ലുട്ടാപ്പിയുടെ തിരോധാനം: എന്‍. റാം ഇടപെടണം
FB Notification
ലുട്ടാപ്പിയുടെ തിരോധാനം: എന്‍. റാം ഇടപെടണം
ശ്രീഹരി ശ്രീധരന്‍
Saturday, 9th February 2019, 11:37 am

ലേശം കുറുമ്പുകള്‍ ഒക്കെ കയ്യിലുണ്ടെങ്കിലും നല്ലൊരു മനസിനുടമയായിരുന്നു ശ്രീ ലുട്ടാപ്പി. കുട്ടൂസന്‍ നേതൃത്വം നല്‍കുന്ന ഈവിള്‍ ആക്‌സിസിന്റെ ഭാഗമായിരിക്കെ തന്നെ അവിടെ ഒരു voice of reason ആയി വര്‍ത്തിച്ചിരുന്നതും ലുട്ടാപ്പിജി ആയിരുന്നു. ശ്രീ ലുട്ടാപ്പിജി വളര്‍ന്നുവന്ന പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍ പ്രശംസനീയമായ നേട്ടം തന്നെയാണത്. അതിഭീകരമായ ഒരു വ്യക്തിത്വത്തിനുടമായിരുന്നു തുടക്കകാലത്ത് അദ്ദേഹം. ഡാകിനിയും കുട്ടൂസനും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കഠിനക്രിയകളിലൂടെ ഹോമകുണ്ഡത്തില്‍ നിന്നും ഉരുവാക്കിയതാണ് ലുട്ടാപ്പിയെ. “ഭിം ഭും ലുട്ടാപ്പി, ഭും ഭിം ലുട്ടാപ്പി” എന്നൊക്കെയുള്ള ഘോരമായ മന്ത്രതന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ആഭിചാരക്രിയയായിരുന്നു അത്.

നിങ്ങള്‍ക്കോര്‍മ കാണും. അന്ന് തീ തുപ്പുന്ന അപകടകാരിയായ ഒരു കൊലയാളി ആയിരുന്നു ലുട്ടാപ്പിജി. വര്‍ഷങ്ങള്‍ പോകെ ലുട്ടാപ്പിജി സ്വന്തം നിലപാടുകളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ തയ്യാറായി. കുട്ടൂസ്-ഡാകിനിമാരുടെ മണ്ടന്‍ ഐഡിയകള്‍ കേള്‍ക്കുമ്പോള്‍ voice of reason ആയി എതിരഭിപ്രായം പറയാന്‍ ലുട്ടാപ്പിജി സദാ ജാഗരൂകന്‍ ആയിരുന്നു.

എന്നാല്‍ ഡാകിനയമ്മൂമ്മയുടെ ഹെജിമോണിക് അധികാരരൂപത്തോട് പൊരുതി ജയിക്കാന്‍ ഉള്ള സാമൂഹ്യമൂലധനം പിന്നാക്ക ചാത്തന്‍ കുലത്തില്‍ നിന്ന് വരുന്ന ലുട്ടാപ്പിജിയ്ക്ക് ഉണ്ടായിരുന്നില്ല. സാമൂഹ്യശ്രേണിയില്‍ മന്ത്രവാദികള്‍ ഉന്നതസ്ഥാനം കയ്യാളിയിരിക്കുന്നു. കുട്ടൂസ്-ഡാകിനിമാരുടെ മണ്ടന്‍ ഐഡിയകളുടെ ദുരന്തപര്യവസാനത്തിന്റെ ക്രൂരപീഢനങ്ങള്‍ ഏറ്റവും ബാധിച്ചിരുന്നത് ലുട്ടാപ്പിജിയെ ആണെന്നതും പ്രസ്താവ്യമാണ്.

ഡാകിനിയുടെ ബന്ധുവായ ഏതോ ഒരു ഡിങ്കിണിയെ ലുട്ടാപ്പിക്ക് പകരമായി ബാലരമ നിയമിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമായ നീക്കമാണ്. ഹീനമായ ബന്ധുനിയമനമാണിതെന്ന് ഇന്ന് കണ്ട വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചനയും അഴിമതിയും സ്വാര്‍ഥതാല്പര്യങ്ങളും പുറത്ത് കൊണ്ട് വരാന്‍ ദ ഹിന്ദുവിലെ എന്‍. റാമിനെപ്പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മുന്നോട്ട് വരണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കാര്യങ്ങളുടെ പോക്ക് ഈ വിധമാണെങ്കില്‍ ഇനിവരുന്നൊരു തലമുറയ്ക്കിനി ബാലരമ വായന സാധ്യമാകുമോ എന്ന് തന്നെ ഭയപ്പെടേണ്ടിയിരിക്കുന്നു.