| Monday, 10th October 2022, 10:53 pm

വ്യത്യസ്ത മാത്രമല്ല, 71ാം വയസിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജാണ്; കത്തിപ്പടര്‍ന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്ര തെരഞ്ഞെടുപ്പും നിര്‍മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളുടെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാകുന്നുണ്ട്. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

പുഴുവിലെയും റോഷാക്കിലെയും റിലീസിനൊരുങ്ങുന്ന നന്‍ പകല്‍ നേരത്തിലെയുമെല്ലാം കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ വരുന്നത്. പുതുമക്ക് പിന്നാലെയാണ് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ യാത്രയെന്നും അതുകൊണ്ടാണ് മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതെന്നും ഇവര്‍ പറയുന്നു.

അഭിനയത്തോടുള്ള ദാഹം തീരുന്നില്ലെന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ആവര്‍ത്തിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ബെസ്റ്റ് ടൈം ഇനിയാണ് വരാന്‍ പോകുന്നതെന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ ശരിയാവുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.

എന്നാല്‍ ഇപ്പോള്‍ അങ്ങനെ പരീക്ഷണവും വ്യത്യസ്തതയും മാത്രമല്ല, മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് അന്നും ഇന്നും എന്നുമെന്ന് തെളിയിക്കുകയാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. 2022ല്‍ പുറത്തിറങ്ങിയ നാല് ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ തങ്ങളുടെ വാദം ഉന്നയിക്കുന്നത്.

ഭീഷ്മ പര്‍വ്വത്തിലൂടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയ മമ്മൂട്ടി പുഴുവിലൂടെ അഭിനയ പ്രാധാന്യമുള്ള വേഷം ചെയ്തു. അതേസമയം തന്നെ 30 വര്‍ഷം മുന്‍പ് ചെയ്ത ഐക്കോണിക് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐയെ ദി ബ്രെയ്‌നിലൂടെ റിക്രിയേറ്റ് ചെയ്തു.

ഇതെല്ലാം അഭിനയത്തിനും താരപ്പകിട്ടിനുമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ നിര്‍മാതാവ് എന്ന നിലയിലുള്ള മമ്മൂട്ടിയെയാണ് പിന്നീട് ഇവര്‍ പുകഴ്ത്തുന്നത്. സ്വന്തം നിര്‍മാണ കമ്പനിക്ക് കീഴില്‍ പരീക്ഷണ ചിത്രങ്ങളും ചെയ്യുമെന്ന് റോഷാക്കിലൂടെ മമ്മൂട്ടി തെളിയിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ തങ്ങളുടെ മമ്മൂട്ടി നിരീക്ഷണങ്ങളുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ടൈം ഇതല്ലെന്നും നേരത്തെ ഇതിലും മികച്ചതും വ്യത്യസ്തവുമായ പരീക്ഷണങ്ങള്‍ മമ്മൂട്ടി നടത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

എന്തായാലും റോഷാക്ക് എന്ന ചിത്രത്തിലൂടെ തീപ്പൊരി ചര്‍ച്ചകള്‍ക്കാണ് തന്റെ 71ാം വയസിലും മമ്മൂട്ടി മരുന്നിട്ടിരിക്കുന്നത്.

Content Highlight: Social media praises Mammootty for his versatility

Latest Stories

We use cookies to give you the best possible experience. Learn more