കര്‍ഷകസമരത്തെ അധിക്ഷേപിച്ച സംഭവം: പൊലീസിന് മുന്‍പില്‍ ഹാജരാകാതെ കങ്കണ റണാവത്ത്
Entertainment news
കര്‍ഷകസമരത്തെ അധിക്ഷേപിച്ച സംഭവം: പൊലീസിന് മുന്‍പില്‍ ഹാജരാകാതെ കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd December 2021, 9:25 pm

മുംബൈ: കര്‍ഷകസമരത്തെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് ഓഫീസില്‍ ഹാജരാവാതെ ബോളിവുഡ് താരം കങ്കണ റണാവത്ത്. കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഖാലിസ്ഥാനി തീവ്രവാദികളെന്ന് വിളിച്ചതിന് പിന്നാലെ ഒരു സിഖ് സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് കങ്കണക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ കങ്കണക്ക് ഈ മാസം ആദ്യം പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഡിസംബര്‍ 22 ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നായിരുന്നു കങ്കണയുടെ അഭിഭാഷകര്‍ മുംബൈ കോടതിയില്‍ അറിയിച്ചിരുന്നത്.

മറ്റൊരു തീയതി ഹാജരാവാന്‍ നിര്‍ദേശിക്കണമെന്നാണ് കങ്കണയുടെ അഭിഭാഷകന്‍ ഇന്ന് ആവശ്യപ്പെട്ടത്. അടുത്ത വാദത്തിന് മുന്‍പായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മറ്റൊരു തീയതി നിര്‍ദേശിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തങ്ങളോട് പ്രതികരിക്കുകയോ ഫോണ്‍ എടുക്കുകയോ ചെയ്യുന്നില്ലെന്നും കങ്കണയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഏറ്റവും അടുത്ത ദിവസം പൊലീസിന് മുന്നില്‍ കങ്കണ ഹാജരാകുമെന്നും ഇനിയും പൊലീസ് ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെങ്കില്‍ അക്കാര്യം കോടതിക്ക് വിടുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക ഖാലിസ്ഥാനി ഭീകരര്‍ എന്ന് വിശേഷിപ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതോടെയാണ് വിവാദം തുടങ്ങിയത്.


സിഖ് സംഘടനയിലെ ചില അംഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295-എ വകുപ്പ് പ്രകാരം സമുദായത്തിന്റെ മതവികാരം ബോധപൂര്‍വം വ്രണപ്പെടുത്തിയെന്ന കറ്റം ചുമത്തിയാണ് കങ്കണക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: social-media-post-on-farmers-kangana-ranaut-fails-to-appear-before-mumbai-police