| Sunday, 11th December 2022, 9:15 am

ലോലനില്‍ നിന്നും ജോയി വരെ, അപാര ട്രാന്‍സ്ഫര്‍മേഷന്‍; ശബരീഷിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ കരിക്ക് ചാനലിലൂടെ റിലീസായി ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ വെബ് സീരിസാണ് സാമര്‍ത്ഥ്യ ശാസ്ത്രം. ആറ് എപ്പിസോഡുകളടങ്ങിയ സീരിസിന്റെ അവസാന എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

പല സ്ഥലങ്ങളിലായി പല സാഹചര്യങ്ങളിലായി ജീവിക്കുന്ന അഞ്ച് പേരെ ഒരാള്‍ തട്ടിപ്പിന് ഇരയാക്കുന്നതും ഇവര്‍ നഷ്ടപ്പെട്ട പണത്തിനായി ഒരുമിച്ച് കൂടുന്നതും തുടര്‍ന്ന് നടത്തുന്ന നീക്കങ്ങളിലൂടെയുമാണ് സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ കഥ മുന്നേറുന്നത്.

ഇതിനോടകം തന്നെ ശ്രദ്ധ നേടിയ സാമര്‍ത്ഥ്യ ശാസ്ത്രം അവസാന എപ്പിസോഡുമെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാവുകയാണ്. ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷിനെയാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്നത്. കരിക്കിന്റെ തേരാപാര മുതലുള്ള സീരിസുകളില്‍ ഹ്യൂമര്‍ വേഷങ്ങളിലാണ് സാധാരണ ശബരീഷ് വന്നിട്ടുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി സൗമ്യനായ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു കഥാപാത്രമായിരുന്നു സാമര്‍ത്ഥ്യ ശാസ്ത്രത്തിലേത്. ആ മാറ്റം ശരിക്കും പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും അവസാന എപ്പിസോഡില്‍.

ലോലനില്‍ നിന്നും ജോയിയിലേക്കുള്ള ട്രാന്‍സ്ഫര്‍മേഷന്‍ അവിശ്വസനീയമാണെന്നാണ് ഒരു കമന്റ്. ജോയിയും ഡെയ്‌സിയും ഒന്നിച്ചുള്ള റൊമാന്റിക് പോര്‍ഷന്‍സും മികച്ച രീതിയില്‍ തന്നെ ചെയ്തുവെന്നും പ്രേക്ഷകര്‍ പറയുന്നു. അവസാന എപ്പിസോഡില്‍ ഡെയ്‌സിയുടെ നിഷകളങ്കത നോക്കിയിരിക്കുന്ന ജോയിയേയും പിന്നീട് കുറ്റബോധത്തോടെ അവളെ നോക്കുന്ന ജോയിയേയും ശബരീഷ് മനോഹരമായി തന്റെ എക്‌സ്‌പ്രെഷനിലൂടെ കൊണ്ടുവന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സീരിസിനെ കേരള മണി ഹെയ്‌സ്‌റ്റെന്നും വിശേഷിപ്പിക്കുന്ന പ്രേക്ഷകരുണ്ട്. ക്ലൈമാക്‌സ് അണ്‍പ്രെഡിക്റ്റബിളായിരുന്നു എന്നും അവസാനം വരെ ജോര്‍ജിനെ പ്രതീക്ഷിച്ചിരുന്നു എന്നും പ്രക്ഷകര്‍ പറയുന്നു. അതേസമയം പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തോടും സാമര്‍ത്ഥ്യ ശാസ്ത്രത്തെ താരതമ്യപ്പെടുത്തുന്നവരുണ്ട്.

വേണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണ ചന്ദ്രന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 24 വയസുള്ള കൃഷ്ണ ചന്ദ്രനാണ് സുര നമ്പൂതിരിയും ഭവാനിയമ്മയും രതീഷ് സാറും വേണുവുമൊക്കെയായി എത്തിയതെന്ന് പ്രേക്ഷകര്‍ അത്ഭുതപ്പെട്ടിരുന്നു. അതേസമയം സീരിസ് തീര്‍ന്നതില്‍ നിരാശപ്പെടുന്ന പ്രേക്ഷകരും ഉണ്ട്.

ശ്യാമിന്‍ ഗിരീഷാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. നിലീന്‍ സാന്‍ഡ്ര ആണ് തിരക്കഥ. നിലീന്‍ സാന്‍ഡ്ര, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, റീനു സണ്ണി, ദേവി വര്‍മ, ഷൈനി സാറ, ജിന്‍സ് ഷാന്‍, സ്നേഹ ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Contentb Highlight: Social media praised Shabarish sajjin’s perfomanace in samarthya shasthram 

We use cookies to give you the best possible experience. Learn more