കോഴിക്കോട്: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ മാറ്റിനിര്‍ത്തിയ വാര്‍ത്ത മാധ്യമം പത്രം റിപ്പോര്‍ട്ടു ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ലക്ഷ്മി നായരെ കുതിരയാക്കി ഒരിടത്ത് കെട്ടിയിട്ടിരിക്കുന്ന കാര്‍ട്ടൂണിനൊപ്പം “തളച്ചു” എന്ന തലക്കെട്ടിലാണ് മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
വിനീത് എസ് പിള്ളയാണ് ലക്ഷ്മിനായരെ കുതിരയുടെ രൂപത്തിലാക്കി കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്.
മാധ്യമത്തിന്റെ ഈ നിലപാട് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ത്രീവിരുദ്ധതയുടെ തെളിവാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. “സ്ത്രീയെ ഇങ്ങനെ കാണുന്ന ജമാഅത്ത് ശീലം അവസാനിപ്പിക്കുക” എന്നു കുറിച്ചുകൊണ്ടാണ് നാടകകൃത്തായ ശ്രീജിത്ത് പൊയില്‍കാവ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
“സ്ത്രീവിരുദ്ധത ബാധിച്ച് മാധ്യമം ഇത്ര തരംതാഴരുതെന്നാണ് ” ശ്രീജിത് കൊണ്ടോട്ടിയുടെ പ്രതികരണം.
“ഇക്കണ്ട കാലം ഇവിടെ ജോലി ചെയ്ത മികച്ച മാധ്യമപ്രവര്‍ത്തകരുടെയെല്ലാം പ്രയത്‌നത്തിന്റെ തിളക്കം, ഇതാ ഇതോടെ അവസാനിച്ചു. ഷെയിം ഓണ്‍ യു” എന്നു പറഞ്ഞുകൊണ്ടാണ് മാധ്യമപ്രവര്‍ത്തക അനുപമ വെങ്കിടേഷ് പത്രത്തിന്റെ നടപടിയെ വിമര്‍ശിക്കുന്നത്.
“ഈ ചിത്രവും വാര്‍ത്തയുടെ തലകക്കെട്ടും തനി ആഭാസമായിപ്പോയി ” എന്ന് രഞ്ജിത് രാജശേഖരന്‍ കുറിക്കുന്നു.