കോഴിക്കോട്: കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനും പൊലീസിനും എതിരെ വിമര്‍ശനവും പരിഹാസവും. ഇരുവരുടെയും പക്കല്‍ നിന്നു ലഘുലേഖകള്‍ കണ്ടെടുത്തെന്ന പൊലീസ് വാദത്തിനെതിരെയാണു പരിഹാസരൂപത്തിലും വിമര്‍ശനാത്മകമായും പോസ്റ്റുകള്‍ വരുന്നത്. എന്തു വായിക്കണമെന്നും എപ്പോ വായിക്കണമെന്നതും സര്‍ക്കാര്‍ പറഞ്ഞുതരണമെന്ന തരത്തിലാണ് പോസ്റ്റുകള്‍ വരുന്നത്.
‘എന്തു വായിക്കണം, എപ്പോ വായിക്കണം, ഏതൊക്കെ പുസ്തകങ്ങള്‍ കൈവശം വെയ്ക്കാം. മറിച്ചു നോക്കാവുന്ന പുസ്തകങ്ങള്‍ ഏവ? ലഘുലേഖകള്‍? ഒരു ലിസ്റ്റ് ഗവണ്‍മെന്റ് ഇറക്കിയാല്‍ വല്യ ഉപകാരമായി’ എന്നും ഒരു പുസ്തകം കൈയിലുണ്ടായാല്‍ മതിയെന്നു ബോധ്യായി എന്നുമാണ് ഷൗക്കത്ത് കാരമട ഫേസ്ബുക്കില്‍ എഴുതിയത്.
വീട്ടില്‍ മാവോ സൂക്തങ്ങളും ബൊളീവിയന്‍ ഡയറിയും മോട്ടോര്‍ സൈക്കിള്‍ ഡയറീസുമുണ്ടെന്നു പറയുന്ന മുഹമ്മദ് ഷമീമിന്റെ പോസ്റ്റിലെ രണ്ടു വാചകങ്ങള്‍ ഇങ്ങനെ-
‘മാനം മര്യാദയ്ക്കു ദേശസ്‌നേഹിയായി ജീവിക്കാന്‍ വേണ്ടി ഇതെല്ലാം കത്തിച്ചു കളയണമെന്ന് അമിത് ഷാ പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ, യു.എ.പി.എയും പൊക്കിപ്പിടിച്ച് കേരളാ പൊലീസും അക്ഷരവേട്ടക്കിറങ്ങിയാല്‍ എന്തു ചെയ്യും?’ എന്നായിരുന്നു ഷമീമിന്റെ പോസ്റ്റ്.
മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്‌ട്രോ, ഗുവേര തുടങ്ങി ഒട്ടേറെപ്പേരുടെ പുസ്തകങ്ങള്‍ തന്റെ വീട്ടിലുണ്ടെന്നു പറയുന്ന ഡോ. ആസാദ് ഭരണകൂടത്തോട് ഒരു കൈയാമവുമായി വരാന്‍ പറയുന്നു.
‘ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണു കത്തിച്ചു കളയേണ്ടത്?’ എന്നും കൂട്ടുകാരുമൊത്ത് ബസ് സ്റ്റോപ്പിലിരിക്കുമ്പോള്‍ ആരോ തന്ന നോട്ടീസ് വായിച്ചതു കുറ്റമാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കൈവശമുള്ള പുസ്തകങ്ങള്‍ അങ്ങൊഴിവാക്കാന്‍ തീരുമാനിച്ചെന്നായിരുന്നു സജിത് സുകുമാരന്‍ പറഞ്ഞത്. ഹെഡ്‌ഗേവാര്‍, ഗോള്‍വള്‍ക്കര്‍, സവര്‍ക്കര്‍ മുതലായ പൂര്‍ണമായും സുരക്ഷിത ഓപ്ഷനുകള്‍ സഹിക്കാന്‍ വയ്യാത്തതുകൊണ്ട് ഹരിനാമകീര്‍ത്തനം, ശ്രീമഹാഭാഗവതം, നാരായണീയം ഒക്കെ ഓരോന്നു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘മാവോ പിശകാകുമ്പോള്‍ മാര്‍ക്‌സും ലെനിനുമൊക്കെ കുഴപ്പമാകാതെ വയ്യല്ലോ. വാനരനില്‍ നിന്നു നരനിലേക്കൊരു വഴി നോക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന മറ്റേ താടിക്കാരനും റെഡ് സോണിലായിരിക്കുമല്ലോ’- സജിത് പറയുന്നു.
അമ്പതാം വയസ്സില്‍ തറയില്‍ക്കിടന്നാല്‍ നടുവേദന ജാസ്തിയാകുമെന്നും സര്‍ക്കാര്‍ ഭക്ഷണത്തോടു പ്രതിപത്തിയില്ലെന്നും സര്‍ക്കാരിനെയും പൊലീസിനെയും പരിഹസിച്ച് സജിത്ത് പറഞ്ഞു.
സി.പി.ഐ.എം അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ഇരുവരും പിന്നീട് പ്രതികരിച്ചു.
ഭരണകൂട ഭീകരതയാണെന്നാണ് അലന്‍ ഷുഹൈബ് ആരോപിച്ചത്. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.