Kerala News
വറ്റിവരണ്ട തലയോട്ടിയല്ല, പ്രായം തളര്‍ത്താത്ത സമരോത്സുകതയാണ് വി.എസ്; വി.എസിനെ ആക്ഷേപിച്ച സുധാകരനെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 18, 06:07 am
Friday, 18th October 2019, 11:37 am

കോഴിക്കോട്: മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ വ്യക്തിപരമായി ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുധാകരനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്’ എന്നായിരുന്നു വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ചുകൊണ്ട് സുധാകരന്റെ ചോദ്യം.

വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ‘വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ.

ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്?’- അദ്ദേഹം ചോദിച്ചു. 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് ഈ കേരളത്തിനു കിട്ടിയതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വറ്റിവരണ്ട തലയോട്ടിയല്ല പ്രായം തളര്‍ത്താത്ത സമരോത്സുകതയാണ് വി.എസ് എന്നാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.


വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തുചെയ്യാനാകുമെന്ന് വയലാര്‍ കാണിച്ചുതരുമ്പോള്‍ മനസിലാകുമെന്നാണ് അഖില്‍ നൂറനാട് എന്നൊരാളുടെ കമന്റ്. ഖദറിട്ട രാഷ്ട്രീയ ഗുണ്ടയല്ല, വിപ്ലവകാരിയാണ് വി.എസ് എന്നാണ് മറ്റൊരാളുടെ കമന്റ്.

WATCH THIS VIDEO: