'ഇത് സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ' എസ്.ബി.ഐയുടെ പിടിച്ചുപറിക്കെതിരെ തീപ്പന്തമാകൂവെന്ന് സോഷ്യല്‍ മീഡിയ
Kerala
'ഇത് സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ' എസ്.ബി.ഐയുടെ പിടിച്ചുപറിക്കെതിരെ തീപ്പന്തമാകൂവെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th May 2017, 2:45 pm

കോഴിക്കോട്: ഓരോ എ.ടി.എം ഉപയോഗത്തിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്.ബി.ഐ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. സാധാരണക്കാരെ കൊള്ളയടിക്കുകയാണ് എസ്.ബി.ഐ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ജൂണ്‍ ഒന്നുമുതല്‍ എല്ലാ എ.ടി.എം ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന എസ്.ബി.ഐ തീരുമാനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നിലവില്‍ ഒരുമാസം അഞ്ചു തവണ എ.ടി.എം സേവനങ്ങള്‍ സൗജന്യമായിരുന്നു. എ.ടി.എം സേവനങ്ങള്‍ക്കു പുറമേ എ.ടി.എമ്മിനും മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുക്കുന്നതിനും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. പണമിടപാടുകള്‍ക്ക് രാജ്യത്തെ ഒട്ടേറെ സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുമേഖലാ ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.


Must Read: ‘എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്’ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ റസ്റ്റോറന്റില്‍ കയറിയ ആള്‍ പറയുന്നു 


ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയല്ല സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യയാണെന്നാണ് തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ശ്രീകാന്ത് പി.കെ ഫേസ്ബുക്കില്‍ കുറിച്ചത്. .

“സ്വകാര്യ മൂലധനത്തിന്റെ കച്ചവട പിഴിയലുകളില്‍ നിന്ന് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കാറുള്ളത് പൊതുമേഖലാ സ്ഥാപനങ്ങളാണെന്നാണ് വെപ്പ്. ആ വെപ്പൊക്കെ പഴം കഥയാകാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.തലേല്‍ കെട്ടു കാരന്‍ വെടിപ്പാക്കാന്‍ തുടങ്ങിയത് താടിക്കാരന്‍ പൂര്‍ത്തിയാക്കിക്കോളും.
ജൂണ്‍ 1 മുതല്‍ SBI എ ടി എം സൗജന്യ സേവനം നിര്‍ത്തുന്നത്രേ.ഓരോ ട്രാന്‍സാക്ഷനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന്. State Blade of India.25 രൂപയേ

സ്റ്റേറ്റ് താല്‍പ്പര്യങ്ങളും മൂലധന താല്‍പ്പര്യങ്ങളും ഒരു പോലെ ആവുന്ന സാഹചര്യത്തെ പണ്ട് മുസോളിനി എന്തോ പേരിട്ട് വിളിച്ചിരുന്നു.ആ എന്തേലുമാവട്ട്.നമുക്ക് അടുത്ത ട്രോളുണ്ടാക്കാം..” ശ്രീകാന്ത് കുറിക്കുന്നു.

 

“ജീവിച്ചിരിക്കുന്നതിന് എസ്.ബി.ഐക്ക് സര്‍വ്വീസ് ചാര്‍ജ് കൊടുക്കണാവോ?” എന്നാണ് എസ്.ബി.ഐ നിലപാടിനെ പരിഹസിച്ചുകൊണ്ട് മുരളി വെട്ടത്ത് ചോദിക്കുന്നത്.

പരിഷ്‌കൃതവും സംഘടിതവുമായ പിടിച്ചുപറിയാണ് എസ്.ബി.ഐ നടത്തുന്നതെന്നാണ് ഷരീഫ് സാഗര്‍ അഭിപ്രായപ്പെടുന്നത്.

“ആദ്യം പറഞ്ഞു, സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങാമെന്ന്. അങ്ങനെ കുറെ പാവങ്ങള്‍ അക്കൗണ്ട് തുടങ്ങി. പിന്നെ പറഞ്ഞു, മിനിമം ബാലന്‍സ് വേണമെന്ന്. അങ്ങനെ ഇല്ലാത്ത പൈസ ഉണ്ടാക്കി മിനിമം ബാലന്‍സ് തികച്ചു. ഇനി പറയുന്നു, ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് വേണമെന്ന്.

പരിഷ്‌കൃതവും സംഘടിതവുമായ പിടിച്ചുപറിയാണ് എസ്.ബി.ഐ നടത്തുന്നത്. കോര്‍പറേറ്റുകള്‍ മുക്കിയ കോടികളുടെ ബാധ്യത സാധാരണക്കാരില്‍ കെട്ടിയേല്‍പിക്കുകയാണ്. അളമുട്ടിയാലും കടിക്കാത്ത ചേരകളാണ് ഇന്ത്യയിലെ ജനങ്ങളെന്ന് നോട്ട് നിരോധനത്തോടെ തെളിഞ്ഞതാണ് ഈ നടപടികള്‍ക്ക് പിന്നിലെ ധൈര്യം. ഉപരിവര്‍ഗം നിവൃത്തികൊണ്ടും സാധാരണക്കാര്‍ നിവൃത്തികേടുകൊണ്ടും ഇതൊക്കെ സഹിച്ചേക്കും എന്ന ബോധ്യം. രാജ്യത്ത് അനധികൃത പണമിടപാടുകള്‍ പെരുകാന്‍ ഇതില്‍പരം കാരണങ്ങള്‍ വേണ്ട. പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഡിജിറ്റലായി എങ്ങനെ കൊള്ളയടിക്കാം, കൈയിട്ടു വാരാം എന്നൊക്കെയാണ് എസ്.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സംഘടിതമായ “അക്കൗണ്ട് ക്ലോസിങ് സെറിമണി” നടത്തിയാണ് സാധാരണക്കാര്‍ പ്രതികരിക്കേണ്ടത്.” ഷരീഫ് കുറിക്കുന്നു.

 

“പൊതുമേഖലാ ബാങ്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിനെയാണോ ബാങ്കു കൊള്ള എന്നു പറയുന്നത്!!” എന്നു കുറിച്ചുകൊണ്ട് രാകേഷ് കൊന്നി ഇത് കൊള്ളയാണെന്ന തുറന്നടിക്കുന്നു.

“നരേന്ദ്രമോദിയേ ഞങ്ങള്‍ക്കറിയാം.
ഇരക്കൊപ്പം.
മോദിക്കൊപ്പം.
അവന്റെ മരമണ്ടത്തരങ്ങള്‍ക്കൊപ്പം.
രാജ്യപുരോഗതിക്കു 25 രൂപാ നല്‍കാന്‍ കഴിയാത്തവര്‍ പാകിസ്ഥാനില്‍ പോകുക.” എന്നാണ് രാഹുല്‍ പശുപാലിന്റെ പോസ്റ്റ്.

 

 

“ഇതിലും നല്ലത് പിടിച്ചു പറിയായിരുന്നു” എന്നാണ് സരിന്‍ പി.കെയുടെ കുറിപ്പ്.


എസ്.ബി.ഐയുടെ നടപടി ജനങ്ങളോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണെന്നു പറഞ്ഞ ജെ.സി കോല്ലം എസ്.ബി.ഐയ്‌ക്കെതിരെ തീപ്പന്തമാകൂവെന്നും ആവശ്യപ്പെടുന്നു.

“ഒരോ എ.ടി.എം ഇടപാടിനും എസ്ബിഐ. ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത.ജൂണ്‍ ഒന്ന് മുതല്‍ നടപ്പില്‍ വരുത്താനാണ് നീക്കം.
ജനങ്ങളോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണിത്.ഇടപാടുകാരെ പിഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് മൂലധനമൊരുക്കുന്ന ബാങ്കിന്റെ ഈ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ജന രോഷം ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പച്ചയായ പിടിച്ചുപറിയാണിത്..മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ,അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഫീസ്,മൂന്നില്‍ കൂടുതല്‍ തവണ എ.ടി.എം ഉപയോഗിച്ചാല്‍ അതിന് പിഴ,ഇപ്പോള്‍ ഓരോ ഇടപാടിനും ഫീസ്.കോട്ടും സ്യൂട്ടും ഇട്ട് പിടിച്ചു പറിക്കുന്നതിലും ഭേദം പോയി ഭിക്ഷയെടുത്ത് ജീവിക്കുന്നതാണ് നല്ലത്.നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍.” അദ്ദേഹം കുറിക്കുന്നു.

അതേസമയം #boycottSBI എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.