| Thursday, 15th April 2021, 4:03 pm

ഈ ശൂന്യത സൃഷ്ടിച്ചത് ആര്‍.എസ്.എസാണ്; അഭിമന്യുവില്ലാത്ത പരീക്ഷാമുറിയിലെ ഒഴിഞ്ഞ ബെഞ്ചിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വള്ളിക്കുന്ന്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ പരീക്ഷാ മുറിയുടെ ചിത്രവുമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

അഭിമന്യു പരീക്ഷയ്ക്കിരിക്കേണ്ടിയിരുന്ന സ്ഥലത്തെ ഒഴിച്ചിട്ടിരിക്കുന്ന ബെഞ്ചും എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന മറ്റു വിദ്യാര്‍ത്ഥികളുമാണ് ഈ ഫോട്ടോയിലുള്ളത്. ഈ ശൂന്യത സൃഷ്ടിച്ചത് ആര്‍.എസ്.എസാണെന്നും എന്നാല്‍ അത് പറയാന്‍ പലര്‍ക്കും മടിയാണെന്നും ഫോട്ടോയ്ക്ക് താഴെ ചിലര്‍ എഴുതി.

ശൂന്യത എന്ന ക്യാപ്ഷനോടെയാണ് പലരും ചിത്രം പങ്കുവെയ്ക്കുന്നത്. സഹിക്കാന്‍ പറ്റുന്നില്ലെന്നും പൊറുക്കാനാകില്ലെന്നുമാണ് മറ്റു കമന്റുകള്‍. നിരവധി പേരാണ് ഇതിനോടകം ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്.


ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് സി.പി.ഐ.എം ആരോപിച്ചു. ആര്‍.എസ്.എസിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റിയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Social Media protest against RSS over Alapuzha Abhimanyu murder, photo of his deserted bench in exam hall goes viral

We use cookies to give you the best possible experience. Learn more