫാക്ചര്‍ക്കും ഗുണം ലഭിച്ചിട്ടില്ല. ബനാറസ് സാരി നെയ്ത്തുകാരനോ അതിന്റെ ഡീലര്‍ക്കോ ഗുണം ലഭിച്ചില്ല. നോട്ട് നിരോധനത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചത് ഏത് പാര്‍ട്ടിയാണ്? എം.എല്‍.എമാരേയും പാര്‍ട്ടിക്കാരേയും പണമെറിഞ്ഞ് വിലക്കെടുത്തത് ആരാണ്? മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പിന്‍വലിക്കാന്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെല്ലുത്തുന്നത് ആരാണ്? അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണഭോക്താക്കള്‍- ആക്ടിവിസ്റ്റ് ടീസ്ത സെതില്‍വാദ് ട്വിറ്ററില്‍ കുറിച്ചു.

അഹമ്മദാബാദിലെ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനിടെ 745 കോടി രൂപയുടെ നിരോധിത കറന്‍സി നിക്ഷേപിക്കപ്പെട്ടു എന്ന വിവരാവകാശ രേഖയായിരുന്നു പുറത്തുവന്ത്.

മുംബൈയിലുള്ള ഒരു വ്യക്തി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് വിവരം പുറത്ത് വന്നത്. നോട്ട് നിരോധനം കഴിഞ്ഞുള്ള ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ 745 കോടിരൂപയാണ് അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സഹകരണ ബാങ്കുകള്‍ ആളുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കാനുള്ള സാധ്യത പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അമിത് ഷായാണ് ഇപ്പോഴും ബാങ്കിന്റെ ഡയറക്ടര്‍. നിക്ഷേപം നടന്നതില്‍ രണ്ടാം സ്ഥാനം രാജ്കോട്ടിലെ സഹകരണ ബാങ്കിനാണ്. ഇതിന്റെ ചെയര്‍മാന്‍ ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിയായ ജയേഷ്ഭായ് റഡാഡിയയാണ്. 693 കോടി മൂല്യമുള്ള പഴയ കറന്‍സിയാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.