| Saturday, 5th November 2022, 10:13 am

ടി-20യുടെ കിങ് കോഹ്‌ലിയല്ല, അത് റാഷിദ് ഖാനാണ്; അഫ്ഗാന്‍ സൂപ്പര്‍ താരത്തെ പ്രശംസകൊണ്ടുമൂടി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ടി-20 ലോകകപ്പ് ഗ്രൂപ്പ് വണ്ണില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ഓസീസിനെ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അര്‍ധ സെഞ്ച്വറിയുടെയും മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെയും ബലത്തില്‍ 168 റണ്‍സ് സ്വന്തമാക്കിയിരുന്നു. മാക്‌സ് വെല്‍ 32 പന്തില്‍ നിന്നും 54 റണ്‍സും മാര്‍ഷ് 30 പന്തില്‍ നിന്നും 45 റണ്‍സും നേടി.

ഇവര്‍ക്ക് പുറമെ ഡേവിഡ് വാര്‍ണറും മാര്‍കസ് സ്റ്റോയിന്‍സും ചെറുത്തുനിന്നതോടെയാണ് ഓസീസ് സ്‌കോര്‍ ഉയര്‍ന്നത്. 20 ഓവറില്‍ എട്ട് വിക്കറ്റിന് 168 റണ്‍സാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹഖ് നാലോവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫാറൂഖിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാനും മുജിബുര്‍ റഹ്‌മാനുമാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് റഹ്‌മാനുള്ള ഗുര്‍ബാസ് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ ഉസ്മാന്‍ ഘാനിയെ അഫ്ഗാന് നഷ്ടമായിരുന്നു. പിന്നാലെയെത്തിയ ഇബ്രാഹീം സദ്രാനും ഗുല്‍ബാദിന്‍ നയീബും റണ്‍സ് ഉയര്‍ത്തി.

ഗുര്‍ബാസ് 17 പന്തില്‍ നിന്നും 30 റണ്‍സ് നേടിയപ്പോള്‍ സദ്രാന്‍ 33 പന്തില്‍ നിന്നും 26 റണ്‍സും നയിബ് 23 പന്തില്‍ നിന്നും 39 റണ്‍സും നേടി.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് നബി അടക്കമുള്ളവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അഫ്ഗാനിസ്ഥാന്‍ പരാജയം മണത്തു. എന്നാല്‍ ഓസീസിനെ ഞെട്ടിച്ചുകൊണ്ട് റാഷിദ് ഖാന്റെ വെടിക്കെട്ടായിരുന്നു അഡ്‌ലെയ്ഡില്‍ കണ്ടത്.

23 പന്തില്‍ നിന്നും നാല് സിക്‌സറും മൂന്ന് ഫോറുമായി പുറത്താവാതെ 48 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. തോറ്റുതുടങ്ങിയ അഫ്ഗാനെ വിജയത്തിന് അടുത്ത് വരെയെത്തിച്ചെങ്കിലും വിജയിപ്പിക്കാന്‍ മാത്രം റാഷിദിനായില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് റണ്‍സ് അകലെ കാലിടറി വീണു.

ഓസ്‌ട്രേലിയയെ വിറപ്പിച്ചുനിര്‍ത്തിയ റാഷിദ് ഖാനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. പ്രശംസകളുടെ പ്രവാഹമാണ് റാഷിദ് ഖാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടി-20 ഫോര്‍മാറ്റിലെ രാജാവ് എന്നായിരുന്നു പി.എസ്.എല്ലിലെ ഇസ്‌ലമാബാദ് യുണൈറ്റഡിന്റെ ഒഫീഷ്യലായ റഹ്‌മാന്‍ ഉള്‍ ഹഖ് താരത്തെ വിശേഷിപ്പിച്ചത്. റാഷിദിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്നും റാഷിദ് എക്കാലത്തേയും മികച്ച താരമാണെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മിയും താരത്തിന്റെ ഇന്നിങ്‌സിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഓസീസ് സെമി സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് – ശ്രീലങ്ക മത്സരത്തിന്റെ വിധിയെ ആശ്രയിച്ചാവും ഓസീസിന്റെ സെമി പ്രവേശനം ഉണ്ടാവുക.

Content Highlight: Social Media praises Rashid Khan after his magnificent innings against Australia

We use cookies to give you the best possible experience. Learn more