മയക്കുമരുന്നിന്റെ ലഭ്യത എളുപ്പമായതുകൊണ്ടാണ് സിനിമാക്കാര്‍ ഇപ്പോള്‍ കാസര്‍ഗോഡ് സിനിമ കേന്ദ്രീകരിക്കുന്നതെന്ന നിര്‍മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ശ്രാനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നീ താരങ്ങളുടെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശങ്ങള്‍.
സിനിമാരംഗത്തിനകത്തുനിന്നും പുറത്ത് നിന്നും വലിയ വിമര്‍ശനമാണ് തുടര്‍ന്ന് രഞ്ജിത്തിനെതിരെ ഉയര്‍ന്നത്. രഞ്ജിത്തിന്റെ പരാമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു പോസ്റ്റ് പ്രചരിക്കുകയാണ്. കാസര്‍ഗോഡ് എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിരിക്കുന്ന റെയില്‍വേ ബോര്‍ഡിന് മുകളില്‍ ‘നമ്മക്ക് സിനിമയാണ് ലഹരി’ എന്ന് എഴുതിയിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പോസ്റ്റ് പങ്കുവെക്കുന്നതിനൊപ്പം രഞ്ജിത്തിനെതിരായ പ്രതിഷേധവവും വിമര്‍ശനവും പലരും ഒപ്പം കുറിക്കുന്നുണ്ട്. ‘നിര്‍മാതാവ് രഞ്ജിത്തിന്റെ പ്രസ്താവന ശുദ്ധ അസംബന്ധം, അപലപനീയം. കലയെയും സംസ്‌കാരത്തെയും നെഞ്ചോട് ചേര്‍ത്ത് നിഷ്‌കളങ്ക സ്‌നേഹം സമ്മാനിക്കുന്ന കാസര്‍ഗോഡിനുള്ള പരിഗണനയാണ് ലൊക്കേഷന്‍ തേടി വടക്കോട്ടു വരാന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുന്നത്,’ എന്നാണ് പോസ്റ്റിനൊപ്പം വന്ന ഒരു കമന്റ്.
വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് രഞ്ജിത്ത് രംഗത്ത് വന്നിരുന്നു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്നും അത് തിരുത്തുന്നത് തന്റെ കടമയാണെന്നും ദി ക്യൂവിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.
‘കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്.
എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസര്‍ഗോഡുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു,’ രഞ്ജിത്ത് പറഞ്ഞു.
Content Highlight: social media post aganist producer ranjith became viral